മുന്നോട്ടുള്ള പദ്ധതി വിഷയം ചര്‍ച്ച ചെയ്യാനായി ജീജാബായിയെ കാണാന്‍ നേതാജി രാജഗഢിലേക്ക് പോയി. രാജമാത അവിടെ കൈപ്പിടിയിലൊതുങ്ങുന്ന സൈന്യവുമായി ശയിസ്തേഖാന്റെ പ്രചണ്ഡ സൈനികശക്തിയെ നേരിടുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. ഒറ്റയ്ക്കായിരുന്നിട്ടും അവര്‍ സ്വരാജ്യത്തെ രക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. പതിനൊന്നു മാസമായി അവര്‍ പുത്രനെ കണ്ടിട്ടില്ല, ഇനി കാണാന്‍ സാധിക്കുമോ എന്നുറപ്പില്ല. അതിനാല്‍ രാജമാതാ വ്യാകുലപ്പെട്ടിരിക്കയായിരുന്നു. ശിവരാജയെ മോചിപ്പിക്കാന്‍ സമര്‍ത്ഥരായ ആരേയും കാണുന്നില്ല. ഓരോരുത്തരും അവരവരുടെ സ്ഥാനത്ത് സ്വരാജ്യത്തിന്റെ ജീവന്മരണ പോരാട്ടത്തില്‍ വ്യാപൃതരായിരിക്കയാണ്. അവസാനം ജീജാബായി സ്വയം പുത്രനെ മോചിപ്പിക്കാന്‍ തയ്യാറായി. എന്തു ചെയ്യണമെന്നറിയാതെ രാജഗഢില്‍ എല്ലാവരും പരിഭ്രാന്തരായി.
അപ്പോഴേക്കും നേതാജി പാല്ക്കര് അവിടെ എത്തി. സമയത്തിന് എത്തിച്ചേന്ന സര്‍വ്വസൈന്യാധിപനെ കണ്ട് എല്ലാവര്ക്കും സമാധാനമായി. നേതാജിയുടെ കൂടെ സിദ്ദിഹിലാല്‍ ഉണ്ടായിരുന്നു. മഹാരാജാവിനെ രക്ഷിക്കാന്‍ രാജമാതാ സ്വയം പുറപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ നേതാജി ലജ്ജിച്ച് മുഖം താഴ്ത്തിനിന്നു. രണ്ടുപേരേയും കണ്ട ജീജാബായി ക്രുദ്ധയായി. താങ്കളുടെ രാജാവ് ആപത്തില്‍ അകപ്പെട്ടിരിക്കയാണ്. യുദ്ധമുഖത്തുനിന്നും പിന്തിരിഞ്ഞോടാന് (പലായനം ചെയ്യാന്‍) നിങ്ങള്‍ക്ക് ലജ്ജയില്ലേ? ശിവനെ മോചിപ്പിക്കാന്‍ ഞാന്‍ തന്നെ പോകാം എന്ന മാതൃഹൃദയത്തിന്റെ വ്യാകുലത മനസ്സിലാക്കിയ നേതാജി അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ക്ഷണനേരം പോലും വിശ്രമമെടുക്കാതെ അവിടുന്ന് പുറപ്പെട്ടു.
പന്‍ഹാളക്കോട്ടയില്‍ ശിവാജി ചിന്താമഗ്നനായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓരോ കണക്കുകൂട്ടലും പരാജയപ്പെട്ടുക്കൊണ്ടിരിക്കയായിരുന്നു. മഴക്കാലത്ത് ശത്രുവിന്റെ സൈന്യവ്യൂഹം ശിഥിലമാകും എന്ന പ്രതീക്ഷയും നഷ്ടപ്പെട്ടു. നേതാജി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കിയുള്ളത്. നേതാജി പുറത്തുനിന്ന് ആക്രമണം നടത്തിയാല്‍, കോട്ടയുടെ സുരക്ഷാ വലയം ദുര്‍ബ്ബലപ്പെടും. അപ്പോള്‍ പുറത്തുകടക്കാം എന്നായിരുന്നു ശിവാജിയുടെ അന്തിമ പ്രതീക്ഷ. അതുപോലെ തന്നെ ഒരു ദിവസം മറാഠാ സൈന്യം ജൗഹറിന്റെ സൈന്യത്തിനു മേല്‍ ആക്രമണം നടത്തി. ദൂരത്ത് നിന്ന് രാജേ അതുകണ്ടു. അദ്ദേഹത്തിന്റെ അന്തിമമായ പ്രതീക്ഷ ഫലിക്കുമെന്നു തോന്നി സന്തോഷിച്ചു.
എന്നാല്‍ അനുഭവ സമ്പന്നനായ സിദ്ദി ജൗഹര്‍ മറാഠാകളുടെ ഈ ആക്രമണത്തിന്റെ പിന്നിലെ ഉദ്ദേശ്യം എന്തെന്ന് മനസ്സിലാക്കി. ദുര്‍ഗത്തിന്റെ സുരക്ഷയില്‍ യാതൊരു കുറവും വരുത്താതെ സുരക്ഷാ വ്യവസ്ഥ ഒന്നുകൂടി ശക്തിപ്പെടുത്തി. നേതാജിക്ക് ദുര്‍ഗത്തിന്റെ അടുത്ത് എത്താന്‍ സാധിക്കാത്തവിധം അവരോധം ഏര്‍പ്പെടുത്തി. എന്നിട്ടും നേതാജിയും സിദ്ദിഹിലാലും എല്ലാവിധത്തിലും പ്രയത്നിച്ച് ശത്രുവ്യൂഹം തകര്‍ത്ത് മുന്നേറിക്കൊണ്ടിരുന്നു. അതിനിടയ്ക്ക് സിദ്ദിഹിലാലിന്റെ മകന് നിലംപതിച്ചു. അതുകണ്ട സിദ്ദിഹിലാല്‍ അങ്ങോട്ടേക്കോടി. ഹിലാല്‍ ഓടുന്നതുകണ്ട് അദ്ദേഹത്തിന്റെ സൈനികരും ഓടി. ഇത് ശിവാജിയുടെ കഷ്ടകാലമായിരുന്നു. നിരാശനായ നേതാജിക്കും തിരിച്ചുപോകേണ്ടിവന്നു. കോട്ടയിലെ ആഹാരപദാര്‍ത്ഥങ്ങള്‍ അവസാനിച്ചാല്‍ ശിവാജി കീഴടങ്ങുകതന്നെ ചെയ്യും. അതുവരെ കോട്ടയുടെ പ്രതിരോധത്തില്‍ യാതൊരു കുറ്റവും കുറവുകളും ഉണ്ടാവരുതെന്ന് സിദ്ദിയും നിശ്ചയിച്ചു. നേതാജിയുടെ പ്രയത്നം വിഫലമായതോടെ ശിവരാജേയുടെ അവസാന പ്രതീക്ഷയും നശിച്ചു. ശിവരാജേയ്ക്കും സ്വരാജ്യത്തിനും വന്ന ഈ വിപത്ത് അഫ്സല്‍ഖാനില്‍ നിന്നുണ്ടായതിനേക്കാള്‍ ഭീകരവും പ്രാണാപഹാരിയും ആയിരുന്നു.
(തുടരും) മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: