തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലില്‍ സന്ദര്‍ശിച്ചെന്ന ആരോപണത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ രംഗത്തെത്തിയ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് കുരുക്കില്‍. ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ തന്നെയും കുടുംബാംഗങ്ങളേയും വകവരുത്തുമെന്ന് ചിലര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയെ അറിയിച്ചതോടെ സുരേന്ദ്രന്റെ ആരോപണം ശരിയാണെന്ന് തെളിയുകയാണ്.
നേരത്തേ, ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ് സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് ജയിലില്‍ അനധികൃതമായി സന്ദര്‍ശക സൗകര്യം നല്‍കിയിട്ടില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ഋഷിരാജ് സിംഗ് സുരേന്ദ്രന് അയച്ച കത്തില്‍ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലില്‍ സന്ദര്‍ശിച്ചെന്നായിരുന്നു നേരത്തേ സുരേന്ദ്രന് ആരോപിച്ചത്. ഇത്തരം കൂടിക്കാഴ്ചയ്ക്ക് ജയില്‍ സൂപ്രണ്ട് കൂട്ടുനിന്നെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍.
അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വധഭീഷണിയുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖല ജയില്‍ ഡിഐ ജിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടതായും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്നലെയാണ് ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ തന്നെയും കുടുംബാംഗങ്ങളേയും വകവരുത്തുമെന്ന് ചിലര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കോടതിയിടപെട്ട് ജയിലില്‍ സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഒരു വനിത ഗാര്‍ഡിനെ സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജയിലിന്ന് പുറത്ത് കൂടുതല്‍ സായുധ പൊലീസിനെയും വിന്യസിച്ചു. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ ജയിലിനുള്ളില്‍ കണ്ടിട്ടില്ലെന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: