ബത്തേരി: ബത്തേരി മണ്ഡലത്തില്‍ ഇടതു വലതു മുന്നണികള്‍ വോട്ടുകച്ചവടം നടത്തിയെന്ന് ബിജെപി ബത്തേരി മണ്ഡലം പ്രസിഡന്റ് കെ. ബി മദന്‍ലാല്‍. ബിജെപി ജയിക്കും എന്ന് ഉറപ്പായ വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും ക്രോസ് വോട്ടിങ് നടത്തി. ജനാധിപത്യ മര്യാദകള്‍ ലംഘിച്ചുകൊണ്ടാണ് ഇരുപാര്‍ട്ടികളും വോട്ടുകച്ചവടം നടത്തിയത്.
മണ്ഡലത്തില്‍ ബിജെപി ആറിടത്ത് വിജയിച്ചു. 14 ഇടത്ത് രണ്ടാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തെത്തിയ എല്ലാ വാര്‍ഡുകളിലും എല്‍ഡിഎഫ് യുഡിഎഫ് വോട്ട് കച്ചവടം നടന്നിട്ടുണ്ട്. അതിന് ഉദാഹരണമാണ് മണ്ഡലത്തിലെ 5 പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നഷ്ടമായത്. പുല്‍പ്പള്ളി, മീനങ്ങാടി, നൂല്‍പ്പുഴ, പൂതാടി, നെന്മേനി എന്നീ പഞ്ചായത്തുകളാണ് എല്‍ഡിഎഫിന് കൈവിട്ടു പോയത്. ഇവിടെയെല്ലാം ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് യുഡിഎഫ് സഖ്യം ഉയര്‍ന്നുവന്നിരുന്നു.
തൊട്ടപ്പന് കുളത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയെ കൂട്ടുപിടിച്ചാണ് സിപിഎം അധികാരത്തില്‍ എത്തിയത്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ആകെ കിട്ടിയത് 12 വോട്ട്. 132 വോട്ട് ഉണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ഇത്തവണ 12ലേക്ക് ചുരുങ്ങിയത്. ഇവരുടെ ബാക്കി വോട്ടുകള്‍ സിപിഎമ്മിലേക്ക് പോയി. അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മാത്രമേ സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നുള്ളൂ. ഈ ക്രോസ് വോട്ട് മറികടന്ന് ബിജെപി നേടിയത് തിളക്കമാര്‍ന്ന വിജയമാണ്.
പൂതാടി പഞ്ചായത്തിലെ നെല്ലിക്കരയില്‍ ക്രോസ് വോട്ട് ചെയ്തിട്ടും ബിജെപി സ്ഥാനാര്‍ത്ഥി തന്നെ വിജയിച്ചു. സിപിഎമ്മിന് കനത്ത പരാജയം ആണ് മണ്ഡലത്തില്‍ സംഭവിച്ചിട്ടുള്ളത്. ക്രോസ് വോട്ട് ഇല്ലായിരുന്നെങ്കില്‍ കൂടുതല്‍ വാര്‍ഡുകള്‍ പിടിച്ചെടുക്കുമായിരുന്നുവെന്നും ഇപ്പോള്‍ നേടിയ വിജയം തിളക്കം ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: