തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധിക്കാനാകാത്ത സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെയും കൈവിടുന്നു. രവീന്ദ്രനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ കുടുങ്ങിയെന്ന് ഉറപ്പായതാണ് കാരണം. രോഗങ്ങളുടെ മറവില്‍ മെഡിക്കല്‍ കോളേജിലാക്കി ചികിത്സയുടെ കാരണം പറഞ്ഞ് രവീന്ദ്രനെ രക്ഷപ്പെടുത്താനുള്ള ശ്രമവും പൊളിഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സമാനമായ രീതിയിലാണ് കൈവിട്ടത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഇന്നോ നാളെയോ മൂന്നാമത് നോട്ടീസ് രവീന്ദ്രന് നല്‍കാനിരിക്കുകയാണ്. രവീന്ദ്രന് ഇഡിക്കു മുന്നില്‍ ഹാജരാകാന്‍ വൈകുന്നതിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇ ഡി ചോദ്യം ചെയ്യലിന് ശേഷം സി.എം. രവീന്ദ്രനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തള്ളാനാവില്ല. ഇത് മുന്നില്‍ക്കണ്ടാണ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു സി.എം. രവീന്ദ്രനെ വേഗത്തില്‍ ഒഴിവാക്കാനുള്ള നീക്കം ആരംഭിച്ചത്. സി.എം. രവീന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ ഇ ഡിക്ക് ലഭിച്ചതായാണ് വിവരം. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ മറവില്‍ ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നെന്ന് ഇ ഡി കണ്ടെത്തിയതായും സൂചനയുണ്ട്. ഇ ഡിയുടെ ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചതിനു പിന്നാലെ ആശുപത്രിയിലായ രവീന്ദ്രനെ സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ഇ ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കര്‍ശന നിര്‍ദേശവും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നല്‍കിയതായാണ് വിവരം. രവീന്ദ്രനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രമുഖനും ഇ ഡിയുടെ സംശയ നിഴലിലുണ്ട്. രവീന്ദ്രനെ ചോദ്യം ചെയ്തതിനു ശേഷം അദ്ദേഹത്തെയും ഇ ഡി ചോദ്യം ചെയ്യാനാണ് സാധ്യത. രവീന്ദ്രനും അമ്മയുടെ ചേച്ചിയുടെ മകനും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ ഗോപിനാഥനും ചേര്‍ന്ന് വടകരയില്‍ ഒരു സ്വര്‍ണക്കട ബിനാമിയായി നടത്തുന്നുണ്ടെന്നാണ് സൂചന. ഇക്കാര്യം ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. രവീന്ദ്രനു പിന്നാലെ ഗോപിനാഥനെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: