ശ്ലോകങ്ങളുടെ കാര്യത്തിലായാലും ഈരടികളുടെ കാര്യത്തിലായാലും കെട്ടിലും മട്ടിലും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിഷ്കര്‍ഷ പുലര്‍ത്തുന്ന കവിയാണ് എന്‍.കെ. ദേശം. മൂല്യച്യുതികളുടെ നേര്‍ക്കുള്ള ചാട്ടുളികളാണ് അദ്ദേഹത്തിന്റെ മിക്ക കവിതകളും. സമൂഹത്തിലെ കൊള്ളരുതായ്മകള്‍ എല്ലാം കാണുകയും അതിനെതിരെ പ്രതികരിക്കുന്നവയുമാണ് പല കവിതകളും. വളരെയധികം എഴുതിക്കൂട്ടിയിട്ടില്ല. കൗമാര പ്രായത്തിലേ കവിത എഴുതിത്തുടങ്ങിയതാണ്. ഇപ്പോള്‍ ശതാഭിഷിക്തനായിട്ടുണ്ട്. എങ്കിലും അധികം പുസ്തകങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
എല്ലാ കവിതയിലും സ്നേഹത്തിന്റെ ഒരു ആര്‍ദ്ര മധുരവും നര്‍മത്തിന്റെ ഊഷ്മളതയുമുണ്ട്. ആക്ഷേപഹാസ്യമാണ് മേമ്പൊടി. പിന്നെ ശില്പ്പത്തിലും കല്‍പ്പത്തിലുമുള്ള നിഷ്ഠ. അവിടെ നമുക്ക് വേറൊരു വാക്ക് പറയാനില്ല. ശ്ലോകത്തിനാണ് അത് കൂടുതല്‍ യോജിക്കുന്നത്. അതൊരു ഭയങ്കര നിഷ്ഠയാണ്. അതില്ലാതെ അദ്ദേഹം കവിതയെഴുതുകയേ ഇല്ല. പല വിഷയങ്ങളെപ്പറ്റിയും പരാമര്‍ശിച്ച് 340ല്‍ പ്പരം ഒന്നാന്തരം ശ്ലോകങ്ങള്‍ ദീര്ഘവൃത്തങ്ങളിലും ഹ്രസ്വവൃത്തത്തിലുമായി രചിച്ച് അക്ഷരക്രമത്തില് സമാഹരിച്ച് അമ്പൊത്തന്നക്ഷരാളീ എന്ന പേരുമിട്ട് ശ്ലോകപ്രേമികള്ക്കു വേണ്ടി സമര്‍പ്പിച്ചിട്ടുള്ളയാളാണ് ദേശം സാര്‍. കേരളത്തിലങ്ങോളമിങ്ങോളമുള്ള ശ്ലോകക്കാരുടെ കണ്‍കണ്ട ദൈവമാണ് ഈ കവി.
ധാരാളം കവിതകള്‍ അദ്ദേഹം എഴുതി സൂക്ഷിച്ചിട്ടുണ്ട്. വിവര്‍ത്തനങ്ങളുമുണ്ട്. ഗീതാഞ്ജലിയാണ് ഏറ്റവും നല്ല വിവര്‍ത്തനം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് കിട്ടിയ പുസ്തകമാണ്. രവീന്ദ്രനാഥ ടാഗോറിന്റെ ‘ഗാര്‍ഡനര്‍’ എന്നതിന്റെയൊക്കെ വിവര്‍ത്തനം അദ്ദേഹത്തിന്റെ കയ്യിലുണ്ട്. അതൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കാത്ത ധാരാളം കവിതകള്‍ ഡയറികളിലും പേപ്പറുകളിലുമൊക്കെയായി ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ആ കവിതകളെല്ലാം സമാഹരിച്ച് ഒരു പുതിയ പുസ്തകം പ്രസിദ്ധീകരിക്കാമെന്നതാണ്. വലിയ കവികള്ക്കെല്ലാമുള്ളതാണ് സമാഹാരം. ആ നിരയിലേക്ക് ദേശം സാറിനെ കൊണ്ടുവരാന്‍ കഴിയണം. അങ്ങനെയാണെങ്കില്‍ വളരെയധികം കവിതകള്‍ ഇനിയും കൈരളിക്ക് ലഭിക്കും.
ദേശംസാര് വളരെ സൗമ്യ സ്വഭാവമുള്ളയാളാണ്. പക്ഷേ അദ്ദേഹത്തിന്റെ കവിതകളില്‍ ഗര്‍ജ്ജനങ്ങള്‍ കേള്‍ക്കാം. ആക്രോശങ്ങള്‍ കേള്‍ക്കാം, നര്‍മം കാണാം, കളിയാക്കലുകളുണ്ട്, പരിഹാസം, നിശിതമായ പരിഹാസങ്ങള്‍ കാണാം. അമ്മകൊടുക്കുന്ന മുലപ്പാലില്‍ പോലും മായം ചേര്‍ന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുക. അതുപോലെയുള്ള കടുത്ത വിമര്‍ശനങ്ങള്‍ കാണാം.
നമുക്ക് അറപ്പും വെറപ്പും തോന്നുന്നതായ കാര്യങ്ങള്‍ സമൂഹത്തിലുണ്ടല്ലോ. അതെല്ലാം അതേപടി കവിതയില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതൊരു ഭയങ്കര കഴിവുതന്നെയാണ്. കൂടുതല്‍ കവിതകള്‍ പ്രസിദ്ധീകരിക്കാത്തത് അദ്ദേഹത്തിന്റെ താല്‍പ്പര്യക്കുറവ് മൂലമാണ്. മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കാണ് അദ്ദേഹം കൂടുതല്‍ താല്‍പ്പര്യമെടുക്കുക. മറ്റൊരു സവിശേഷത എടുത്തു പറയേണ്ടതുണ്ട്. പൂര്വസൂരികളെക്കുറിച്ചും അഭിമാനം കൊള്ളുന്നയാളാണ് ദേശം. സമകാലികരായ കവികളെക്കുറിച്ചും അഭിമാനം കൊള്ളും. പുതിയ കവികളെക്കുറിച്ചും, ഇനി വരാന്‍ പോകുന്ന തലമുറകളെക്കുറിച്ചും അദ്ദേഹത്തിന് ബഹുമാനമാണ്. എഴുതിത്തുടങ്ങുന്നയാളുകളെ പ്രോത്സാഹിപ്പിക്കും. അല്ലാതെ ഇത് കൊണ്ടുപോകിന്‍, ഭാഷാപ്രയോഗം നോക്കാന്‍ ഞാന്‍ ആളല്ല എന്നൊന്നും പറയാറില്ല. ഏത് പൊട്ടക്കവിതയും അദ്ദേഹത്തിന്റെ കയ്യില്‍ കൊണ്ടുകൊടുത്താലും തിരുത്തിക്കൊടുക്കും. ആര്‍ക്കും അവതാരിക എഴുതി കൊടുക്കും. അദ്ദേഹത്തിന്റെ സമയത്തിന്റെ ഭൂരിഭാഗവും ഇതിനുവേണ്ടിയാണ് ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ സ്വന്തം കവിതകള്‍ പലതും പൂര്‍ത്തിയാകാത്തതും, പുതിയ പുതിയ കവിതാ സമാഹാരങ്ങള്‍ വരാത്തതും.
സ്വതവേ വളരെ സൗമ്യ സ്വഭാവക്കാരനാണ്. പ്രശസ്തിയിലോ ബഹുമതികളിലോ ഒന്നും യാതൊരു താല്‍പ്പര്യവുമില്ല. കവിതകളൊക്കെ പ്രസിദ്ധീകരിച്ചാല്‍ തനിക്കൊരു അവാര്‍ഡ് കിട്ടുമെന്ന ചിന്തയൊന്നുമില്ല. അവാര്‍ഡ് കിട്ടിയാല്‍ മേടിക്കും. അത് ചോദിച്ചു മേടിക്കുകയോ അതിനുവേണ്ടി കവിതകള്‍ എഴുതുകയോ എണ്ണം തികയ്ക്കുകയോ ചെയ്തിട്ടില്ല. എല്ലാ കവിതയിലും സ്വന്തം കയ്യൊപ്പ് പതിഞ്ഞുകിടപ്പുണ്ട്. വിവര്‍ത്തനങ്ങളിലും ഇത് കാണാം.
കുട്ടികള്‍ക്കുവേണ്ടി അദ്ദേഹം കവിതയെഴുതിയിട്ടുണ്ട്. കുട്ടികളെ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ്. തിരക്കിനിടയിലും കുട്ടികള്‍ക്കുവേണ്ടി ഹരിശ്രീ എന്നപേരില്‍ അക്ഷരശ്ലോക കളരി അദ്ദേഹത്തിന്റെ വീട്ടില്‍ മുടങ്ങാതെ നടത്തിയിരുന്നു. വയ്യാണ്ടായശേഷമാണ് അത് നി
ര്ത്തിവച്ചത്. കുട്ടികള്‍ക്കുവേണ്ടി അദ്ദേഹം രചിച്ചിട്ടുള്ള കൃതിയാണ് അപ്പൂപ്പന്താടി. അതുപോലെ തന്നെ ചൊട്ടയിലെ ശീലം, മഴത്തുള്ളികള്‍. എല്ലാം നല്ല കവിതകളാണ്. ആനക്കൊമ്പന് എന്ന കവിത ഉത്സവത്തിനെത്തുന്ന ആനയെക്കാണുന്നതാണ്. അത് വളരെ പ്രസിദ്ധമാണ്. കേട്ടിട്ടില്ലാത്തവര്‍ ചുരുങ്ങും. ‘അമ്പലഗോപുര നടയിലൊരാനക്കൊമ്പനെ ഞാന്‍ കണ്ടേ’ എന്നിങ്ങനെ ഒരു കുട്ടിയുടെ കണ്കോണില് ഒരാനയെ കാണുന്ന രീതിയിലാണ് ആവിഷ്കാരം. വളരെ രസമാണ്. എല്ലാവരും ഇക്കാര്യം എടുത്തുപറയാറുണ്ട്.
കുട്ടികള്‍ക്കുവേണ്ടി എഴുതിയിട്ടുള്ള കവികള്‍ ചുരുക്കമാണല്ലോ. മഹാകവി ജി, വൈലോപ്പിള്ളി, കുമാരനാശാന്, ഏറ്റുമാനൂര്‍ സോമദാസന്, പന്തളം, സുഗതകുമാരി ടീച്ചര്‍ ഇവരൊക്കെയാണ് കുട്ടികള്‍ക്കുവേണ്ടി നല്ല കവിതകള്‍ എഴുതിയിട്ടുള്ളത്. ഉള്ളൂര്‍ എഴുതിയിട്ടുണ്ടെങ്കിലും പലതും കടിച്ചാല്‍ പൊട്ടാത്തപോലെയുള്ളതാണ്. പക്ഷേ കാക്കേ കാക്കേ, പ്രാവേ പ്രാ
വേ തുടങ്ങിയ കവിതകള്‍ ഇതിന് അപവാദമാണ്. ജിയാണ് ഏറ്റവും നന്നായി കുട്ടിക്കവിതകള്‍ എഴുതുന്നയാള്‍. ദേശം സാറിന്റെ കുട്ടിക്കവിതകള്‍ ഒന്നാന്തരമാണ്. മഴത്തുള്ളി, അപ്പൂപ്പന് താടി എന്നിവയൊക്കെ വായിക്കേണ്ടതുതന്നെയാണ്. വിവര്‍ത്തനങ്ങളില്‍ പ്രധാനം ഗീതാഞ്ജലി തന്നെ. അതിനെക്കാള്‍ നന്നായി ചിലത് എഴുതിവച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ‘ഗാര്‍ഡനര്‍’ ഉദ്യാനപാലകന്‍ എന്ന പേരിലോ മറ്റോ ആണ് വിവര്‍ത്തനം ചെയ്തിട്ടുള്ളത്.
കവിയായ ദേശത്തെക്കുറിച്ച് എത്രയോ നമുക്ക് പറയാനുണ്ട്. അദ്ദേഹത്തിന്റെ കുമാരസംഭവത്തെക്കുറിച്ച് പറയാനുണ്ട്, കന്യാഹൃദയത്തെക്കുറിച്ച് പറയാനുണ്ട്. അദ്ദേഹത്തിന്റെ മുദ്ര എന്ന പുസ്തകത്തിന് ലീലാവതി ടീച്ചറാണ് അവതാരിക എഴുതിയത്. അതു വായിച്ചാല്‍ ദേശം കവിതകളെക്കുറിച്ച് കൂടുതല്‍ അറിയാനാവും.
സരസമ്മ ടീച്ചര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: