കൊച്ചി: യുവനടി അപമാനിക്കപ്പെട്ട സംഭവത്തിലെ പ്രതികള്‍ ലുലുമാളിനുള്ളില്‍ പ്രവേശിച്ചത് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കബളിപ്പിച്ചെന്നും വെളിപ്പെടുത്തല്‍. സമൂഹ മാധ്യമം വഴിയുള്ള യുവനടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വനിത കമ്മിഷന് സ്വമേധയാ കേസെടുക്കുകയും അടിയന്തിര നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ മാള്‍ ജീവനക്കാരെ കബളിപ്പിച്ചാണ് അകത്തുകടന്നതെന്ന് കണ്ടെത്തിയത്.
പ്രതികള്‍ മെട്രോ വഴിയാണ് മാളിലേക്ക് വന്നതും പോയതുമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സെക്യൂരിട്ടി ഉദ്യോഗസ്ഥര്‍ മുമ്പാകെ പേരോ ഫോണ്‍ നമ്പറോ നല്‍കാതെ മറ്റൊരാള്‍ക്ക് ഒപ്പമെന്ന വ്യാജേനയാണ് ഇരുവരും അകത്ത് കടക്കുകയായിരുന്നു. ആലുവ മുട്ടം ഭാഗത്തേക്കാണ് ഇവര്‍ പോയതന്ന് മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
മാളിനുള്ളില്‍ വെറുതെ കറങ്ങി നടന്ന ഇവര്‍ നടിയെ കണ്ടതോടെ താരത്തിന് അടുത്തേക്ക് ചെല്ലുകയായിരുന്നു. കൊച്ചി നഗരത്തില്‍ നിന്നാണ് ഇവര്‍ മാളിലേക്ക് എത്തിയയത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി രേഖപ്പെടുത്തും. നടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: