ന്യൂദല്‍ഹി: കൊറോണ പ്രതസന്ധിയില്‍ നിന്ന് മുക്തമായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം പഴയ വളര്‍ച്ചയിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണെന്ന് ഫിക്കി (ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ്) പ്രസിഡന്റ് ഡോ. സംഗീത റെഡ്ഡി. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ത്രൈമാസ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ഏഴര ശതമാനം മാത്രമേ ചുരുങ്ങിയിട്ടുള്ളു. അതിനു തൊട്ടുമന്‍പുള്ള ത്രൈമാസ പാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. മൂന്നു മാസം കൊണ്ടു തന്നെ വലിയ മാറ്റം സമ്പദ് ഘടനയില്‍ വന്നു കഴിഞ്ഞു, സംഗീത റെഡ്ഡി പറഞ്ഞു.
സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വലിയ മാറ്റമാണിത്. സമ്പദ് വ്യവസ്ഥ അതിവേഗം പഴയ നിലയിലേക്ക് മടങ്ങുകയാണ്. ഉത്പാദന മേഖലയില്‍ വളര്‍ച്ച വീണ്ടും പ്രത്യക്ഷമായിട്ടുണ്ട്. സര്‍ക്കാരിന്റെ നയങ്ങളും നടപടികളും ഇതുവരെ പ്രോത്സാഹനജനകമായിരുന്നു. തുടര്‍ന്നും അങ്ങനെ തന്നെയാകുമെന്ന് പ്രതീക്ഷിക്കുന്നു. സമ്പദ് വ്യവസ്ഥ അതിവേഗം മടങ്ങിവരികയാണെന്ന് അസോചെം സെക്രട്ടറി ദീപക സൂദം പറഞ്ഞു. കഴിഞ്ഞ ത്രൈമാസ പാദത്തില്‍ വളര്‍ച്ച 23.9 ശതമാനമാണ് കുറഞ്ഞത്. അത് ഇക്കഴിഞ്ഞ ത്രൈമാസ പാദത്തില്‍ വെറും 7.5 ശതമാനമായി.
കൊറോണ പ്രതിസന്ധി മറികടന്ന് സമ്പദ് വ്യവസ്ഥ വേഗം വളര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണിത്, അദ്ദേഹം തുടര്‍ന്നു. ഇങ്ങനെ പോയാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ നമുക്ക് അത്ഭുതം പ്രതീക്ഷിക്കാം, ദീപക് സൂദ് പറഞ്ഞു. ഗ്രാമീന് സമ്പദ് വ്യവസ്ഥയിലാണ് വലിയ മാറ്റം, ഒപ്പം നഗരങ്ങളിലെ ഉപഭോഗവും കൂടി. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലായിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നതെന്ന് ആക്സിസ് സെക്യൂരിറ്റീസ് എംഡി ബി. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: