‘സിഎജി റിപ്പോര്‍ട്ടോ? അത് ഞാന്‍ പരസ്യപ്പെടുത്തി. അതിലെന്താ തെറ്റ്? തെറ്റുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. അല്ലപിന്നെ.” വിഷയം ഊര്‍ജിതമായി ചര്‍ച്ചയായപ്പോള്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടിങ്ങനെയൊക്കെയായിരുന്നു.
പ്രതിപക്ഷം വിഷയം സ്പീക്കറെ അറിയിച്ചു. സഭയുടെ സദാചാര (എത്തിക്സ്) ത്തിന് നിരക്കുന്നതല്ലെന്ന് വാദം. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തി. സദാചാര കമ്മിറ്റിക്ക് വിടണമെന്നാവശ്യം. പരാതി സ്പീക്കര്‍ പരിശോധിച്ചു. പ്രതിപക്ഷം പറയുന്നതും മന്ത്രി പറയുന്നതും ന്യായമെന്ന എങ്ങും തൊടാതെ നിലപാടെടുത്ത സ്പീക്കര്‍. വിഷയം എത്തിക്സ് കമ്മിറ്റിക്ക് വിടാന്‍ നിശ്ചയിച്ചു.
മന്ത്രിയുടെ പ്രതികരണങ്ങളോട് പാര്‍ട്ടിക്ക് വിയോജിപ്പ്. മന്ത്രി എടുത്തുചാടിയെന്ന് ചില നേതാക്കള്‍. പറയും മുമ്പ് ആലോചിക്കണമെന്നും അഭിപ്രായം. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും വഴങ്ങുമെന്ന് മന്ത്രി. ഇത്രയും കേട്ടപ്പോള്‍ സംശയം. എത്തിക്സ് കമ്മിറ്റി ചര്‍ച്ച ചെയ്താല്‍ എന്താകും. കമ്മിറ്റിക്ക് ശിക്ഷ വിധിക്കാമോ? എത്രത്തോളം? പണ്ടെങ്ങാനും ശിക്ഷിച്ചിട്ടുണ്ടോ? സംശയം ശക്തമായപ്പോള്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് ആരാഞ്ഞു. ”എന്താകും സാര്‍ ഇതിന്റെ ഗതി? ഈ കമ്മറ്റിക്ക് പല്ലും നഖവുമൊക്കെ ഉണ്ടോ? ഇതിന് മുന്‍പ് ഏതെങ്കിലും മന്ത്രി ഇമ്മാതിരി ഏടാകൂടങ്ങള് ഒപ്പിച്ചിട്ടുണ്ടോ?” അങ്ങേ തലയ്ക്കല്‍ ചെവിയോര്‍ത്ത സുഹൃത്ത് നന്നായൊന്ന് ചിരിച്ചു. എന്നിട്ട് തുടര്‍ന്നു. ” എന്റെ കുഞ്ഞിക്കണ്ണാ, ഇതുവരെ മന്ത്രിയെയൊന്നും വിളിച്ചുവരുത്തി വിചാരണ നടത്തിയിട്ടില്ല. നടത്തിയാലും ഇന്നത്തെ സാഹചര്യത്തില്‍ ഒന്നും സംഭവിക്കില്ല. സംഭവിക്കുന്നത് ഇതൊരു ചരിത്രരേഖയാകും. ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ റിപ്പോര്‍ട്ട് അനധികൃതമായി മന്ത്രി ചോര്‍ത്തി പരസ്യപ്പെടുത്തി. അതൊരു ശരിയായ കീഴ്വഴക്കമല്ലെന്ന നിഗമനത്തിലെത്തും.”
നിയമസഭയ്ക്ക് പണ്ടേക്ക് പണ്ടേ പ്രിവിലേജസ് കമ്മിറ്റിയുണ്ട്. പ്രിവിലേജസിനൊപ്പം എത്തിക്സും വേണമെന്ന തിരിച്ചറിവുണ്ടായിട്ട് ഏറെ കാലമൊന്നുമായില്ല. സഭയുടെ അല്ലെങ്കില്‍ അംഗങ്ങളുടെ പ്രിവിലേജസിന് കോട്ടം തട്ടിയെന്നാരോപിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ നിലപാട് തേടുന്നതും പതിവാണ്. ‘ജന്മഭൂമി’ക്കടക്കം നിരവധി മാധ്യമസ്ഥാപനങ്ങള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. മനഃപൂര്വമല്ലെന്നോ ഖേദമുണ്ടെന്നോ മറുപടി നല്കിയാല് തീരുന്നതേയുള്ളൂ കാര്യം. എന്നാല്‍ രണ്ട് പത്രാധിപന്മാരെ സഭയില്‍ വിളിച്ചുവരുത്തി ഖേദപ്രകടനം നടത്തിച്ച കീഴ്വഴക്കം കേരള നിയമസഭയ്ക്കുണ്ട്.
‘തനിനിറം’ പത്രത്തിന്റെ പത്രാധിപര്‍ കലാനിലയം കൃഷ്ണന്‍നായരാണ് സഭയിലെത്തിയ ഒരാള്‍. മറ്റൊന്ന് പാലക്കാട്ടെ സ്വദേശി പത്രാധിപരായിരുന്ന ചെറൂസും. തനിനിറത്തില്‍ സഭാംഗങ്ങളുടെ അവകാശം ലംഘിച്ചു എന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി. സഭയുടെ അവകാശങ്ങളെയും അധികാരങ്ങളെയും ആദരവോടെയേ കാണാറുള്ളൂ എന്നറിയിച്ച കൃഷ്ണന് നായര്‍ക്ക് ഇതൊരു താക്കീതായി കാണണമെന്ന് സ്പീക്കര്‍ അറിയിച്ചതോടെ നടപടി അവസാനിപ്പിച്ചു. പിന്നെയാണ് കൗതുകം. സഭയില്‍ നടന്ന കാര്യങ്ങള്‍ തനിനിറത്തില്‍ വാര്‍ത്തയാക്കി. അതിനുതാഴെ തനിനിറം കൊടുത്ത ഈ വാര്‍ത്തയാണ് നടപടിക്കാധാരം എന്നുകൂടി ചേര്‍ത്ത് പഴയത് ആവര്‍ത്തിച്ചു.
1982 മുതല്‍ 87 വരെ കേരളത്തില്‍ പഞ്ചായത്ത് മന്ത്രിയായിരുന്ന സി.എം. സുന്ദരം നല്കിയ പരാതിയിലാണ് ചെറൂസിന് നടപടി നേരിടേണ്ടിവന്നത്. സുന്ദരം സ്വാമി എന്നാണ് ഇദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത്. സുന്ദരം സ്വാമി സാത്വികനാണ്. പക്ഷേ ചില്ലറക്കാരനൊന്നുമായിരുന്നില്ല. ബോംബെയില്‍ ചേരിനിവാസികളെ സംഘടിപ്പിച്ചുകൊണ്ട് 1950-കളിലാണ് ഇദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ പ്രവേശിച്ചത്. ഗ്രേറ്റര്‍ ബോംബെ ടെനന്റ്സ് യൂണിയന് ഇദ്ദേഹമാണ് സ്ഥാപിച്ചത്. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ചേരുകയും ജയപ്രകാശ് നാരായണ്‍, അശോക് മേത്ത, മധു ദന്തവതേ മുതലായ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. മൊറാര്‍ജി ദേശായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചേരികള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കത്തിച്ചപ്പോള്‍ ചേരി നിവാസികളെക്കൂട്ടി ബോംബെ മുനിസിപ്പല്‍ ഓഫീസില്‍ കടന്നുകയറി. ഭരണകൂടത്തിന് ചെമ്പൂരില്‍ ഇവര്‍ക്ക് പകരം ഭൂമിയും വീടുകളും നല്‍കേണ്ടിവന്നു.
1955-ല്‍ കല്‍പ്പാത്തിയിലേയ്ക്ക് മടങ്ങുകയും ഇവിടത്തെ ആദിവാസികളെയും ചേരിനിവാസികളെയും സംഘടിപ്പിക്കുകയും ചെയ്തു. മലമ്പുഴ ഡാം പണിയുന്നതിനായി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ ഇദ്ദേഹം പോരാടുകയുണ്ടായി. സര്‍ക്കാര്‍ ഈ ആദിവാസികളെ പുനരധിവസിപ്പിക്കുകയുണ്ടായി.
1977-ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധാനം ചെയ്താണ് പാലക്കാട് നിയമസഭാമണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. അഞ്ചു തവണ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1990-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അതോടെ പിഎസ്പിയുടെ അന്ത്യമായി. രാഷ്ട്രീയഭാവി ഇരുളടയുകയും ചെയ്തു. ചെറൂസിന്റെ പത്രവും സ്വാമിയും നിരന്തരം ഉടക്കിലായിരുന്നു. ഒരു ചടങ്ങില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇരുവരും ഇടഞ്ഞു. ചെറൂസ് മന്ത്രിയെ തള്ളിമാറ്റി. അതാണ് പരാതിക്കടിസ്ഥാനം. സഭയില്‍ ചെറൂസിനെ വിളിച്ചുവരുത്തി കുറ്റം ബോധ്യപ്പെടുത്തുകയായിരുന്നു.
മന്ത്രിയായിരിക്കെ സ്വാമിയുടെ വീട്ടില്‍ കള്ളന് കയറി. മേശയിലും അലമാരയിലും കള്ളന് കയ്യിട്ടുവാരി. വിചാരിച്ചത്രയൊന്നും കള്ളന് കിട്ടിയില്ല. അന്ന് ഇന്നത്തെ പോലെ ഭാര്യയുടെ പേരില്‍ ജെസിബിയില്ല. വാടകയ്ക്ക് നല്കി കോടികള്‍ കൈവശപ്പെടുത്താന്‍ വകയുമില്ല. സ്വാമിക്കാണെങ്കില്‍ ബാറില്‍ നിന്ന് കോഴയുമില്ല. ബാങ്കില്‍ ലോക്കറുമില്ല. നിരാശനായ കള്ളന് ഭാര്യയുടെ കഴുത്തിലെ സ്വര്‍ണം കവരാന്‍ ഒരു ശ്രമം നടത്തിയപ്പോഴാണ് ഞെട്ടിയത്. ഭര്‍ത്താവ് കട്ടിലിലും ഭാര്യ തറയിലുമായിരിക്കുമെന്ന് കരുതി ‘കൈകാര്യം’ ചെയ്യാന്‍ നോക്കിയപ്പോഴാണ് അയ്യോ പാളീല്ലോ എന്നറിയുന്നത്. താഴെ കിടന്നത് ഭാര്യയായിരുന്നില്ല. വലിയ വാര്‍ത്തയും ചര്‍ച്ചയുമായ സംഭവമായിരുന്നു അത്. സംഗതി വശാല്‍ പറഞ്ഞെന്നേയുള്ളൂ.
ഡോ. ഐസക്കിന്റ കാര്യത്തിലും മേല്പ്പറഞ്ഞതിലപ്പുറമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. എങ്കിലും ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് ചെയ്യാന്‍ പറ്റുന്നതല്ല ഐസക് ചെയ്തത്. തൂക്കിലേറ്റാന്‍ അധികാരമോ വകുപ്പോ ഇല്ലായിരിക്കാം. പക്ഷേ മാന്യതയും ധാര്‍മികതയും ഉണ്ടെങ്കില്‍ തനിക്ക് ചേര്‍ന്ന പണിയല്ല ഇതെന്ന് പറഞ്ഞ് മന്ത്രിസ്ഥാനം ഒഴിയുന്നതാണ് മര്യാദ എന്നാണ് ധാര്മികചിന്തയുള്ളവരെല്ലാം പറയുന്നത്. സുപ്രധാനമായ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാന്‍ പോകുന്നു. നിയമസഭാ തെരഞ്ഞെടുപ്പും അടുത്തെത്തി. ഇരുമുന്നണികളുടെയും കൊള്ളരുതായ്മകള്‍ നാള്‍ക്കുനാള്‍ പുറത്തറിയുന്നു. മലയാളികള്‍ക്കാകെ മാനക്കേടുണ്ടാക്കിയവരെ എന്തിന് വണങ്ങണം? വാഴ്ത്തണം? വീണ്ടും വാഴിക്കണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: