മൂന്നാര്‍: ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മൂന്നാറില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ നോക്കുകുത്തിയായതോടെ പാര്‍ക്കിങ് തോന്നിയപടിയായി. മൂന്നാറിലെ ശൈത്യകാല ടൂറിസം സീസണ് ആയതോടെ സഞ്ചാരികളുടെ വര്‍വ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ അനധികൃത പാര്‍ക്കിങ് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനാണ് ഇട വരുത്തുന്നത്.
വീതി കുറഞ്ഞ ടൗണിലെ പ്രധാന പാതയില്‍ ഇരുവശങ്ങളിലുമുള്ള അനധികൃത പാര്‍ക്കിങ് വാഹനങ്ങളെയും കാല്‍നട യാത്രക്കാരെയും ഒരു പോലെ വലക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നു പോകുന്ന മൂന്നാര്‍ മാര്‍ക്കറ്റിനു സമീപത്തുള്ള ജിഎച്ച് റോഡിലും, മാട്ടുപ്പെട്ടി റോഡിലുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപ്പെടുന്നത്. ഇതു മൂലം സഞ്ചാരികള്‍ക്ക് മണിക്കൂറുകളാണ് കാത്തുനില്‍ക്കേണ്ടി വരുന്നത്. പാര്‍ക്കിങ് നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ അവഗണിച്ച് അതിനു സമീപം തന്നെ നിരവധി വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ട്.
മൂന്നാര്‍ ടൗണിലെ ഗാന്ധി പ്രതിമയ്ക്കുസമീപമുള്ള ടൗണ്‍ ജങ്ഷനിലെ ഇരുചക്രവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങും യാത്രക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. മൂന്നാര്‍ ടൗണിലെ വിവിധയിടങ്ങളിലായുള്ള ഓട്ടോ സ്റ്റാന്‍ഡുകളില്‍ നിര്‍ത്തിയിടുന്ന ഓട്ടോകള്‍ക്ക് മാസങ്ങള്‍ക്കു മുമ്പ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ബദലായുള്ള പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി നല്‍കാതെ വന്നതോടെ വീണ്ടും സ്റ്റാന്‍ഡുകളിലെ വാഹന പാര്‍ക്കിങ് പഴയതു പോലെയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: