കുവൈത്ത്: പതിനാറാമത് കുവൈത്ത് പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റുകള്‍ക്കും ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മേല്‍ക്കൈ ലഭിച്ചതായാണു ഫലം സൂചിപ്പികുന്നത്.
മല്‍സരിച്ച 29 വനിതകളില്‍ ആരും തന്നെ വിജയിച്ചില്ല. ഏക സിറ്റിംഗ് വനിതാ എം. പി.യായ സഫാ അല്‍ ഹാഷിം മൂന്നാം മണ്ഠലത്തില്‍ കനത്ത പരാജയം നേരിട്ടു. മന്ത്രിസഭയിലെ തെരഞ്ഞെടുക്കപ്പെട്ട ഏക പാര്‍ലമന്റ് അംഗവും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും ആയിരുന്ന മുഹമ്മദ് അല്‍ ജുബൈറും മൂന്നാം മണ്ഠലത്തില്‍ നിന്നും പരാജയപ്പെട്ടു. പുതിയ പാര്‍ലമെന്റ് ഈ മാസം 15ന് ചേരും.
പുതിയ പാര്ലമെന്റഗങ്ങള് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി സമര്‍പ്പിച്ചു. രാജി സ്വീകരിച്ച അമീര്‍ താല്‍ക്കാലികമായി തുടരാന്‍ നിര്‍ദ്ദേശിച്ചു.
അടുത്ത മന്ത്രിസഭയിലുംശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് പ്രധാനമന്ത്രിയാകാനാണ് സാധ്യത. 43 സിറ്റിംഗ് എം.പി.മാരാണു ഇത്തവണ ജനവിധി തേടിയത്. ഇവരില്‍ 24 പേര് പരാജയപ്പെടുകയും 19 പേര് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 31 പേര് പുതുമുഖങ്ങളാണു. സ്പീക്കര്‍ മര്‍സ്സൂഖ് അല്‍ ഘാനം രണ്ടാം മണ്ഡലത്തില്‍ നിന്ന് ഏറ്റവും അധികം വോട്ടുകള്‍ നേടി വിജയിച്ചു.
5 മണ്ഡലങ്ങളില്‍ ആയി നടന്ന തെരഞ്ഞെടുപ്പില്‍ 66 ശതമാനം വോട്ടാണു രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: