തിരുവനന്തപുരം: ലോകത്താകെയുളള കേരളീയരുടെ കൂട്ടായ്മയ്ക്കും പരസ്പര സഹകരണത്തിനു പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്തിന്റെ വികസനത്തിന് പ്രവര്‍ത്തിക്കുന്നതിനുമായി രൂപീകരിച്ച ലോക കേരള സഭ സംശയത്തിന്റെ നിഴലില്‍. ലോക കേരള സഭയ്ക്കായി സംസ്ഥാന ഖജനാവില്‍നിന്ന് തുലച്ചത് കോടികള്‍. എന്നാല്‍ പ്രവാസി ക്ഷേമത്തിനായി ഒന്നും നടത്തിയതുമില്ല.
2018 ജനുവരി 12, 13 തീയതികളില്‍ നിയമസഭാ സമുച്ചയത്തിലാണ് ലോക കേരള സഭയുടെ ഒന്നാം സമ്മേളനം നടന്നത്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള വ്യാവസായിക പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ ആശയത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ മേഖലാ സമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. സമ്മേളനം നടന്നത് ദുബായില്‍ മാത്രം. 2019 ഫെബ്രുവരിയില്‍ ആയിരുന്നു സമ്മേളനം.
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. മന്ത്രി കെ.ടി. ജലീല്‍ മുഖ്യാതിഥിയായിരുന്നു. സമ്മേളന നടത്തിപ്പിലേക്കു നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ദുബായിലേക്ക് പറക്കുകയും ചെയ്തു. ഇതിലേക്കു വേണ്ടി ചെലവഴിച്ചതാകട്ടെ 18,40,670 രൂപ. ലോക കേരള സഭയ്ക്കായി പോയവര്‍ ഒരാഴ്ചയോളം ദുബായില്‍ തങ്ങുകയും ചെയ്തു. നിരവധി വ്യവസായികളുമായി ഔദ്യോഗികമല്ലാതെ ഇവര്‍ ചര്‍ച്ച നടത്തിയതായി അറിയുന്നു.
ദുബായ് സമ്മേളനത്തിനു ശേഷമാണ് രണ്ടാം ലോക കേരള സഭ നടക്കുന്നത്. 2020 ജനുവരി 2, 3 തീയതികളിലായിരുന്നു അത്. സമ്മേളനത്തിനായി നിയമസഭാ മന്ദിരത്തിലെ ശങ്കര നാരായണന് തമ്പി ഹാള്‍ പുതുക്കിപ്പണിതു. ഇതിലേക്കായി വിനിയോഗിച്ചത് 16 കോടി രൂപ. ഹാള്‍ നിയമസഭാ മന്ദിരത്തിലായതിനാല്‍ മറ്റ് സര്‍ക്കാര്‍ പരിപാടികള്‍ക്കൊന്നും വിനിയോഗിക്കാന്‍ സാധിക്കില്ല. അതിനാല്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഹാള്‍ നവീകരിച്ചതിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.
കേരള നിയമസഭയിലെയും പാര്‍ലമെന്റ് അംഗങ്ങളെയും കൂടാതെ പ്രവാസികളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരുമാണ് സഭയിലെ അംഗങ്ങള്‍. സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസികളെയാണ് അംഗങ്ങളാക്കിയതെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. അംഗമാക്കുന്നതിനായി പാര്‍ട്ടി ഫണ്ട് നല്‍കിയവരുണ്ട്. സഭയില്‍ പങ്കെടുക്കാന്‍ വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് നയതന്ത്ര പ്രതിനിധികള്‍ക്ക് നല്കുന്നതു പോലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പരിരക്ഷയും നല്‍കിയിരുന്നു. പ്രളയക്കെടുതിയെ തുടര്‍ന്ന് എല്ലാ ചെലവുകളും സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയപ്പോള്‍ ലോക കേരള സഭയില്‍ എത്തിയവര്‍ക്ക് രണ്ട് ദിവസത്തെ ഭക്ഷണത്തിനായി ചെലവഴിച്ചത് അരക്കോടിയിലധികം രൂപ. ഇതും വിവാദത്തിന് ഇട നല്‍കിയിരുന്നു.
ഒന്നാം ലോക കേരള സഭയ്ക്ക് ചെലവഴിച്ചത് 2.48 കോടി രൂപ. രണ്ടാം ലോക കേരള സഭയുടെ ചെലവു കണക്ക് ഇതുവരെയും പുറത്ത് വന്നിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി സിനിമാ താരങ്ങളുടെ നൃത്ത പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വിദേശത്ത് നിന്ന് വന്നവരായിരുന്നു അധികവും. ഇതും സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്.
ഇ ഡിയുടെ നിരീക്ഷണത്തില്‍
കൊച്ചി: വിദേശ മലയാളികളുടെ സഹകരണം ഉറപ്പാക്കാനും അവരെ ആദരിക്കാനും പിണറായി സര്‍ക്കാര്‍ നടത്തിയ ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന്റെ നടത്തിപ്പിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. പ്രതിപക്ഷ കക്ഷികള്‍ നിസ്സഹകരിച്ച സമ്മേളനത്തില്‍ പങ്കെടുത്തവരെക്കുറിച്ചും അവരെ തെരഞ്ഞെടുത്ത രീതിയും മാനദണ്ഡവും ചെലവും സംബന്ധിച്ചാണ് വിശകലനം നടത്തുന്നത്.
ലോക കേരളസഭ ധൂര്‍ത്താണെന്നും 2018 ലെ ആദ്യസഭയുടെ തീരുമാനങ്ങളും കൂടിയാലോചനകളും ഒന്നും നടപ്പായില്ലെന്നുമായിരുന്നു വിമര്‍ശനം. യുഡിഎഫ് ബഹിഷ്കരിച്ചപ്പോഴും മുസ്ലിംലീഗ് സര്‍ക്കാരിനൊപ്പമാണെന്ന പ്രതീതിയുണ്ടാക്കി. സഭയില്‍ പങ്കെടുത്ത പ്രവാസികളുടെയും മുന്‍പ്രവാസികളുടെയും പട്ടികയില്‍ ഉണ്ടായിരുന്ന ചിലരെക്കുറിച്ച് ഇ ഡിക്ക് പരാതികള്‍ കിട്ടിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ പരാതികളില്‍ കഴമ്പുണ്ടെന്നും ബോധ്യപ്പെട്ടു.
നോര്‍ക്ക-പ്രവാസികാര്യ വകുപ്പാണ് കേരളസഭ നടത്തിയത്. മുഖ്യമന്ത്രിയുടെ വകുപ്പാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറായിരുന്നു നടത്തിപ്പുകാരന്. വിദേശങ്ങളിലെ സഹായ-സഹകരണങ്ങള്‍ക്ക് ശിവശങ്കര്‍, സ്വപ്ന സുരേഷിന്റെ സഹായം തേടിയിരുന്നു. നിയമസഭാ സ്പീക്കര്‍ ആയിരുന്നു സംഘാടന അധ്യക്ഷന്‍. ചെലവ് ധൂര്‍ത്താണെന്ന ആക്ഷേപത്തിനു പുറമെ ഒട്ടേറെ സാമ്പത്തിക ഇടപാട് ആക്ഷേപങ്ങളും ലോക കേരളസഭയ്ക്കെതിരെ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: