ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ ധന സ്രോതസ്സുകള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത് രാജ്യത്തെ ഒന്‍പതു സംസ്ഥാനങ്ങളിലെ 26 കേന്ദ്രങ്ങളില്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന സമരങ്ങള്‍ ആളിക്കത്തിക്കാന്‍ വിദേശത്തുനിന്നെത്തിയ 120.50 കോടി രൂപയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡെന്ന് ഇ ഡി കേന്ദ്രങ്ങള്‍ അറിയിച്ചു. കേരളത്തിലെ ആറു കേന്ദ്രങ്ങളിലും തമിഴ്നാട്ടിലെ അഞ്ചു കേന്ദ്രങ്ങളിലും ദല്‍ഹി ഷഹീന്‍ബാഗിലെ പിഎഫ്ഐ ആസ്ഥാനത്തും ഇ ഡി റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം നടത്തിയ റെയ്ഡിനെതിരെ വിവിധയിടങ്ങളില്‍ പിഎഫ്ഐക്കാര്‍ പ്രതിരോധവുമായി രംഗത്തെത്തി.
പോപ്പുലര്‍ ഫ്രണ്ടിന്റെ 73 ബാങ്ക് അക്കൗണ്ടുകളിലേക്ക് 120.50 കോടി രൂപയാണ് എത്തിയതെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. പിഎഫ്ഐയുടെ 27 അക്കൗണ്ടുകളിലും പിഎഫ്ഐയുടെ കീഴിലുള്ള റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ഒന്‍പത് അക്കൗണ്ടുകളിലും പിഎഫ്ഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും 37 അക്കൗണ്ടുകളിലും വിദേശത്തുനിന്നുള്ള പണം എത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി. പണമെത്തി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ എല്ലാ തുകയും പിന്‍വലിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി.
പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗിലെ പിഎഫ്ഐ ദേശീയ ആസ്ഥാനം കേന്ദ്രീകരിച്ച് നടന്ന സമരവും തുടര്‍ന്ന് ദല്‍ഹിയില്‍ അരങ്ങേറിയ കലാപവും വലിയ തോതിലുള്ള വിദേശ ധന സഹായത്തോടെയാണ് അരങ്ങേറിയതെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച് ദല്‍ഹി പോലീസ് പിഎഫ്ഐ നേതാക്കള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ വന്ന 120.50 കോടി രൂപയില്‍ 50 കോടി എത്തിയത് മൗറീഷ്യസില്‍ നിന്നാണ്. മൗറീഷ്യസിലെ ബാങ്കുകളില്‍ ധന നിക്ഷേപവും രാഷ്ട്രീയ ബന്ധവുമുള്ള ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ തെങ്കാശി, മധുര, ചെന്നൈ നഗരങ്ങളിലെ പിഎഫ്ഐ കേന്ദ്രങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്. ബംഗാളില്‍ കൊല്‍ക്കത്തയിലും മൂര്‍ഷിദാബാദിലും കര്‍ണാടകത്തില്‍ ബെംഗളൂരുവിലും ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി. യുപിയില്‍ ലഖ്നൗ, ബാരാബങ്കി, ബീഹാറില്‍ ദര്‍ബംഗ, പുര്‍ണിയ, മഹാരാഷ്ട്രയില്‍ ഔറംഗാബാദ്, രാജസ്ഥാനില്‍ ജയ്പൂര്‍ എന്നിവിടങ്ങളിലെ പിഎഫ്ഐ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും റെയ്ഡുകള്‍ നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ദല്‍ഹിയില്‍ എത്തിച്ച് വിശദമായ പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: