ശങ്കര്‍ജിയുടെ അവിഭാജ്യ അംഗമായി തോളത്തു ഒരു ‘ഭൂദാനസഞ്ചി’യുണ്ടായിരുന്നു. തനിക്കാവശ്യമായ വസ്തുക്കളെല്ലാം അതിലുണ്ടായിരുന്നു. ആദ്യകാല പ്രചാരകന്മാര് എല്ലാം അങ്ങനെതന്നെയായിരുന്നു. ഒരുപക്ഷേ മുന്‍ പ്രാന്തപ്രചാരകന് ഭാസ്കര്‍റാവുവില്‍നിന്നു ശീലിച്ചതാകാം ആ സ്വഭാവം. ശങ്കര്‍ജിയുടെ പ്രചോദനം അദ്ദേഹത്തില്നിന്നായിരുന്നല്ലോ.
ചിറ്റൂര്‍ ശങ്കര്‍ജി ഇനി നമ്മുടെ കൂടെയില്ല എന്നറിഞ്ഞപ്പോള്‍ ഒട്ടേറെ വിചാരങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. അദ്ദേഹത്തിന്റെ അവസ്ഥ ഭഗവദ്ഗീതയിലെ സാത്വികന്റെതായിരുന്നു. ആ ലക്ഷണങ്ങള്‍ ഇത്രയും തികഞ്ഞ ആളുകളെ കാണാന്‍ പ്രയാസമാണ്.
മുക്തസംഗോനഹംവാദി
ധൃത്യുത്സാഹ സമന്വിത
സിദ്ധ്യസിദ്ധ്യോര്‍ നിര്വികാരാ
കര്ത്താസാത്വിക ഉച്യതേ
അദ്ദേഹത്തിന്റെ അവിഭാജ്യ അംഗമായി തോളത്തു ഒരു ‘ഭൂദാനസഞ്ചി’യുണ്ടായിരുന്നു. തനിക്കാവശ്യമായ വസ്തുക്കളെല്ലാം അതിലുണ്ടായിരുന്നു. ആദ്യകാല പ്രചാരകന്മാര് എല്ലാം അങ്ങനെതന്നെയായിരുന്നു. ഒരുപക്ഷേ മുന്‍ പ്രാന്തപ്രചാരകന് ഭാസ്കര്‍റാവുവില്‍നിന്നു ശീലിച്ചതാകാം ആ സ്വഭാവം. ശങ്കര്‍ജിയുടെ പ്രചോദനം അദ്ദേഹത്തില്നിന്നായിരുന്നല്ലോ.
സംഘം കുടുംബ പ്രസ്ഥാനമാണ് എന്ന പരമാര്‍ത്ഥത്തെ അദ്ദേഹം തികച്ചും ഉള്‍ക്കൊണ്ടിരുന്നു. അതിന്റെ പ്രകടരൂപമായ ശാഖയില്‍ പുരുഷന്മാര് മാത്രമേ പങ്കെടുക്കുന്നുവെന്നുള്ളതു ഒരു വശം മാത്രമാണല്ലൊ. ശങ്കര്ജിയെപ്പോലുള്ള പ്രചാരകര്‍ വീട്ടിലെ സകലരെയും സംഘത്തിന്റെ ഭാഗമാക്കുന്നതില്‍ വിജയിച്ചു. അദ്ദേഹം ഹോട്ടല്‍ ഭക്ഷണം കഴിക്കില്ല എന്ന ശീലം പുലര്‍ത്തിയിരുന്നു. അതും ആദ്യം മുതല്‍ നമ്മുടെ പ്രചാരകന്മാര് വളര്‍ത്തിയെടുത്ത ശീലമായിരുന്നു. ചില സ്വയംസേവകര്‍ നടത്തി വന്ന ചായക്കടകളില്‍ നിന്നുതന്നെ മൂന്നുനേരം കഴിക്കുന്ന പതിവുണ്ടായിരുന്നു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോടിനടുത്തുള്ള മുക്കാലി എന്ന സ്ഥലത്തു രാമന് നായര്‍ തന്റെ വീടിനോടു ചേര്‍ന്നു നടത്തിയ ചായക്കട തന്നെ അത്തരത്തിലൊന്നായിരുന്നു. ഇന്ന് അഖിലഭാരതീയ കാര്യകാരിണി സദസ്യനായ എസ്. സേതുമാധവന് ആ രാമന് നായരുടെ വീട്ടിലെ അംഗം തന്നെ ആയിട്ടാണ് പ്രചാരക ജീവിതത്തിന്റെ ആദ്യകാലം പിന്നിട്ടത്. രാമന് ചേട്ടനാകട്ടെ പില്ക്കാലത്ത് സംഘശിക്ഷാ വര്‍ഗുകളിലും ശിബിരങ്ങളിലും അടുക്കളച്ചുമതല വഹിച്ചുവന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കള്‍ വിദ്യാനികേതനിലും മറ്റും സമുന്നത ചുമതലകള്‍ വഹിക്കുകയും ചെയ്തു.
ശങ്കര്‍ജി അങ്ങനെയുള്ള കടകളില്‍ നിന്നു ഭക്ഷണം കഴിച്ചിരുന്നതല്ലാതെ വ്യാപാര സ്ഥാപനമായ ഹോട്ടലില്‍ പോകുന്നതൊഴിവാക്കി. വീടുകളില്‍ ചെല്ലുമ്പോള്‍ അവിടത്തെ കുട്ടികള്‍ക്ക് കൊടുക്കാന്‍ ഭാരതമാതാ, ഡോക്ടര്‍ജി, ഗുരുജി, ഗുരുവായൂരപ്പന്, മഹാലക്ഷ്മി, അയ്യപ്പസ്വാമി, ശ്രീരാമന് തുടങ്ങിയവരുടെ ചെറിയ ചിത്രങ്ങള്‍ കരുതിവയ്ക്കുമായിരുന്നു. കൂടെ ഒട്ടു പടങ്ങളും കാണും. അവ അവരുടെ പുസ്തകങ്ങളില്‍ ഒട്ടിച്ചുകൊടുക്കും.
രണ്ടുവര്‍ഷം മുന്‍പ് അന്തരിച്ച പച്ചാളം വിജയനായിരുന്നു ചിറ്റൂര്‍ ശാഖയുടെ ചുമതല കുറേക്കാലം വഹിച്ചിരുന്നത്. അതുമൂലം അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗത്തെപ്പോലെ ആയിരുന്നു. വിജയന്റെ സഹോദരിയാണ് എന്റെ സഹധര്‍മിണി. അത് അവര്‍ തമ്മില്‍ കുടുംബാംഗങ്ങളെന്നപോലെ മമത വളര്‍ത്താന്‍ ഇടയായി. കല്യാണ്‍ ആശ്രമത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൊടുപുഴയില്‍ വന്നപ്പോള്‍ ശങ്കര്‍ജി എന്റെ വീട്ടില്‍ വന്നു. മക്കള്‍ അനുവും മനുവും സ്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. അവരുടെ അടുത്ത കൂട്ടുകാരനായ ഒരു മുസ്ലിം ബാലനുമപ്പോള് വീട്ടിലുണ്ട്. അയാളും അവരോടൊപ്പം ശാഖയില്‍ പോകുകയും ശാഖയിലെ ചിട്ടവട്ടങ്ങള്‍ ശീലിക്കുകയും ചെയ്തിരുന്നു. ശങ്കര്‍ജി അവരുമൊത്തു കാരംസ് കളിക്കാനിരുന്നു. അപ്പോഴാണ് ആ കളിയില്‍ അദ്ദേഹം എത്ര സമര്‍ത്ഥനാണെന്ന് മനസ്സിലായത്. എതിരാളിക്ക് സ്ട്രൈക്ക് കൊടുക്കാതെ കളി മുഴുവിപ്പിച്ചതു കണ്ടു കുട്ടികള്‍ അമ്പരന്നു.
അദ്ദേഹം കോട്ടയത്തു പ്രചാരകനായിരുന്നപ്പോഴാണ് ഞാന്‍ പരിചയപ്പെട്ടത്. അന്ന് ഇന്നത്തെ ഭാരത് ആസ്പത്രിയിരിക്കുന്നതിനടുത്തായിരുന്നു കാര്യാലയം. സൗമ്യനും ശാന്തനും, എന്നാല്‍ ആഴമുള്ള വ്യക്തിത്വത്തിനുടമയും എന്ന് അന്നുതന്നെ തോന്നി. പിന്നീട് കുമാരനല്ലൂര്‍ സ്കൂളില്‍ നടത്തപ്പെട്ട രാഷ്ട്ര വികാസ സമിതിയുടെ ശിബിരത്തില്‍ ഒരു ബൗദ്ധിക്കിനായി ചെല്ലാന്‍ നിര്‍ദ്ദേശം കിട്ടിയപ്പോള്‍ അവിടെ ഒരു ദിവസം താമസിച്ചു. ആ ശിബിരം നടത്താന്‍ അദ്ദേഹം കടന്നുപോന്ന മാനസിക പ്രയാസങ്ങള്‍ വിവരിച്ചത് ഓര്‍ക്കുന്നു. അവയെ തരണം ചെയ്ത് ഒന്നും ആരെയും പ്രയാസപ്പെടുത്തക്ക സ്ഥിതിയിലെത്തിക്കാതെ കൊണ്ടുപോയതിലെ വൈദഗ്ദ്ധ്യം പ്രശംസനീയം തന്നെ.
രണ്ടുനാള്‍ മുന്‍പ് തലശ്ശേരിയില്‍ നിന്ന് സംഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന് വിളിച്ചു. അദ്ദേഹത്തിന്റെ മകള്‍ ആശ തലശ്ശേരി നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിക്കാനാണ് വിളിച്ചത്. അതിനുശേഷം ശങ്കര്‍ജിയുടെ വിവരം സംസാരിച്ചു. ചന്ദ്രേട്ടന് അനേകം വര്‍ഷങ്ങള്‍ വയനാട്ടിലെ മുട്ടില്‍ മെഡിക്കല്‍ മിഷന്റെ സെക്രട്ടറിയായിരുന്ന മെഡിക്കല്‍ മിഷനില്‍ വന്നപ്പോഴത്തെ അനുഭവങ്ങള്‍ ഹൃദയസ്പര്‍ശിയായി വിവരിച്ചു. ആസ്പത്രിയിലേക്കു ആവശ്യമായി വന്ന മരുന്നുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കു ലഭിക്കുന്ന സാമ്പിളുകളില്‍ നിന്നും, മെഡിക്കല്‍ ഷോപ്പുകളില്‍നിന്നും മറ്റും സംഭാവനയായി സ്വീകരിക്കുന്ന സമ്പ്രദായം വര്‍ഷങ്ങളായി നടന്നുവന്നിരുന്നു. അതിനു ചുമതലപ്പെട്ട പ്രവര്‍ത്തകരെ ജാഗരൂകരാക്കുന്നതിനും, ആ രീതി കാര്യക്ഷമമാക്കുന്നതിനും അദ്ദേഹം ചെയ്ത പ്രവര്‍ത്തനത്തെയാണ് ചന്ദ്രേട്ടന് പരാമര്‍ശിച്ചത്.
ശങ്കര്‍ജി കല്യാണാശ്രമത്തിന്റെ ചുമതലയിലായിരുന്നപ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലൊക്കെ പോകുമായിരുന്നു. അതിന്റെ ബൈഠക്കുകളുടെ ഭാഗമായിരിക്കുമത്. അവിടെയൊക്കെ മലയാളികളുമായുള്ള സമ്പര്‍ക്കവും, അവരുടെ സഹകരണം തേടലും തുടര്‍ന്നു. ഭാസ്കര്‍റാവുജി അവസാന വര്‍ഷങ്ങളില്‍ മുംബൈയിലായിരുന്നപ്പോള്‍ അദ്ദേഹം അതു കുറേക്കൂടി കൂടുതലായി ചെയ്തുവന്നു. ഭാസ്കര്‍റാവു അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കാനുള്ള ചുമതല എന്നിലാണര്പ്പിക്കപ്പെട്ടത്. അതിനായി അദ്ദേഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്കു വേദിയായിരുന്ന മുംബൈയില്‍ പോയി, സഹപ്രവര്‍ത്തകരെ കണ്ട് അഭിമുഖം നടത്തണമെന്ന ആശയം പ്രായോഗികമാക്കാന്‍ ശ്രമിച്ചു. അതിനായി തീയതികള്‍ നിശ്ചയിച്ചു. എട്ടുപത്തു ദിവസങ്ങള്‍ക്കകം മുംബൈയിലും പൂനെയിലുമായിട്ടാണ് സമയം ചെലവിടേണ്ടത്. അതിനായി പോയപ്പോള്‍ ആ പരിപാടികള്‍ ഏര്‍പ്പാടു ചെയ്യാന്‍ തന്റെ മുംബൈ യാത്രയ്ക്കിടയില്‍ ശങ്കര്‍ജി ചെയ്ത ഏര്‍പ്പാടുകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. രണ്ടിടങ്ങളിലുമായി ഞാന്‍ സന്ദര്‍ശിച്ച നൂറോളം പേരും ശങ്കര്ജിയുമായി ബന്ധപ്പെട്ടിരുന്നവര്‍ തന്നെ ആയിരുന്നു. താമസിച്ച വീടുകളിലെ സ്ത്രീകളുടെയും സ്ഥിതി അങ്ങനെ തന്നെ.
കല്യാണാശ്രമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ദേഹം സന്ദര്‍ശിക്കാത്ത സ്ഥലം ഭാരതത്തിലുണ്ടാവില്ല. അവിടത്തെ വീടുകളില്‍ അദ്ദേഹം കുട്ടികള്‍ക്ക് ഒട്ടുപടം കൊടുത്തിരിക്കും. ഇതിന്റെയൊക്കെ സ്ഥിതിവിവര ശേഖരണം നടത്തുന്ന അമേരിക്കന്‍ രീതി നമുക്കില്ലാത്തതിനാല്‍ ആകമാന സ്വഭാവം സങ്കല്‍പ്പിക്കാനേ കഴിയൂ.
അദ്ദേഹം ഒരു അനന്വയാലങ്കാരമായിരുന്നു.
ഗഗനം ഗഗനം പോലെ
സാഗരം സാഗരോപയം
രാമരാവണ യുദ്ധത്തിനുസമം
രാമരാവണ യുദ്ധമൊഴിഞ്ഞീല
ശങ്കര്ജിക്കു പകരംവയ്ക്കാനാരുമില്ല എന്നതാണ് ശരി. പക്ഷേ സംഘത്തില്‍ നികത്താന്‍ കഴിയാത്ത വിടവില്ലല്ലോ. സംഘവും അനന്വയാലങ്കാരമാണെന്ന് ഠേംഗ്ഡിജി പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: