അമ്മക്കാവലില്‍ ഒരു കാവുണ്ട് തിരുവനന്തപുരത്തെ വെള്ളനാട്ട്. ജൈവവൈവിധ്യങ്ങളുടെ കലവറയായ അക്കരവിളാകം കാവ്. പെണ്‍പരമ്പര കാക്കുന്നുവെന്ന അപൂര്‍വതയുമുണ്ട് ഈ കാവിന്.
കാവുതീണ്ടരുതെന്ന പൂര്‍വികരുടെ ശാസനം അനുസരിക്കുന്ന ‘പെണ് കാരണവര്‍’ കാവിലമ്മയാകുന്ന കാവാണിത്. രാജഭരണ കാലത്ത് കരം ഒഴിവാക്കി കൊടുത്ത 28.5 സെന്റിലാണ് നിബിഡ വനത്തിന്റെ പുറംകാഴ്ച സമ്മാനിച്ച് നാഗദൈവങ്ങള്‍ വാഴുന്ന അക്കരവിളാകം കാവ് നിലനില്‍ക്കുന്നത്. പരിസ്ഥിതിയെ കാക്കുന്ന, പ്രകൃതിക്ക് തണലൊരുക്കുന്ന നാടിന്റെ പച്ചപ്പ്. നാഗത്താന്മാര് സൈ്വര വിഹാരം നടത്തുന്ന കാവ് വിശ്വാസവും ഭക്തിയും ഇഴചേരുന്ന ചുരുക്കം ചില കാവുകളിലൊന്നാണ്.
നൂറ്റാണ്ടുകളുടെ പെണ്ചരിതം അവകാശപ്പെടുന്ന കാവിന്റെ ഇപ്പോഴത്തെ കാരണവ സ്ഥാനം എണ്‍പത്തിയെട്ടു വയസ്സുള്ള ഓമനയമ്മയ്ക്കാണ്. 1984 ല്‍ കുഞ്ഞിലക്ഷ്മിയമ്മ പാര്‍വതിയമ്മ മരിച്ചതോടെയാണ് കാരണസ്ഥാനം ഓമനയമ്മയ്ക്ക് കിട്ടിയത്.
നൂറുവര്‍ഷം മുന്‍പ് ഓമനയമ്മയുടെ അച്ഛന് വൈദ്യര് കൃഷ്ണപിള്ള കാവില്‍ ഔഷധ സസ്യങ്ങള്‍ നട്ടുനനച്ചു. അതോടെ അക്കരവിളാകം കാവ് മരങ്ങള്‍ക്കൊപ്പം ഔഷധ സസ്യങ്ങളുടേയും കേദാര ഭൂമിയായി. പെരുമ്പള്ളിമൂഴി, താഴത്തുവീട്, അക്കരവിളാകം എന്നിങ്ങനെ മൂന്ന് കുടുംബങ്ങള്‍ക്ക് 300 വര്‍ഷം മുമ്പ് രാാജവംശം ഭണ്ഡാരവകയായി നല്കിയ 50 ഏക്കര്‍ ഭൂമിയിലാണ് കാവും കാവിന് കണ്ണാടിയായി കുളവും ഉള്ളത്.
കൂട്ടുകുടുംബമായി ഇവര്‍ അറയും നിരയും തെക്കതുമുള്ള വെളിയന്നൂരിലെ തറവാട്ടില്‍ പാര്‍ത്തു. ഒന്നര നൂറ്റാണ്ട് മുന്‍പ് കുടുംബങ്ങള്‍ ഭാഗം വച്ച് പിരിഞ്ഞപ്പോള്‍ അക്കരവിളാകം കുടുംബത്തിന്റെ ഓഹരിയിലാണ് കാവും കുളവും വന്നത്. അവര്‍ കാവു മാത്രം വീതിച്ചെടുത്തില്ല. കുടുംബത്തിലെ തലമൂത്ത പെണ്ണുങ്ങള്‍ക്ക് കൈമാറി കാവിനെ കാക്കണമെന്ന ആചാരം അലിഖിത നിയമമാക്കി.
പാലപ്പൂവിന്റേയും ചെമ്പകമൊട്ടിന്റേയും സുഗന്ധം പരക്കുന്ന നാട്ടുവഴിയിലൂടെ കാവിനരികിലെത്തിയാല്‍ ആകാശക്കീഴിലെ ജൈവ വൈവിധ്യം കണ്ണിനും മനസ്സിനും കുളിരേകും. ഉപ്പനും പഞ്ചവര്‍ണ്ണക്കിളിയും കാട്ടുകുരുവിയും മൂളിപ്പാട്ടു പാടുന്നു ഇവിടെ. ഇരുപതില്‍പ്പരം ഇനങ്ങളിലുള്ള പക്ഷികളും അത്രത്തോളം ശലഭ ജീവികളും ഇവിടെയുണ്ട്. നൂറും പാലും നേദിച്ച് നാഗദേവന് തിരി തെളിച്ച് മടങ്ങുമ്പോള്‍ ഫണം വിടര്‍ത്തിയാടുന്ന സര്‍പ്പങ്ങളെ പലകുറി കണ്ടിട്ടുണ്ട് ഓമനയമ്മ.
ഒരിക്കല്‍പ്പോലും അവ തന്നെയോ, താന്‍ അവയേയോ ഉപദ്രവിച്ചിട്ടില്ലെന്ന് ഓമനയമ്മ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: