പ്രത്യക്ഷബ്രഹ്മമാണ് അഗ്നി. അതുകൊണ്ടാണ് ‘അഗ്നിമീളേ പുരോഹിതം’ എന്ന തത്വം സ്വീകാര്യമാകുന്നത്. അഗ്നിജ്വലിപ്പിച്ചുകൊണ്ടാണ് ഭാരതീയര്‍ ഏതൊരു പുണ്യകര്‍മവും ആരംഭിക്കുന്നത്. അതിലൂടെ ബ്രഹ്മസാക്ഷിത്വം ലഭ്യമാകുമെന്നാണ് വിശ്വാസം.
ആരാധനാമൂര്‍ത്തികളായ ദേവതകളുടെ ബ്രഹ്മഭാവത്തിന്റെ ഏറ്റക്കുറച്ചിലും അഗ്നിയുടെ സാന്നിധ്യത്താല്‍ നിര്‍ണയിക്കപ്പെടുന്നു. സാക്ഷാല്‍ പരബ്രഹ്മമായ സദാശിവന് അഗ്നി ഒരംഗം (തൃക്കണ്ണ്) തന്നെയാണ്. പരാശക്തിയിലും തൃക്കണ്ണ് അഗ്നി പ്രധാനമായി കാണാവുന്നതാണ്.
പരബ്രഹ്മത്തിന്റെ പ്രകടിത ഭാവമാണല്ലോ അര്‍ധനാരീശ്വര ഭാവം. ശിവതാണ്ഡവത്തില്‍ ഒരു കൈയില്‍ ജ്വലിക്കുന്ന അഗ്നിയെ വഹിച്ചിരിക്കുന്നതായി കാണാം. ശിവപുത്രന്മാരും അഗ്നിപ്രധാനന്മാരാണ്. സുബ്രഹ്മണ്യന്റെ വലതു കൈത്തലത്തിലെ ആയുധം എന്തിനെയും ദഹിപ്പിക്കുവാന്‍ പര്യാപ്തമാണ്. ഗണപതി അഗ്നിവര്ണനാണ്. കൊടിയടയാളം പുകയുമാണ്. രണ്ടും അഗ്നി സാന്നിധ്യത്തെ പ്രകടമാക്കുന്നു. ധര്മശാസ്താവും, അഗ്നിപൂജയും അഗ്നിസാന്നിധ്യവും ഇഷ്ടപ്പെടുന്നു. ഭക്തരുടെ അയ്യപ്പപൂജ തെക്കന്‍ തിരുവിതാംകൂറില്‍ ആഴിപൂജയെന്നാണ് അറിയപ്പെടുന്നത്.
ശബരിമലയിലെ ആചാര പ്രകാരം നടതുറക്കുന്ന സമയമത്രയും താഴെ ആഴി കത്തുന്നുണ്ടായിരിക്കും. എന്നാല്‍ ഈ വര്‍ഷം പരമപ്രധാനമായ ഈ ആചാരം മുടങ്ങി.
ശബരിമലയിലെ വലിയ ആഴി ഒരു പ്രതീകമാണ്. മുക്കണ്ണനായ നാളികേരം ശരീരത്തിന്റെയും അത് നിറയ്ക്കുന്ന നെയ്യ് ആത്മാവിന്റെയും പ്രതീകമാണ്. നാളികേരമുടച്ച് നെയ്യെടുത്ത് അഭിഷേകം നടത്തുമ്പോള്‍ ഭക്തന്റെ ആത്മാവ് ഭഗവാനില്‍ വിലയം പ്രാപിക്കുന്നതായാണ് വിശ്വാസം. ശരീരമാകുന്ന ശിഷ്ട നാളികേരം ആഴിയില്‍ ദഹിപ്പിക്കുന്നതും പ്രതീകാത്മകമാണ്. മാത്രവുമല്ല, നാളികേരവും ഉള്ളിലുള്ള പശുവിന് നെയ്യിന്റെ അംശവും കൂടി കത്തുമ്പോള്‍ ചുറ്റുപാടുകളിലേക്ക് പ്രസരിക്കുന്നത് മനുഷ്യര്‍ക്ക് ഉപകാരപ്രദമായ ഊര്‍ജവുമാകുന്നു.
ശരണംവിളിയുടെ ശബ്ദോര്ജവും ആഴിയിലെ അഗ്നിയുടെ പ്രകാശ താപോര്ജങ്ങളും ശബരിമലയിലെ പഞ്ചഭൂതങ്ങളിലുണ്ടാക്കുന്ന മാലിന്യങ്ങളെ നിവാരണം ചെയ്യുന്നു. ധര്‍മശാസ്താവിന്റെ ഈ അഗ്നിസാന്നിധ്യവും അഗ്നിപ്രാധാന്യവും ഭഗവാന്റെ ബ്രഹ്മഭാവത്തെ പ്രകടമാക്കുന്നു. ഭഗവാന് മോക്ഷദായകനാണ്.
എല്ലാ ദേവതകള്‍ക്കും മോക്ഷദായകത്വശക്തിയില്ല. താരകബ്രഹ്മമായതിനാലാണ് ഭഗവാന് മോക്ഷദായകനാകുന്നത്. അഗ്നിപ്രാധാന്യത്തിലൂടെ അത് വ്യക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: