തദ്ദേശ തെര െഞ്ഞടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ ഏവരും ഉറ്റുനോക്കുന്നത് തലസ്ഥാന ജില്ലയിലെ തെരഞ്ഞെടുപ്പിനെ. തലസ്ഥാനം പിടിച്ചാല്‍ സംസ്ഥാനം പിടിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കാലങ്ങളായുള്ള കണക്കു കൂട്ടല്‍. അതിനാല്‍ ഭരണ സിരാകേന്ദ്രത്തിന്റെ തട്ടകത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് കാലങ്ങളായി അത്രയേറെ പ്രധാന്യവും അര്‍ഹിക്കുന്നു. യുഡിഎഫ് എല്‍ഡിഎഫ് മൂന്നണികള്‍ മാറി മാറി കുത്തകയാക്കി വച്ചിരുന്നു തലസ്ഥാനത്തെ തദ്ദേശ സ്ഥാനപനങ്ങള്‍. എന്നാല്‍ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ ചിത്രം മാറ്റി മറിഞ്ഞു.
ഒരു കോര്പ്പറേഷന്, നാല് നഗരസഭ. 73 ഗ്രാമപഞ്ചായത്തുകള്‍,155 ബ്ലോക്ക് ഡിവിഷനുകള്‍, 26 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവ ചേര്‍ന്നതാണ് തലസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങള്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 209 ജനപ്രതിനിധികള്‍ ജില്ലയിലാകെ എന്‍ഡിഎയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ ബിജെപി നേടിയ സീറ്റുകളുടെ എണ്ണത്തിന്റെ രസതന്ത്രത്തെക്കുറിച്ച് ഇന്നും ഇരുമുന്നണികള്‍ക്കും പിടികിട്ടിയിട്ടില്ല. ഇടതുവലത് മുന്നണികള്‍ കുത്തകയാക്കി വച്ചിരുന്ന 35 സീറ്റുകളില്‍ ബിജെപി അട്ടിമറി വിജയം നേടുകയായിരുന്നു. ഭരണത്തിലെത്തിയ എല്‍ഡിഎഫുമായി ഒമ്പതു സീറ്റിന്റെ വ്യത്യാസം മാത്രം. യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ട് ബിജെപി മുഖ്യ പ്രതിപക്ഷ കക്ഷിയായത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ വീശിയടിച്ച ഈ തെക്കന്‍ കാറ്റിനെയാണ് ഇത്തവണ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ ഭയക്കുന്നത്. ഏറ്റവും വാശിയേറിയ പോരാട്ടമാണ് തലസ്ഥാനത്തെ കോര്‍പ്പറേഷനില്‍ നടക്കുന്നത്. ബിജെപി 95 സീറ്റിലും നാലു സീറ്റില്‍ എന്‍ഡിഎ ഘടകകക്ഷികളും ഒരു സീറ്റില്‍ ബിജെപി പിന്തുണയുള്ള സ്വതന്ത്രനും മത്സര രംഗത്തുണ്ട്. എല്ലാ വാര്‍ഡുകളിലും ശക്തമായ മത്സരമാണ് എന്‍ഡിഎ കാഴ്ച വയ്ക്കുന്നത്. യുഡിഎഫ് മത്സര രംഗത്തു നിന്ന് ഏതാണ്ട് പുറത്തായിരിക്കുന്നു. എല്‍ഡിഎഫും ബിജെപിയും തമ്മില്‍ നേരിട്ടുള്ള കടുത്ത മത്സരമാണ് ഇവിടെ ദൃശ്യമാകുന്നത്. ജില്ലയില്‍ ഗ്രാമനഗരഭേദമന്യേ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് ഉരുത്തിരിയുന്നത്.
കാല്‍നൂറ്റാണ്ടായി തിരുവനന്തപുരം കോര്പ്പറേഷന് ഭരിക്കുന്നത് എല്‍ഡിഎഫാണ്. കഴിഞ്ഞ തവണ കാലാവധി തികച്ചത് യുഡിഎഫിന്റെ പിന്തുണയോടെയും. ഇക്കുറി നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ 2015ലെ നേട്ടം മറികടക്കുകയെന്ന വെല്ലുവിളിയേറ്റെടുത്ത് നീങ്ങുന്ന ബിജെപി വ്യക്തമായ മേല്‍ക്കൈയോടെ ഭരണത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ നീങ്ങുന്നത്.
ഗ്രാമ പ്രേദേശങ്ങളില്‍ വന്‍ മുന്നേറ്റം നടത്തിയ ബിജെപി, 57 ഗ്രാമപഞ്ചായത്തുകളില്‍ ബിജെപിയുടെ സാന്നിധ്യം പ്രകടമായി. മൂന്ന് പഞ്ചായത്തുകള്‍ ഭരിക്കുകയും മൂന്ന് പഞ്ചായത്തുകളില്‍ ശക്തമായ പ്രതിപക്ഷവുമായി. ചില പഞ്ചായത്തുകളില്‍ നിര്‍ണ്ണായക ശക്തിയുമായി. ഇടതിന്റെ കോട്ടയായിരുന്ന വെങ്ങാനൂര്‍, കല്ലിയൂര്‍, വിളപ്പില്‍ എന്നീ പഞ്ചായത്തുകളിലാണ് അട്ടിമറി വിജയം നേടി ബിജെപി ഭരണത്തിലെത്തിയത്. മാറനല്ലൂരില്‍ മൂന്ന് വര്‍ഷം ബിജെപി ഭരണം നടത്തിയെങ്കിലും സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ അവിശ്വാസ പ്രമേയം കൊണ്ടു വന്ന് ഭരണത്തില്‍ നിന്നും അകറ്റുകയായിരുന്നു. വിളവൂര്‍ക്കല്‍, വിളപ്പില്‍ പഞ്ചായത്തുകളില്‍ ബിജെപിയുടെ ശക്തമായ പ്രതിപക്ഷ സാന്നിധ്യവും ഉണ്ടായി. ഇടതിന്റെ കോട്ടയായിരുന്ന വെങ്ങാനൂര്‍ ജില്ലാ ഡിവിഷന് ബിജെപി സ്വന്തമാക്കുകയും ചെയ്തു. ഇക്കുറി സാന്നിധ്യമില്ലാതിരുന്ന ഗ്രാമപഞ്ചായത്തുകളില്‍ അംഗബലം ഉറപ്പാക്കാനും പ്രതിപക്ഷത്തായിരുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണംപിടിക്കാനുമുള്ള ശക്തമായ മത്സരമാണ് നടക്കുന്നത്. എല്ലാ സീറ്റുകളിലും ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ഘടകകക്ഷികളായ ബിഡിജെഎസ്, കേരള കാമരാജ് കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനത എന്നീ കക്ഷികളുടെയും ശക്തമായ സാന്നിധ്യം എന്‍ഡിഎക്ക് ശക്തിപകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: