ന്യൂദല്‍ഹി : പെരിയ കേസില്‍ സിബിഐ തന്നെ അന്വേഷണം നടത്തുമെന്ന് സുപ്രീംകോടതി. പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവ് തന്നെ സുപ്രീംകോടതി ശരിവെച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
ഒന്നര മണിക്കൂറോളം നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് നഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
അതേസമയം കേസുമായി ബന്ധപ്പെട്ട രേഖകള്‍ അധികൃതര്‍ ഇനിയും വിട്ടുനല്‍കാത്തതിനാല്‍ അന്വേഷിക്കാന്‍ ആകുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് രേഖകള്‍ക്കായി എസ്പിയോടും ഡിവൈഎസ്പിയോടും ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ല. ഇതിനായി കോടതി ഇടപെടണമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു.
സിബിഐ അന്വേഷണം വേണമെന്ന സുപ്രീംകോടതി വിധി ആശ്വാസകരമാണെന്ന് ശരത് ലാലിന്റേയും കൃപേഷിന്റേയും ബന്ധുക്കള്‍ പ്രതികരിച്ചു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഇരു കുടുംബങ്ങളും അറിയിച്ചു.
സര്‍ക്കാര്‍ ഇത്രനാളും പോരാടിയത് നീതിക്ക് എതിരായാണ്. സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു. മക്കളെ കൊന്നവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് ഈ ഉത്തരവ് തിരിച്ചടിയാണ്. രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ അന്വേഷണം നടക്കുന്നതിനാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ജനങ്ങള്‍ക്ക് വേണ്ടിയല്ല, ക്രിമിനലുകള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണമെന്നും ശരത്ലാലിന്റെ അച്ഛന് സത്യനാരായണന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: