പത്തനംതിട്ട: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കും മുന്‍പ് വാര്‍ത്താസമ്മേളനം വിളിച്ച് മാധ്യമങ്ങള്‍ക്കു മുന്പില് വിശദീകരിച്ച സംഭവത്തില്‍ ധനന്ത്രി തോമസ് ഐസക്ക് ഭരണഘടനാ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്. ഇതിനുശേഷം നാണില്ലാതെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) പേരും കേന്ദ്രസര്‍ക്കാരിന്റെ പേരും വലിച്ചിഴയ്ക്കുന്നത് ധനകാര്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനില്‍നിന്ന് പ്രതീക്ഷിക്കുന്ന സമീപനമല്ലെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി മുരളീധന്.
താന്‍ ചട്ടം ലംഘിച്ചു, നിയമസഭയില്‍ വരട്ടെ, നോക്കട്ടെ എന്നാണ് സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചത്. ഇങ്ങനെയാണോ ധനകാര്യമന്ത്രി മറുപടി പറയേണ്ടതെന്നും വി മുരളീധരന് ചോദിച്ചു. ഈ രീതിയില്‍ മറുപടി പറഞ്ഞുകൊണ്ട് ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ആളുകള്‍ അവരുടെ കാര്യമാണ് ആദ്യം വിശദീകരിക്കേണ്ടത്. നിയമസഭയില്‍ വയ്ക്കേണ്ട സിഎജി റിപ്പോര്‍ട്ട് എന്ത് അടിസ്ഥാനത്തിലാണ് പുറത്തുവിട്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുപോലും തൃപ്തികരമായ മറുപടി തോമസ് ഐസക്ക് നല്‍കിയിട്ടില്ല.
സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തിയാല്‍ ഉടന്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ചിന്തിക്കുന്ന തരത്തില്‍ ബുദ്ധിയില്ലാത്ത ആളുകളല്ല കേന്ദ്രം ഭരിക്കുന്നതെന്നും വി മുരളീധരന് പറഞ്ഞു. അന്വേഷണം എവിടെവരെയെത്തുമെന്ന് കേരളത്തില്‍ ഭരണത്തിലിക്കുന്നവര്‍ക്ക് നന്നായിട്ട് അറിയാം. വീഴ്ചകളെന്തൊക്കെയന്നും എന്തൊക്കെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ചെയ്തവര്‍ക്കാണ് മറ്റുള്ളവരെക്കാളും നന്നായി അറിയുക.
പിടിക്കപ്പെടുമെന്ന ഭയമാണ് ഒരുമുഴം മുന്‍കൂട്ടി എറിയാന്‍ പ്രരിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാരിനെതിരായ ആരോപണം ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്‍പേ എറിയാനുള്ള ഉദ്ദേശ്യം മാത്രമാണ്. അതിനപ്പുറം ആരോപണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: