ന്യൂദല്‍ഹി: ഓസ്ട്രേലിയക്കെതിരായ രണ്ട് ഏകദിനങ്ങളില്‍ വമ്പന്‍ വിജയലക്ഷ്യം പിന്തുടര്ന്ന് ഇന്ത്യ ദയനീയതോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
പേസര്‍ ജസ്പ്രീത് ബുംറയെ കൈകാര്യം ചെയ്തതില്‍ കോഹ് ലിക്ക് വീഴ്ച പറ്റിയെന്ന് ഗംഭീര്‍ ആരോപിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ ബുംറയ്ക്ക് ആദ്യ സ്പെല്ലില് രണ്ട് ഓവര്‍ മാത്രമാണ് നല്‍കിയത്. ഇത് മണ്ടത്തരമായിപ്പോയി. ലോകത്ത് ഒരു ക്യാപ്റ്റനും ഇങ്ങനെ ചെയ്യില്ലെന്ന് ഗംഭീര്‍ പറഞ്ഞു.
ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അവരുടെ ഏറ്റവും മികച്ച പേസ് ബൗളര്‍ ജോഷ് ഹെയ്സല്‍വുഡിനെ ഭംഗിയായി കൈകാര്യം ചെയ്തു. ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണെന്നും ഗംഭീര്‍ വെളിപ്പെടുത്തി.
ബൗളര്‍മാര്‍ നിറം മങ്ങിയതാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ തോല്‍വിക്ക് കാരണം. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപരത്തിയ ഓസീസ് ബാറ്റസ്മാന്മാര് ആദ്യ മത്സരത്തില്‍ 374 റണ്‍സും രണ്ടാം മത്സരത്തില്‍ 389 റണ്‍സും നേടി. വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. അവസാന മത്സരം നാളെ കാന്‍ബറയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: