തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസ്സിന് ആര്‍എസ്എസ് ദ്വിതീയ സര്‍സംഘചാലക് പൂജനീയ ഗുരുജിയുടെ (എം.എസ്. ഗോള്‍വല്‍ക്കറുടെ) പേര് നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കുറെ രാഷ്‌ട്രീയ നേതാക്കള്‍ അവരുടെ പതിവുരീതിയില്‍ ധാരാളം കോലാഹലങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. രാജീവ്ഗാന്ധിയുടെ പേരിലുള്ള ഒരു സ്ഥാപനത്തിന്റെ അനുബന്ധ കേന്ദ്രത്തിന് പൂജനീയ ഗുരുജിയുടെ പേരുനല്‍കാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തെ ആദരിക്കുന്ന പ്രവര്‍ത്തിയായി യുക്തിബോധമുള്ള ആരെങ്കിലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. രണ്ടാമത്തെ പ്രധാനകാര്യം കേരളത്തിലെ രാഷ്‌ട്രീയ സ്വയംസേവക സംഘമോ മറ്റേതെങ്കിലും അനുബന്ധ സംഘടനകളോ ബന്ധപ്പെട്ട പ്രവര്‍ത്തകരോ ഇത്തരമൊരാവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇനി ആര്‍ക്കെങ്കിലും പെട്ടെന്നുണ്ടായ വെളിപാടിന്റെ അടിസ്ഥാനത്തിലാണോ ഈ തീരുമാനം എന്നകാര്യവും ഉറപ്പില്ല.
മുഖ്യമന്ത്രിയുള്‍പ്പടെയുള്ള ചിലര്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഇനി എന്ത് നിലപാടെടുക്കണം എന്ന് തീരുമാനിക്കുന്നത്. ഈ വിഷയത്തില്‍ കൂടുതലെന്തെങ്കിലും വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.വ്യക്തിപൂജയെ അശേഷംകൊണ്ടാടാത്ത സംഘടനയാണ് ആര്‍എസ്എസ്. ആ പാരമ്പര്യം സൃഷ്ടിച്ചത് സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗെവാറാണ്. തലമുറകളുടെ മനസ്സിലേക്ക് ഈ ആശയത്തെ ആഴത്തില്‍ ഉറപ്പിച്ചതോ, എം.എസ്. ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജിയും. വ്യക്തിപൂജയല്ല അവര്‍ രാഷ്‌ട്രത്തിന്റെ മുന്‍പില്‍ ആദര്‍ശമായി പ്രതിഷ്ഠിച്ചത്. മറിച്ച് തത്വത്തെ ഉപാസിക്കാനാണ് ഉപദേശിച്ചത്. സംഘം ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചുള്ളത് ഭഗവദ്ധ്വജത്തെയാണ് (കാവിപതാക). അത് ഭാരതീയ സംസ്‌കൃതിയുടെ കാതലായ ആദര്‍ശങ്ങളെ ത്യാഗം, യജ്ഞഭാവന, വിശുദ്ധി എന്നിവയെ സാമാന്യമായി പ്രതിനിധാനം ചെയ്യുന്നു. ‘ഗുരുജി’ ഗോള്‍വല്‍ക്കര്‍ എന്ന മാധവ സദാശിവ ഗോള്‍വല്‍ക്കറുടെ അഭിധാനം അദ്ദേഹത്തിന് സംഘബന്ധം വഴി ലഭിച്ചതല്ല. അദ്ദേഹം കുറച്ചുകാലം അദ്ധ്യാപകനായി പ്രവര്‍ത്തിച്ച ബനാറസ് ഹിന്ദു സര്‍വകാലാശാലയിലെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന് നല്‍കിയ സ്‌നേഹമുദ്രയാണ് ഗുരുജി ബഹുമതി. ഇതെല്ലാമാണ് പശ്ചാത്തലം. എന്നിരുന്നാലും നാഗ്പൂരിലെ രേശംബാഗ് സംഘസ്ഥാനു സമീപം ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ അന്തിമസംസ്‌കാരം നടന്ന സ്ഥലത്ത് നിര്‍മിച്ചിട്ടുള്ള ‘സ്മൃതിമന്ദിര’വും അതിനു തൊട്ടുമുന്നില്‍ ശ്രീ ഗുരുജിയെ സംസ്‌കരിച്ച സ്ഥലത്ത് നിര്‍മ്മിച്ചിട്ടുള്ള സ്മൃതിചിഹ്നവും ലോകമെമ്പാടുമുള്ള സ്വയംസേവകരുടെയും മറ്റു ദേശഭക്തരുടെയും തീര്‍ത്ഥഭൂമിയാണ് ഇന്ന്. പൂജനീയ ഡോക്ടര്‍ജിയുടെയും പൂജനീയ ഗുരുജിയുടെയും ജന്മശതാബ്ദികള്‍ ദേശവ്യാപകമായി ആഘോഷിക്കപ്പെട്ടതൊഴിച്ചാല്‍ അവരുടെ പേരില്‍ ആഡംബരപൂര്‍ണമായ സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ സംഘം ശ്രമം നടത്തിയതിന്റെ തെളിവില്ല. സംഘം സ്ഥാപിച്ച ശേഷം ഡോക്ടര്‍ജി നടത്തിയ 15 വര്‍ഷത്തെ തീവ്ര തപസ്സിലൂടെ സംഘത്തിന്റെ അടിത്തറ ഉറപ്പിച്ചു.
പിന്നീട് ശ്രീ ഗുരുജിയുടെ 33 വര്‍ഷം നീണ്ട ദീര്‍ഘ തപസ്യയിലൂടെ, എല്ലാത്തരം അഗ്‌നിപരീക്ഷകളെയും അതിവര്‍ത്തിച്ച് സംഘം ഒരു ദേശവ്യാപക പ്രസ്ഥാനമായി വളര്‍ന്നു. അവരുടെ കാലശേഷം പിന്‍തലമുറ പ്രത്യേക പ്രാധാന്യം നല്‍കി ആ രണ്ടു മഹാപുരുഷന്മാരെയും ഭക്തിശ്രദ്ധാന്വിതം സംഘപരിപാടികളില്‍ സമാദരിച്ചുപോരുന്നു. ഒരേ ദൗത്യത്തെ പിന്‍പറ്റിയ ഈ മഹാപുരുഷന്മാര്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്തത്. ആസേതുഹിമാചലം ഭാരതം ഏകരാഷ്‌ട്രമാണെന്ന ഉത്തമബോധ്യത്തോടെ, സമാജത്തെ സര്‍വേശ്വരന്റെ വിരാട് രൂപമായിക്കണ്ട് സേവിച്ചവരാണ് ആ മഹാകര്‍മ്മയോഗികള്‍. ഭാരതത്തിന്റെ പ്രജ്ഞയെ തൊട്ടുണര്‍ത്തി. യുവാക്കളില്‍ ദേശാഭിമാനം ജ്വലിപ്പിച്ചു. അവരില്‍ അച്ചടക്കവും ത്യാഗസന്നദ്ധതയും വളര്‍ത്തി. ദേശീയബോധത്തില്‍ അധിഷ്ഠിതമായ സമാജ ജനസംഘടന എന്ന ആദര്‍ശത്തെ യാഥാര്‍ഥ്യമാക്കുന്നതില്‍ അവര്‍ വിജയിച്ചു. അവര്‍ നിര്‍മ്മിച്ച പ്രസ്ഥാനം പോയനൂറ്റാണ്ടിലും പുതിയനൂറ്റാണ്ടിലും ഭാരതത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു. അതൊരു ചരിത്ര വസ്തുതയാണ്.
പൂജനീയ ഗുരുജിയെക്കുറിച്ച് അല്പം ചില വിവരങ്ങള്‍ കൂടി അറിയുന്നത് നല്ലതാണ്. 1906ല്‍ നാഗപ്പൂരില്‍ ജനിച്ച എം.എസ്. ഗോള്‍വല്‍ക്കര്‍ 1928ല്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ജന്തു ശാസ്ത്രത്തില്‍ ഒന്നാംകഌസ്സോടെ ബിരുദാനന്തരബിരുദം സമ്പാദിച്ചു. തുടര്‍ന്ന് മദ്രാസിലെ മത്സ്യാലയത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി. അതു പൂര്‍ത്തിയാക്കാതെ താന്‍ പഠിച്ചിരുന്ന അതേ സര്‍വകലാശാലയില്‍ത്തന്നെ അധ്യാപകനായി. നാഗ്പൂരില്‍നിന്ന് ആ സര്‍വകലാശാലയില്‍ പഠിക്കാനെത്തിയ സ്വയംസേവകരായ വിദ്യാര്‍ഥികള്‍ വഴിയാണ് അദ്ദേഹം സംഘത്തിന്റെ സമ്പര്‍ക്കത്തില്‍ വരുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ഹെഡ്‌ഗേവാറിനെ പരിചയപ്പെട്ടു. 1933ല്‍ അദ്ദേഹം നാഗ്പൂരില്‍ മടങ്ങിവന്ന് നിയമപഠനം പൂര്‍ത്തിയാക്കി. 1931 കാലംമുതല്‍ നാഗ്പൂരിലെ ശ്രീരാമകൃഷണമഠവുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഇന്നത്തെ പശ്ചിമബംഗാളിലെ സാരഗാഛിയില്‍ ശ്രീരാമകൃഷ്ണമഠം സ്ഥാപിച്ച സ്വാമി അഖണ്ഡാനന്ദനില്‍നിന്ന് 1936ല്‍ മന്ത്രദീക്ഷ സ്വീകരിച്ചു. ഗുരുദേവന്റെ സമാധിക്കു ശേഷം നാഗപ്പൂരിലേക്കു മടങ്ങിയ ഗോള്‍വല്‍ക്കര്‍ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൂടുതല്‍ സഹകരിച്ചു. 1940 ജൂണ്‍ 20ന് ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ അന്തരിക്കുന്നതിനു തലേദിവസം മുതിര്‍ന്ന ചില സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അദ്ദേഹം ശ്രീ ഗുരുജിയോട് പറഞ്ഞു: താങ്കള്‍ സംഘത്തിന്റെ പൂര്‍ണ ചുമതല ഏറ്റെടുക്കണം. ആ ആജ്ഞ ശ്രീ ഗുരുജി ശിരസ്സാവഹിച്ചു. നീണ്ട 33 വര്‍ഷക്കാലം തന്നെ ഏല്‍പ്പിച്ച ദൗത്യത്തെ അമാനുഷമായ ധീരതയോടെ, അക്ഷുണ്ണമായി മുന്നോട്ടു നയിച്ചു. ഒരുപക്ഷേ മഹാത്മജിയൊഴിച്ചാല്‍ ഏറ്റവും കൂടുതല്‍ ഭാരതപരിക്രമം ചെയ്ത വ്യക്തികള്‍ ശ്രീ ഗുരുജിയെപ്പോലെ അധികമുണ്ടാവില്ല.
പൂജനീയ ഗുരുജിയുടെ ഇടപെടലും മാര്‍ഗ്ഗദര്‍ശനവും ലഭിച്ച ചില ചരിത്രസംഭവങ്ങള്‍ മാത്രം ചെറുതായൊന്ന് അനുസ്മരിക്കാം. 1) 1947 ഒക്ടോബര്‍ 17ന് സര്‍ദാര്‍ പട്ടേലിന്റെ ആഗ്രഹപ്രകാരം കശ്മീര്‍ ലയനം സംബന്ധിച്ച് മഹാരാജാവുമായി ശ്രീ ഗുരുജി നടത്തിയ കൂടിക്കാഴ്ച. 2)1951ല്‍ ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജിയുമായി നാഗപ്പൂരില്‍ നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തില്‍ ഭാരതീയ ജനസംഘം രൂപീകരിക്കുന്നതില്‍ പിന്തുണ വാഗ്ദാനം ചെയ്തു. 3) 62 ല്‍ ചൈന ഭാരതത്തെ ആക്രമിച്ച വേളയില്‍ ജനങ്ങളുടെ ആത്മവീര്യമുണര്‍ത്താന്‍ നടത്തിയ ഉദ്‌ബോധനങ്ങള്‍. ചൈനീസ് വഞ്ചനക്കെതിരെ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കാന്‍ രാഷ്‌ട്രത്തോട് ആഹ്വാനം. 1948ല്‍ ഗാന്ധി വധ ഗൂഢാലോചന ആരോപിച്ച് ശ്രീ ഗുരുജിയെ അറസ്റ്റ് ചെയ്യുകയും സംഘത്തെ നിരോധിക്കുകയും ചെയ്ത പ്രധാനമന്ത്രി നെഹ്‌റു തന്നെ, 1963ലെ റിപ്പബ്ലിക്ക്ദിന പരേഡില്‍ ഒരു സന്നദ്ധ സംഘടനയെന്ന നിലയില്‍ പങ്കെടുക്കാന്‍ സംഘത്തെ ക്ഷണിച്ചത് ഇവിടെ പ്രത്യേകം ഓര്‍ക്കുക. 4) ആധുനിക ഹിന്ദു സമാജ ചരിത്രത്തില്‍ വമ്പിച്ച പരിവര്‍ത്തനത്തിന് തുടക്കംകുറിച്ച സംഭവമാണ് 1964 ശ്രീകൃഷ്ണാഷ്ടമി ദിവസം മുംബൈയിലെ സ്വാമി ചിന്മയാനന്ദന്റെ ആശ്രമത്തില്‍ വെച്ചു നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ രൂപീകരണ യോഗം. സംന്യാസിമാരുടെയും ധര്‍മ്മാചാര്യന്മാരുടെയും ആ സമ്മേളനത്തിന്റെ മുഖ്യപ്രചോദകനും ശ്രീ ഗുരുജിയായിരുന്നു. 5) 1965ല്‍ പാകിസ്ഥാനുമായുണ്ടായ യുദ്ധവേളയില്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലേക്കു ശ്രീ ഗുരുജിയെ പ്രത്യേകം ക്ഷണിക്കുകയുണ്ടായി. 6) 1970ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദ ശിലാസ്മാരകത്തിന് ആരംഭകാലംമുതല്‍ നല്കിപ്പോന്ന മാര്‍ഗ്ഗദര്‍ശനം. 7) 1971ല്‍ ബംഗ്ലാദേശ് വിമോചനത്തെ പിന്തുണയ്‌ക്കാന്‍ രാജ്യത്തോട് നടത്തിയ ആഹ്വാനം. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ഇനിയും ചൂണ്ടിക്കാട്ടാനുണ്ട്.
1973ല്‍ പൂജനീയ ഗുരുജി അന്തരിച്ചപ്പോള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അന്ന് പ്രധാനമന്ത്രിയും ലോക്‌സഭാ നേതാവും ശ്രീമതി ഇന്ദിരാഗാന്ധിയായിരുന്നു. ആചാര്യ വിനോഭാ ഭാവെ മുതല്‍ കാഞ്ചി പരമാചാര്യന്‍ വരെയുള്ള മഹാത്മാക്കളുമായി അദ്ദേഹത്തിന് ആത്മബന്ധമുണ്ടായിയുന്നു. ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യ മുതല്‍ എം സി ഛഗ്ല വരെയുള്ള വ്യത്യസ്ത വീക്ഷണഗതിക്കാരുമായി അദ്ദേഹത്തിന് നല്ല വ്യക്തിബന്ധമുണ്ടായിരുന്നു. ഇത്തരം ശക്തിപ്രഭാവന്മാര്‍ രാഷ്‌ട്രചരിത്രത്തില്‍ അപൂര്‍വമായേ പ്രത്യക്ഷപെടൂ. കാണേണ്ടവര്‍ക്കു ശ്രമിച്ചാല്‍ ഇതെല്ലാം കണ്ടെത്താം അല്ലാത്തവര്‍ക്ക് അവരുടെ അജ്ഞതയില്‍ അഭിരമിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: