1986 ജൂണ്‍ 22, മെക്സിക്കോ ലോകകപ്പ് ഫുട്ബോളിന്റെ സെമിഫൈനല്‍ നടക്കുന്ന ആസ്റ്റക്ക് സ്്റ്റേഡിയം. ഏറ്റുമുട്ടുന്നത്് അര്‍ജന്റീനയും ഇംഗ്ലണ്ടും. ഈ മത്സരം ലോകചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. രണ്ടുകാരണങ്ങള്‍ കൊണ്ട്. രണ്ടിനു പിന്നിലും ഒരാള്‍ തന്നെ. രണ്ടും ഗോളിന്റെ പേരിലാണ് അറിയപ്പെട്ടത്. ഈ ഗോളുകള്‍ അടിച്ചത്് ഇന്നലെ അകാലത്തില്‍ അന്തരിച്ച ഡീഗോ അരമാന്‍ഡ മാറഡോണയെന്ന 165 സെ.മീ. മാത്രം ഉയരമുള്ള താരവും. ദൈവവും ചെകുത്താനും ഒന്നിച്ച് കളിക്കാനിറങ്ങിയ ദിവസമെന്നാണ് ഈ ദിനത്തിന് ചാര്‍ത്തിക്കൊടുത്ത വിശേഷണം.
ചെകുത്താന് അടിച്ചത് നൂറ്റാണ്ടിന്റെ തട്ടിപ്പും ദൈവമടിച്ചത് നൂറ്റാണ്ടിന്റെ ഗോളുമായി. ഐതിഹാസികമായ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരേ അര്‍ജന്റീനയ്ക്ക് ജയം സമ്മാനിച്ച ആ ഗോളുകള്‍ രണ്ടും ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയെങ്കിലും അന്ന് ജയിച്ചത് ദൈവമോ ചെകുത്താനോ എന്ന് ഇന്നും തീര്‍പ്പായിട്ടില്ല.
രാഷ്ട്രീയവും രാജ്യതന്ത്രവും കലങ്ങിമറിഞ്ഞ ആശങ്കകളുടെ പ്രക്ഷുബ്ധമായ ആകാശത്തിന് കീഴിലാണ് 1986 ജൂണ്‍ 22ന് അര്‍ജന്റീനയും ഇംഗ്ലണ്ടും ഒന്നേകാല്‍ ലക്ഷത്തോളം പേര് നിറഞ്ഞുനിന്ന ആസ്റ്റക്ക് സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ നിന്നത്. കളിയുടെ 50-ാം മിനിറ്റുവരെ രണ്ട് ടീമുകളും ഗോളടിച്ചില്ല.51-ാം മിനിറ്റില്‍ സകലകെട്ടുകളും പൊട്ടിച്ചെറിഞ്ഞത്.
മറഡോണയെന്ന പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞവന്. ഒലാര്ട്ടിക്കോഷ്യയില് നിന്ന് കിട്ടിയ പന്തുമായി ഹോഡിലിനെയും പീറ്റര്‍ റീഡിനയും ഫെന്‍വിക്കിനെയും മറികടന്നു. പിന്നെ ഡിയുടെ വക്കില്‍ വച്ച് ബുച്ചറെയും കെന്നി സാംസണെയും തന്നിലേയ്ക്ക് ആവാഹിച്ചുവരുത്തി വലതുപാര്‍ശ്വത്തില്‍ വാല്ഡാനോയ്ക്ക് ഒരു ഡയഗണല്‍ പാസ് നല്കി ശേഷം തിങ്ങിനിറഞ്ഞ ഇംഗ്ലീഷ് ഡിഫന്‍സിനിടയിലൂടെ ഓടിക്കയറുകയായിരുന്നു മാറഡോണ. അപകടമേഖലയില്‍ വാള്ഡാനോയില് നിന്ന് പന്ത് റാഞ്ചിയ സ്റ്റീവ് ഹോഡ്ജ് അത് ഗോളി പീറ്റര്‍ ഷില്ട്ടന് പൊക്കി മറിച്ചുകൊടുത്തു. ഡിഫന്‍ഡറുടെ പാസ് ഗോളിക്ക് പിടിക്കാവുന്ന കാലം. ആറടിക്കാരന് അതികായന് ഷില്‍ട്ടണ്‍ കൈകള്‍ നീട്ടി പന്ത് കുത്തിയകറ്റാനാഞ്ഞു.
പക്ഷേ, വെടിയുണ്ട കണക്ക് ഓഫ് സൈഡ് കെണിയില്‍ നിന്ന് കുതറി ഓടിയെത്തി ഷില്‍ട്ടനൊപ്പം ചാടിയ മറഡോണ പന്ത് വലയിലെത്തിച്ചു. കിക്കോഫ് വിസില്‍ മുതല്‍ മാറഡോണയെ എല്ലാ അര്‍ഥത്തിലും വേട്ടയാടിയ ഇംഗ്ലീഷ് പ്രതിരോധക്കാരന് ടെറി ഫിന്‍വിക്ക് ഓഫ്സൈഡിന് റഫറിയോട് തൊണ്ടകീറി തര്‍ക്കിക്കുമ്പോള്‍ സൈഡ് ലൈനില്‍ ഡീഗോ ഗോളടിച്ചതിന്റെ ആഘോഷത്തിലായിരുന്നു. ടെിവിഷന്‍ റീപ്ലേകളില്‍ അപാകതകളൊന്നും ആരുടെയും കണ്ണില്‍പ്പെട്ടില്ല. പക്ഷേ, ഇംഗ്ലണ്ടിന്റെ പോസ്റ്റിന്റെ ഭാഗത്തിരുന്ന ചില മാധ്യമപ്രവര്‍ത്തകരെങ്കിലും അടക്കം പറഞ്ഞു. ഡീഗോയുടെ ഗോള്‍ തലകൊണ്ടല്ല, കൈകൊണ്ടാണെന്ന്്. അപ്പൊഴേയ്ക്കും ലൈന്‍ റഫറിയോട് ആരാഞ്ഞ് അല്‍ നാസര്‍ ഗോളുറപ്പിച്ച് ലോങ് വിസില്‍ മുഴക്കിക്കഴിഞ്ഞു.
ലോകത്തിന്റെ കണ്ണില്‍ പെടാത്തപോയ ആ കളങ്കം മായ്ക്കാന്‍ വെറും നാല് മിനിറ്റേ വേണ്ടിവന്നുള്ളൂ മാറഡോണയെന്ന ദൈവത്തിന്. എല്ലാം സംഭവിച്ച വെറും പത്ത് സെക്കന്ഡിനുള്ളിതല്. സ്വന്തം പകുതിയില്‍ നിന്ന് ഇടങ്കാലില്‍ കോരിയെടുത്ത പന്തുമായി ഇടതുവിംഗിലൂടെ മറഡോണ കുതിപ്പ് തുടങ്ങി. ആദ്യം പീറ്റര്‍ ബിയേഡ്സ്ലിയെ. പിന്നെ പീറ്റര്‍ റീഡ്, അതുകഴിഞ്ഞ് രണ്ട് തവണ ടെറി ബുച്ചറെ. പിന്നെ ടെറി ഫെന്‍വിക്ക്. ഒടുവില്‍ മുന്നോട്ടുകയറിയ പീറ്റര്‍ ഷില്‍ട്ടനെ. ബോക്സിന്റെ ഇടത്തുനിന്ന് രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ വെടിയുണ്ട പോലെ പന്ത് വലയിലേയ്ക്ക് പറക്കുന്നത് അത്ഭുതത്തോടെയാണ് ലോകം കണ്ടുനിന്നത്. ഒരൊറ്റ ഗോളോടെ ചെകുത്താനില്‍ നിന്ന് ദൈവത്തിലേയ്ക്കൊരു പരകായപ്രവേശം. പിന്നീട് നൂറ്റാണ്ടിന്റെ ഗോളായി മാറി ഇത്.
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളിലാണ് മറഡോണ അര്‍ജന്റീനക്കുവേണ്ടി കളിച്ചത്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയം. ഈ ലോകകപ്പിലാണ് ദൈവത്തിന്റെ കൈകൊണ്ടുള്ള ഗോളും നൂറ്റാണ്ടിലെ ഗോളും മറഡോണ സ്വന്തമാക്കിയത്. ബെല്‍ജിയത്തിനെതിരായ സെമിഫൈനലിലും രണ്ട് ഗോളടിച്ച മറഡോണ അര്‍ജന്റീനയെ ഫൈനലിലെതത്തിച്ചു.
മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപന്ത് മറഡോണ സ്വന്തമാക്കുകയും ചെയ്തു. തൊട്ടടുത്ത ലോകകപ്പിലും മറഡോണ അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചെങ്കിലും ജര്‍മ്മനിയോട് 1-0ന് തോറ്റു.
1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെ തന്റെ പതിനാറാം വയസ്സില്‍ മറഡോണ അര്‍ജന്റീന ജേഴ്സിയില്‍ അരങ്ങേറ്റം കുറിച്ചു. 1979 ജൂണ്‍ 2ന് സ്കോട്ട്ലന്‍ഡിനെതിരെയാണ് സീനിയര്‍ തലത്തില്‍ മറഡോണയുടെ ആദ്യ അന്താരാഷ്ട്ര ഗോള്‍.
ദേശീയ ടീമില്‍ അംഗമായിരുന്നിട്ടും പരിചയക്കുറവിന്റെ പേരില്‍ മറഡോണക്ക് 1978ലെ ലോകകപ്പിനുള്ള അര്‍ജന്റീനന്‍ ടീമില്‍ മറഡോണക്ക് ഇടം ലഭിച്ചില്ല. 1982-ല്‍ ലോകകപ്പില്‍ അരങ്ങേറ്റം. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അര്‍ജന്റീന പുറത്തായി. ബ്രസീലിന്റെ കളിക്കാരന് ജോവോ ബാറ്റിസ്റ്റാ ഡസില്‍വയെ ചവിട്ടിവീഴ്ത്തിയതിന് മറഡോണ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. അര്‍ജന്റീനയുടെയും മറഡോണയുടേയും ഏറ്റവും മോശപ്പെട്ട ലോകകപ്പ് പ്രകടനങ്ങളിലൊന്നായിരുന്നു ഇത്.
ഇതിന് മുന്‍പ് 1979-ലെ യൂത്ത് ഫുട്ബോള്‍ ലോകകപ്പ് നേടിയ അര്‍ജന്റീന സംഘത്തില്‍ മറഡോണ അംഗമായിരുന്നു. ഈ ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്ത് നേടുകയും ചെയ്തു. 1982 മുതല്‍ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളില്‍ മറഡോണ അര്‍ജന്റീനക്കു വേണ്ടി കളത്തിലിറങ്ങി. മറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്റീന 1986-ല്‍ ലോകകപ്പ് വിജയിക്കുകയും 1990-ല്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1986 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്തും മറഡോണക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും സ്വര്‍ണ്ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ. അന്താരാഷ്ട്ര ഫുട്ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.
1990-ലെ ഇറ്റലി ലോകകപ്പിനിടക്ക് നടത്തിയ ഒരു ഉത്തേജകമരുന്നുപരിശോധനയില്‍ പിടിക്കപ്പെട്ട് തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നും വിലക്കപ്പെട്ടു. തന്റെ പ്രൊഫഷണല്‍ ക്ലബ് ഫുട്ബോള്‍ ജീവിതത്തില്‍, അര്‍ജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെല്‍സ് ഓള്‍ഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയില്‍ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്.
പത്താം വയസില്‍ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോള്‍ത്തന്നെ തന്റെ പ്രകടനങ്ങള്‍ കൊണ്ട് മറഡോണ ശ്രദ്ധേയനായി. അര്‍ജന്റീനോസ് ജൂനിയേഴ്സില്‍ കളിക്കുമ്പോള്‍ കുട്ടിയായിരുന്ന മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ കളികളില്‍ പരിശീലകന് കളിക്കാനിറക്കുമായിരുന്നു. അര്‍ജന്റീന പ്രൊഫഷണല്‍ ലീഗില്‍ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മറഡോണ. 1976 മുതല്‍ 1980 വരെയുള്ള കാലയളവില്‍ അര്‍ജന്റീനോസ് ജൂനിയേഴ്സിനു വേണ്ടി മറഡോണ 166 മത്സരങ്ങള്‍ കളിക്കുകയും അതില്‍ നിന്ന് 116 ഗോളുകള്‍ നേടുകയും ചെയ്തു.
1981-ല്‍ മറഡോണ ബൊകാ ജൂനിയേഴ്സിലേക്ക് മാറി. പത്തു ലക്ഷം പൗണ്ടായിരുന്നു കൈമാറ്റത്തുക. ബൊക്ക ജൂനിയേഴ്സിനു വേണ്ടി 1982 വരെ കളിച്ച മറഡോണ, 1982-ല്‍ ടീമിനെ ലീഗ് ജേതാക്കളാക്കുന്നതില്‍ പ്രമുഖപങ്കുവഹിച്ചു.
1982-ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബ്ബായ ബാഴ്സലോണ മറഡോണയെ സ്വന്തമാക്കി. കൈമാറ്റത്തുകയായിരുന്ന അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോകറെക്കോഡായിരുന്നു. എന്നാല്‍ ബാഴ്സലോണയില്‍ കളിക്കുന്ന കാലയളവ് പരിക്കുകളുടേയും രോഗത്തിന്റേയ്യും വിവാദങ്ങളുടേയും കാലമായിരുന്നു. ഹെപറ്റൈറ്റിസും, കളിക്കിടെ സംഭവിച്ച പരിക്കും ഫുട്ബോള്‍ ജീവിതത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി. ബാഴ്സലോണ ടീം മേധാവികളുമായി, പ്രത്യേകിച്ച് ക്ലബ് അദ്ധ്യക്ഷന്‍ ജോസെപ് ല്യൂയിസ് ന്യൂനെസുമായുള്ള തുടര്‍ച്ചയായ വിവാദങ്ങളും ഇക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു. ഇതിനെത്തുടര്‍ന്ന് 1984-ല്‍ മറഡോണ ബാഴ്സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായിരുന്നു.
1984 മുതല്‍ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു. ഇതാണ് മറഡോണയുടെ ഫുട്ബോള്‍ ജീവിതത്തിന്റെ സുവര്‍ണ്ണകാലമായി കണക്കാക്കപ്പെടുന്നത്. നാപ്പോളിക്കൊപ്പം രണ്ട് ഇറ്റാലിയന്‍ സീരി എ കിരീടങ്ങളും ഒരു യുവേഫ കപ്പും മറഡോണ സ്വന്തമാക്കി. അവര്‍ക്കായി 259 മത്സരങ്ങളില്‍ നിന്ന് 115 ഗോളുകളും അടിച്ചുകൂട്ടി. എങ്കിലും മയക്കുമരുന്നുപയോഗവും, പരിശീലനങ്ങളില്‍ പങ്കെടുക്കാത്തതും, അവിഹിതബന്ധത്തെക്കുറിച്ചുമുള്ള വിവാദങ്ങള്‍ക്കും ഈ കാലയളവ് സാക്ഷ്യംവഹിച്ചു.
1991 മാര്‍ച്ച് 17-ന് ഒരു മത്സരശേഷമുള്ള പരിശോധനയില്‍ മറഡോണ, മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് 15 മാസത്തേക്ക് ഫുട്ബോളില്‍ നിന്ന് അദ്ദേഹത്തെ വിലക്കി. വിലക്കുമാറിയശേഷം 1992-ല്‍ സ്പെയിനിലെ സെവിയ്യ ക്ലബിലേക്ക് മാറി. ഒരു വര്‍ഷം സെവിയ്യക്കു വേണ്ടി കളിച്ചു. 1993 മുതല്‍ 1995 വരെ അര്‍ജന്റീനയിലെ നെവെല്‍സ് ഓള്‍ഡ് ബോയ്സിനു വേണ്ടിയും 1995 മുതല്‍ 1997 വരെ ബോക്ക ജൂനിയേഴ്സിനു വേണ്ടിയും കളിച്ചു.
കളിക്കളത്തില്‍ നിന്ന് വിരമിക്കുകയും പിന്നീട് മയക്കുമരുന്നില്‍ നിന്ന് മുക്തിനേടുകയും ചെയ്തശേഷം മറഡോണ പരിശീലകന്റെ വേഷവുമണിഞ്ഞു. അതിന് മുന്‍പ് റേസിങ് ക്ലബിന്റെയും കോച്ചായി. 2008 മുതല്‍ 10 വരെ അര്‍ജന്റീന ടീമിന്റെ പരിശീലകനായി. അതിനുശേഷം 2011-12 കാലഘട്ടത്തില്‍ ദുബായ് ക്ലബ് അല്‍ വാസിയുടെയും 2017-18-ല്‍ ഫുജിറ ക്ലബിന്റെയും പരിശീലകനായി മാറി.
പിന്നീട് മെക്സിക്കന്‍ ക്ലബ് ദൊറഡോസ് ഡി സിനോളയുടെയും ഒടുവില്‍ അര്‍ജന്റീന ക്ലബ്് ജിംനാസിയ ഡി പ്ലാറ്റയുടെയും കോച്ചായി. ഒടുവില്‍ തന്റെ 60-ാം പിറന്നാള്‍ ആഘോഷിച്ച് ഒരു മാസം തികയുന്നതിന് മുന്‍പ് ഇന്നലെ മറഡോണ കളികളില്ലാത്ത ലോകത്തേയ്ക്ക് യാത്രയാവുകയും ചെയ്തു. മയക്കുമരുന്ന് ഉപയോഗവും കുത്തഴിഞ്ഞ ജീവിതശൈലിയുമാണ് അകാലത്തില്‍ മറഡോണ കളികളില്ലാത്ത ലോകത്തേക്ക് പറന്നതിന്റെ മുഖ്യ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: