ചെന്നൈ: എത്രയും വേഗം രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുമെന്ന് രജനികാന്ത്. രജനി മക്കള്‍ മണ്‍ട്രത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്. ഞാന്‍ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു, ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ അവരുമായി പങ്കുവച്ചു. ഞാന്‍ എന്ത് തീരുമാനമെടുത്താലും എന്റെ പക്ഷത്തുണ്ടാകുമെന്ന് അവര്‍ എനിക്ക് ഉറപ്പ് നല്കി. മത്സരിക്കുന്ന കാര്യത്തിലടക്കം എന്റെ തീരുമാനം എത്രയും വേഗം പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് വ്യക്തമാക്കി.
ഇന്നു രാവിലെ ചെന്നൈയിലാണ് രജനി മക്കള്‍ മണ്ട്രത്തിന്റെ യോഗം നടന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തിയപ്പോള്‍ രജനികാന്തിനെ കാണാന്‍ ശ്രമിച്ചത് ഏറെ അഭ്യൂഹങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട സുപ്രധാന യോഗമാണ് ഇന്നു വിളിച്ച് ചേര്‍ത്തത്. ചെന്നൈ കോടമ്പാക്കത്ത് രജനികാന്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ രാവിലെ 10 മണിയ്ക്കാണ് യോഗം ആരംഭിച്ചത്. രജനി മക്കള്‍ മണ്ട്രത്തിന്റെ സംസ്ഥാന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു. ഓരോ നേതാവുമായും നേരിട്ട് സംസാരിച്ച് അഭിപ്രായം ആരായുന്ന തരത്തിലായിരുന്നുയോഗം.
വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള രജനി കൊവിഡ് പ്രോട്ടോക്കോളില്‍ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുന്നയാളാണ്. അതുകൊണ്ടാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ടു പോകുന്നത് എന്നതരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. താന്‍ പാര്‍ട്ടി രൂപീകരിക്കുമെന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ 234 നിയോജകമണ്ഡലങ്ങളിലും മത്സരിക്കുമെന്നും 2017 ല്‍ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: