കാന്‍ബറ: ഇന്ത്യക്ക് മാനം കാക്കണം. ഓസ്ട്രേലിയയ്ക്കെതിരെയുള്ള കേവലമൊരു ജയമെന്നതിനപ്പുറം തുടരെ ആറാം ഏകദിന തോല്‍വിയെന്ന നാണക്കേടില്‍ നിന്നു കൂടി. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ന് കാന്‍ബറയില്‍ ക്രീസിലിറങ്ങുമ്പോള്‍ ടീം ഇന്ത്യക്ക് ലക്ഷ്യം ഇതു മാത്രമാകും.
കൊറോണയ്ക്ക് മുന്‍പ് ഓസീസിന്റെ അയല്‍ക്കാരായ ന്യൂസിലന്‍ഡ് മണ്ണില്‍ തുടരെ മൂന്ന് ഏകദിനം തോറ്റ് നാണംകെട്ടതിന്റെ ഓര്‍മകള്‍ ഇപ്പോള്‍ തികട്ടി വരുന്നുണ്ടാകും വിരാടിനും സംഘത്തിനും. കൊറോണ കാലത്തിനിടെ വീണ്ടും തോല്‍വി തന്നെ. അതിന് അന്ത്യം കുറിക്കുക കൂടിയാകും ഇന്ത്യയുടെ ലക്ഷ്യം.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ നേരത്തെ ഓസ്ട്രേലിയക്ക് മുന്നില്‍ പരമ്പര അടിയറവുവച്ചിരുന്നു. അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ചില മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്നു കൂടി തോറ്റാല്‍ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയാകും ഇന്ത്യ നേരിടുക.
ബൗളിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് നേരത്തെ ഇന്ത്യന്‍ ടീമംഗങ്ങള്‍ പറഞ്ഞിരുന്നു. അവസരം കിട്ടിയിട്ടും ഓസ്ട്രേലിയയില്‍ നിരാശപ്പെടുത്തിയ പേസ് ബൗളര്‍ നവ്ദീപ് സെയ്നി അവസാന മത്സരത്തില്‍ കളിച്ചേക്കില്ല. സെയ്നിക്ക് പകരം ഷര്‍ദുല്‍ താക്കുറിനെയോ ടി. നടരാജനെയോ ടീമിലെടുത്തേക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള താരമാണ് താക്കുര്‍. എന്നാല്‍ നടരാജന് അവസരം ലഭിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റമാകും.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാണ് നടരാജനെത്തുന്നത്. യോര്‍ക്കര്‍ നടരാജനെന്ന് വിളിപ്പേരുള്ള താരത്തിന്റെ സാന്നിധ്യം അവസാന ഓവറുകളില്‍ ഇന്ത്യക്ക് ഗുണമാകും. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും ഓസ്ട്രേലിയയില്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ ബൗളിങ്ങില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമാണ് ചഹല്‍. രണ്ട് മത്സരങ്ങളില്‍ 19 ഓവറില്‍ നിന്ന് 160 റണ്‍സ് വഴങ്ങി. മറുവശത്ത് രവീന്ദ്ര ജഡേജ ഭേദപ്പെട്ട പ്രകടനം നടത്തി. ബാറ്റിങ്ങില്‍ മായങ്ക് അഗര്‍വാളിന് പകരം ശുഭ്മാന്‍ ഗില്ലിന് അവസരം ലഭിച്ചേക്കും.
മികച്ച ഫോമില്‍ കളിക്കുന്ന ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ ഭദ്രമാണ്. സ്റ്റീവ് സ്മിത്ത്, ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്സ്വെല്, മാര്‍നസ് ലബുഷെയ്ന് എന്നിവര്‍ ഫോമില്‍. ഓപ്പണര്‍ ഡോവിഡ് വാര്‍ണര്‍ പരിക്കേറ്റ് പുറത്തുപോയതാണ് ഏക തിരിച്ചടി. ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ മികവ് കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: