തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച എ.ചന്ദ്രശേഖറിന്റെ ‘മലയാള സിനിമയിലെ അടുക്കള’ എന്ന പുസ്തകം സംവിധായകന് മോഹന്‍ നടി ശ്രീലക്ഷ്മിക്ക് നല്കി പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി നവതി ഫെലോഷിപ്പിന്റെ ഭാഗമായി സമര്‍പ്പിച്ച പ്രബന്ധത്തിന്റെ പുസ്തകരൂപമാണിത്.
കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ സിഫ്ര കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്രഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ഭരണസമിതി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പ് പദ്ധതിയില്‍ ആദ്യത്തേതായിരുന്നു 2018ലെ നവതി ഫെലോഷിപ്പ്. ഈ വര്‍ഷം 26 പേര്‍ക്ക് ഫെലോഷിപ്പും 14 പേര്‍ക്ക് റിസര്‍ച്ച് ഗ്രാന്റും അനുവദിച്ചുകൊണ്ട് മലയാള ചലച്ചിത്ര ചരിത്രത്തിന്റെ ക്രോഡീകരണം എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിന്റെ പാതയിലാണ് അക്കാദമി എന്ന് ചെയര്മാന് കമല്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
ശ്രീലക്ഷ്മി, ഡോ.എസ് പ്രീയ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഗ്രന്ഥകര്‍ത്താവ് എ.ചന്ദ്രശേഖര്‍ മറുപടിപ്രസംഗം നടത്തി. അക്കാദമി സെക്രട്ടറി സി.അജോയ് സ്വാഗതവും ട്രഷറര്‍ സന്തോഷ് ജേക്കബ് കെ നന്ദിയും പറഞ്ഞു. നവതി ഫെലോഷിപ്പിന്റെ ഭാഗമായി സമര്‍പ്പിക്കപ്പെട്ട പുസ്തകങ്ങള്‍ ചലച്ചിത്രപഠന പരമ്പര എന്ന സീരിസില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുമെന്നും അവ മുന്‍നിര പുസ്തകശാലകളിലുള്‍പ്പെടെ ലഭ്യമാക്കുമെന്നും സെക്രട്ടറി അറിയിച്ചു. 380 രൂപ മുഖവിലയുള്ള ‘മലയാള സിനിമയിലെ അടുക്കള’ ചലച്ചിത്ര അക്കാദമി ഓഫീസിലും ആമസോണ്‍ എന്ന ഓണ്‍ലൈന്‍ വിപണിയിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: