കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കണ്ണൂരില്‍ ഇക്കുറി മൂന്ന് മുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞകാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ജില്ലാ പഞ്ചായത്ത്, കോര്പ്പറേഷന്, ബ്ലോക്ക് ഡിവിഷനുകളിലും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ശക്തമായ പ്രചരണവുമായി രംഗത്തുളളതിനാല്‍ കഴിഞ്ഞകാലങ്ങളില്‍ ഇടതും വലതും കുത്തകയാക്കിവെച്ച സ്ഥലങ്ങളിലെല്ലാം ഫലം പ്രവചനാതീതമാണ്. ഇതുവരെ പ്രാതിനിധ്യമില്ലാതിരുന്ന കണ്ണൂര്‍ ജില്ലയിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, കോര്പ്പറേഷന് ഡിവിഷനുകളില്‍ പ്രാതിനിധ്യം ഉറപ്പിക്കുകയും ഒപ്പം ചില പഞ്ചായത്തുകളിലെങ്കിലും അധികാരം നേടുകയും ചെയ്യാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ.
24 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുളള ഡിവിഷനുകളായ കൊളവല്ലൂര്‍, പേരാവൂര്‍, പരിയാരം തുടങ്ങി സ്ഥലങ്ങളില്‍ വിജയപ്രതീക്ഷയിലാണ് എന്‍ഡിഎ. ജില്ലാ പഞ്ചായത്ത് രൂപം കൊണ്ടതു മുതല്‍ ഇന്നുവരെ എല്‍ഡിഎഫ് മാത്രമാണ് ഭരണം കൈയാളിയിട്ടുളളത്. 55 ഡിവിഷനുകളുള്ള കണ്ണൂര്‍ കോര്‍പ്പറേഷനിലാകട്ടെ കഴിഞ്ഞ തവണ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട ടെമ്പിള്‍, പളളിക്കുന്ന് വാര്‍ഡുകളടക്കം ഒമ്പതോളം ഡിവിഷനുകളില്‍ ഇത്തവണ വിജയപ്രതീക്ഷയിലാണ് എന്‍ഡിഎ മുന്നണി. കഴിഞ്ഞതവണ 5 വര്‍ഷക്കാലം കോണ്‍ഗ്രസ് റിബലിന്റെ പിന്‍ബലത്തില്‍ ഇടതും വലതും മാറിമാറി ഭരിച്ച കോര്‍പ്പറേഷനില്‍ ഒരു ഡിവിഷനിലൊഴികെ മറ്റെല്ലായിടത്തും ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കോര്പ്പറേഷന് രൂപംകൊണ്ട കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പ്രാതിനിധ്യം ഇല്ലായിരുന്നു.
സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് പ്രാതിനിധ്യം ഇല്ലാതിരുന്ന ഏക കോര്‍പ്പറേഷനായിരുന്നു കണ്ണൂര്‍. ജില്ലയിലെ 11 ബ്ലോക് പഞ്ചായത്തുകളിലായി 149 ഡിവിഷനുകളാണ് ഉളളത്. ബ്ലോക് ഡിവിഷനുകളിലും ഇത്തവണ സാന്നിധ്യം ഉറപ്പിക്കാനുളള തയ്യാറെടുപ്പുകളുമായാണ് എന്‍ഡിഎ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. എട്ട് നഗരസഭകളിലായി 289 വാര്‍ഡുകളാണ് ജില്ലയില്‍ ഉളളത്. കഴിഞ്ഞതവണ തലശ്ശേരി, ഇരിട്ടി, പാനൂര്‍ എന്നിവിടങ്ങളില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായിരുന്നു. തളിപ്പറമ്പ് നഗരസഭയിലും പ്രാതിനിധ്യം ഉണ്ടായിരുന്നു. പ്രാതിനിധ്യം ഇല്ലാതിരുന്ന ശ്രീകണ്ഠപുരം, പയ്യന്നൂര്‍, ആന്തൂര്‍, കൂത്തുപറമ്പ് നഗരസഭകളിലും ഇക്കുറി സാന്നിധ്യം ഉറപ്പിക്കാനുളള പോരാട്ടത്തിലാണ് എന്‍ഡിഎ മുന്നണി. 71 ഗ്രാമപഞ്ചായത്തുകളില്‍ 1166 വാര്‍ഡുകളാണുളളത്. നിരവധി സ്ഥലങ്ങളില്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞതവണ പ്രാതിനിധ്യം ഉണ്ടായിരുന്നു. ഇത്തവണ പാനൂര്‍മേഖലയില്‍ പാട്യം, മൊകേരി, ധര്‍മ്മടം തുടങ്ങി വിവിധ പഞ്ചായത്തുകളില്‍ അധികാരത്തിലെത്താനുളള ശ്രമത്തിലാണ് എന്‍ഡിഎ മുന്നണി.
സംസ്ഥാനത്താകമാനം എന്‍ഡിഎയ്ക്ക് അനുകൂലമായി നിലനില്‍ക്കുന്ന അന്തരീക്ഷം കണ്ണൂരിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലും യുഡിഎഫിന് സ്വാധീനമുളള മേഖലകളിലും ദൃശ്യമാണ്. കണ്ണൂരുകാരനായ മുഖ്യമന്ത്രി നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരേയും ജില്ലയില്‍ നിന്നുതന്നെയുളള പാര്‍ട്ടി സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് കേസില്‍പ്പെട്ട് ജയിലില്‍ കിടക്കുന്നതും തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയാണ് എന്നതും യുഡിഎഫിലെ ശൈഥില്യവും സംസ്ഥാനത്തെ മറ്റിടങ്ങളിലേതിന് സമാനമായ മുന്നേറ്റം എന്‍ഡിഎക്ക് ജില്ലയിലുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: