മുംബൈ: വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെ ന്യായീകരിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി). അച്ഛന്റെ ഉപദേശമായി പരാമര്‍ശത്തെ കാണണമെന്നാണ് എന്‍സിപി പറയുന്നത്. രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന ശരദ് പവാറിന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശമാണ് വിവാദമായത്. ഇത് മഹാരാഷ്ട്ര മഹാവികാസ് അഘാടി(എംവിഎ) സര്‍ക്കാരില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. പവാറിന്റെ വാക്കുകള്‍ അച്ഛന്റേതുപോലെ സ്വീകരിക്കണമെന്ന് എന്‍സിപിയുടെ മുഖ്യവക്താവ് മഹേഷ് താപസെ പറഞ്ഞു.
മൂന്നു പാര്ട്ടികളുടേതുംകൂടിയാണ് എംവിഎ സര്‍ക്കാര്‍. തന്റെ പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് എഴുതിയ ബരാക് ഒബാമയെ വിമര്‍ശിച്ചത് ശരദ് പവാറായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുരാജ്യങ്ങളിലെ നേതാക്കളെപ്പറ്റി ഒബാമ അഭിപ്രായം പറയരുതെന്ന പവാറിന്റെ പ്രസ്താവനയും താപസെ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ സര്‍ക്കാരിന് സ്ഥിരത വേണമെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഘടകകക്ഷികളോട് മന്ത്രി യശോമതി താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു. എംവിഎ സര്‍ക്കാരിലെ കോണ്‍ഗ്രസ് പ്രതിനിധിയാണ് ഇദ്ദേഹം. എന്നാല്‍ പവാറിന്റെ പരാമര്‍ശം മഹാരാഷ്ട്ര സര്‍ക്കാരിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്ന് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: