ഇടുക്കി: വനത്തിനുള്ളില്‍ ക്വാറന്റൈനില്‍ കഴിയുന്ന വാച്ചര്‍മാരെ സാഹസികമായെത്തി പോസ്റ്റല്‍ വോട്ടുചെയ്യിച്ചു. മൂന്നാറിലെ പാമ്പാടുംഷോല നാഷണല്‍ പാര്‍ക്കിനുള്ളിലാണ് വോട്ടു ചെയ്യിക്കാനായി പോളിംഗ് ഉദ്യോഗസ്ഥര്‍ കൊടുംവനത്തിലൂടെ 12 കിലോമീറ്റര്‍ സഞ്ചരിച്ചത്. പാമ്പാടും ഷോല നാഷണല്‍ പാര്‍ക്കിലെ ജീവനക്കാരിലൊരാളിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബാക്കി ജീവനക്കാരെല്ലാം ക്വാറന്റൈനില്‍ പോകേണ്ടി വന്നു.
കൊടുംവനത്തിനുള്ളിലെ ക്യാമ്പ് ഷെഡില്‍ ക്വാറന്റൈനില്‍ കഴിയുന്ന വാച്ചര്‍മാരായ സെന്‍കുമാര്‍, വിഘ്നേഷ്, കുബേന്ദ്രന്‍ എന്നിവരുടെ വോട്ട് മുടങ്ങുമെന്ന സാഹചര്യത്തിലാണ് പാമ്പാടുംഷോല നാഷണല്‍പാര്‍ക്ക് റേഞ്ച് ഓഫീസര്‍ എം.കെ. ഷെമീര്‍ വട്ടവട പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കാനാവുമോയെന്ന് ആരാഞ്ഞത്.
പിന്നീട് പഞ്ചായത്ത് സെക്രട്ടറിയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ക്വാറന്റൈനില്‍ കഴിയുന്ന വാച്ചര്‍മാര്‍ക്കു പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. ഞായറാഴ്ച പ്രത്യേക പോളിംഗ് ഉദ്യോഗസ്ഥരായ ജോസഫ് പിഎം, രതീഷ് ആര് ഡ്രൈവര്‍ മുത്തുസ്വാമി എന്നിവരുള്‍പ്പെട്ട സംഘം സാഹസികമായി വനത്തിനുള്ളിലെ ക്യാമ്പ് ഷെഡിലെത്തി മൂവരുടെയും പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യിപ്പിച്ചു.
വട്ടവട പഞ്ചായത്ത് ആറ്, മൂന്ന് വാര്‍ഡുകളിലാണ് വാച്ചര്‍മാര്‍ക്കു വോട്ടുള്ളത്. വോട്ടു ചെയ്യുകയെന്ന ഓരോരുത്തരുടെയും അവകാശം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ക്വാറൈന്റനില്‍ കഴിയുന്ന ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ഉറപ്പാക്കിയതെന്നും ഷെമീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: