ഇടുക്കി: കൊറോണയുടെ ആശങ്കയിലും ഇടുക്കിയില്‍ കനത്ത പോളിങ്. ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ 74.51 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണ 78.33% ആയിരുന്നു. രാവിലെ കുതിച്ചുയര്‍ന്ന പോളിങ് ഉച്ചകഴിഞ്ഞ് മന്ദഗതിയിലായെങ്കിലും വൈകിട്ടോടെ വീണ്ടുമുയര്‍ന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ഏതാനം ആഴ്ചകളായി ജില്ലയിലെ കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. മുന്നണികളും വോട്ടിങ് ശതമാനം കുത്തനെ ഇടിയുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും എല്ലാ ആശങ്കയും ഇല്ലാതാക്കി സമ്മതിദായകര്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
പോസ്റ്റല്‍ വോട്ടുകളും അവസാന കണക്കുകളും വരുമ്പോള്‍ വോട്ടിങ് ശതമാനം ഇനിയും ഉയരും. കാര്യമായ അനിഷ്ട സംഭവങ്ങളും പ്രശ്നങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൊടുപുഴ നഗരസഭയില്‍ 82.11 ശതമാനമാണ് വോട്ടിംങ് നില. കട്ടപ്പനയില്‍ 74.57 ഉം കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 64 ശതമാനവുമാണ് കണക്ക്. ഇടമലക്കുടിയില്‍ 8% വോട്ട് കുറഞ്ഞു. കനത്ത മഴയും കൊറോണ ആശങ്കയുമാണ് വോട്ട് കുറയാന്‍ കാരണം.
പഞ്ചായത്തുകളിലെ കണക്ക് ലഭ്യമാകുന്നതെയുള്ളൂ. 5 ട്രാന്‍സ്ജെന്‍ഡറില്‍ ഒരാളും വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച പോളിങ്ങിന് ആദ്യ മണിക്കൂറുകളില്‍ സമ്മതിദായകരുടെ നീണ്ട നിരയായിരുന്നു. പലയിടത്തും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ല. ഉച്ചയ്ക്ക് 12 മണിയോടെ 42.81% പോളിങ് ശതമാനം പിന്നിട്ടു. തൊടുപുഴയിലും കട്ടപ്പനയിലും മെഷീന് പണിമുടക്കിയതിനെത്തുടര്‍ന്ന് അരമണിക്കൂറോളം ഇവിടുത്തെ ബൂത്തുകളില്‍ വോട്ടിംങ് തടസപ്പെട്ടു.
ജില്ലയില്‍ മൂന്നാറിലടക്കം നിരവധിയിടങ്ങളില്‍ കൊറോണ രോഗികളും വോട്ട് ചെയ്യാനെത്തി. മൂന്നാറിലെ പോതമേട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ മദ്യ സല്‍ക്കാരം നടത്തിയതിന് പോലീസ് പിടിയിലായി. തൊടുപുഴ നഗരസഭയിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍ വീട്ടുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച് ക്വാറന്റൈനിലിരുന്നയാള് പിപിഇ കിറ്റ് ധരിക്കാതെ വോട്ട് ചെയ്തത് വലിയ തര്‍ക്കത്തിന് ഇടയാക്കി. യുഡിഎഫിന്റെ ആളുകളുടെ നേതൃത്വത്തിലാണ് ആളെ സ്ഥലത്തെത്തിച്ചത്. ഇത് മറ്റ് എന്ഡിഎയെയുടെ പ്രവര്‍ത്തകര്‍ തടഞ്ഞെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ വോട്ടിന് സൗകര്യം ഒരുക്കുകയായിരുന്നു. കട്ടപ്പന വള്ളക്കടവില്‍ കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി.
ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ഫസ്റ്റ് പ്രിസൈസിംഗ് ഓഫീസര്‍ മിനി ദേവസ്യയെ ആശുപത്രിയിലേക്ക് മാറ്റി. മുരിക്കാശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ്. വാഴത്തോപ്പ് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ബൂത്തില്‍ ഡ്യൂട്ടിയിലിരിക്കെ വൈകിട്ടാണ് സംഭവം. കുമ്പംകല്ല് ബിടിഎം എല്‍പി സ്കൂളില്‍ ഇടത്-വലത് പ്രവര്‍ത്തകര്‍ കൊറോണ മാനദണ്ഡം പാലിക്കാതെ കൂട്ടം കൂടിയത് വാര്‍ത്തയാക്കിയ ജനം ടിവി സംഘത്തിനെതിരെ കൈയേറ്റ ശ്രമവും അസഭ്യ വര്‍ഷവും ഉണ്ടായി. ലൈവ് വാര്‍ത്തയ്ക്കിടെയാണ് സംഭവം. പിന്നീട് വന്‍ പോലീസ് സംഘമെത്തി ഇവരെയെല്ലാം പുറത്താക്കിയാണ് വോട്ടെടുപ്പ് നടത്തിയത്. അതേ സമയം വോട്ടെടുപ്പിലുണ്ടായ നേരിയ കുറവ് ഏത് തരത്തില്‍ ബാധിക്കുമെന്നതിന്റെ കൂട്ടലും കിഴിക്കലിലുമാണ് മുന്നണികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: