കൊല്ലം: ആചാരസംരക്ഷണത്തിനുള്ള പോരാട്ടവുമായി ഏതറ്റംവരെയും പോകാന്‍ ഹിന്ദുസമൂഹം തയ്യാറാകുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശന് പറഞ്ഞു. ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ ആചാരവിശ്വാസനാമജപയജ്ഞം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല ക്ഷേത്രം കോവിഡ് വ്യാപനത്തിന്റെ പേരില്‍ അടച്ചിടേണ്ടി വരികയോ പൂജകള്‍ മുടങ്ങുകയോ ചെയ്താല്‍ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പ സ്നാനവും നെയ്യഭിഷേകവും പ്രസാദവിതരണവും ഒഴിവാക്കി ഭക്തര്‍ക്ക് വിരിവയ്ക്കാനനുവാദമില്ലാതെ എങ്ങനെയാണ് ശബരിമല ദര്‍ശനം പൂര്‍ത്തിയാകുക.
ഇപ്പോള്‍ നടക്കുന്ന ആചാരലംഘനങ്ങള്‍ ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിക്കും. ഇത് മനസ്സിലാക്കി സര്‍ക്കാരും ദേവസ്വംബോര്‍ഡും ഭക്തരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം. സാമ്പത്തികമായി കേരളത്തിലെ ക്ഷേത്രങ്ങളെ ചൂഷണം ചെയ്യുകയും ഹിന്ദുക്കളെ അവഹേളിക്കുകയും ചെയ്യുന്നത് ഇടതുവലതു സര്‍ക്കാരുകളുടെ പതിവാണ്. ഈ അവഹേളനം മറ്റ് മതങ്ങളോട് കാട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ വൈസ്പ്രസിഡന്റ് മണികണ്ഠന്, ജില്ലാ ജനറല്‍സെക്രട്ടറി സുനില്‍ മങ്ങാട്, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി. രമേശ് ബാബു, ഗോകുലന് മഠത്തില്‍, അനില്‍സ്വാമി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: