കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് മുഖമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ച രണ്ട് പഞ്ചായത്തുകളിലും ഓണ്‍ലൈന്‍ യോഗം വിളിച്ച് തെരഞ്ഞെടുപ്പ് അവലോകനം നടത്തിയ കണ്ണൂര്‍ കോര്‍പറേഷനിലും എല്‍ഡിഎഫിന് തോല്‍വി സംഭവിച്ചത് പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ചയാവുന്നു. കേരളത്തിലൊരിടത്തും പ്രചാരണത്തിനിറങ്ങാത്ത മുഖ്യമന്ത്രി തന്റെ സ്വന്തം മണ്ഡലത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രി നേരിട്ടെത്തി നിര്‍മ്മാണം നടക്കുന്ന പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെ രണ്ടു പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് അവലോകനം നടത്തിയ കണ്ണൂര്‍ കോര്‍പറേഷനിലുമാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത്.
ധര്‍മ്മടം നിയോജകമണ്ഡലത്തിലെ സിപിഎം കോട്ടകളെന്നു അറിയപ്പെടുന്ന മുഴപ്പിലങ്ങാട് പഞ്ചായത്തിലും കടമ്പൂര് പഞ്ചായത്തിലുമാണ് കനത്ത തിരിച്ചടി ലഭിച്ചത്. ഇവ രണ്ടും ഏറെക്കാലമായി എല്‍ഡിഎഫ് ഭരണം നിലനില്ക്കുന്നവയാണ്. ഇതില്‍ കടമ്പൂര് പഞ്ചായത്തിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ തോറ്റു. കോണ്‍ഗ്രസ്സാണ് ഈ പഞ്ചായത്തില്‍ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് സ്വന്തം നാടായ പിണറായിയില്‍ എത്തിയപ്പോള്‍ ഈ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ലൈഫ് ഭവനപദ്ധതി മുഖ്യമന്ത്രി മുന്‍ പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം സന്ദര്‍ശിച്ചിരുന്നു. ഇവിടെ എല്‍ഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്ന ഉറച്ചവിശ്വാസമായിരുന്നു സിപിഎമ്മനുണ്ടായിരുന്നത്. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് അധികാരം നഷ്ടപ്പെട്ടുവെങ്കിലും ഭരണപരമായ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നാല് വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതാണ് ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലെത്തിച്ചു.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് അവലോകനം നടത്തിയ കണ്ണുര്‍ കോര്‍പറേഷനിലും എല്‍ഡിഎഫിന് ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഏഴിടങ്ങളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായി. 5 ഇടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയതും സിപിഎമ്മിന് തിരിച്ചടിയായി. ഒരിടത്ത് കോണ്‍ഗ്രസ് വിമതനും മറ്റൊരിടത്ത് എല്‍ഡിഎഫ് വിമതനും രണ്ടാം സ്ഥാനത്തെത്തി. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുകയും പ്രചാരണ രംഗത്ത് ബഹുദൂരം മുന്നേറുകയും ചെയ്ത എല്‍ഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയാണ് കോര്‍പ്പറേഷനില്‍ ഏറ്റുവാങ്ങേണ്ടി വന്നത്. പ്രചാരണവേളയില്‍ കണ്ണൂര്‍ ജില്ലയിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യമാണോ എല്‍ഡിഎഫിന് വിനയായത് എന്നാണ് ഇപ്പോള്‍ മുന്നണിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: