ഇടുക്കി: മുപ്പത്തേഴ് വോട്ടര്‍മാര്‍ക്കായി പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ പച്ചക്കാനത്ത് ഒരു ബൂത്ത് ഒരുങ്ങി. കേരളത്തിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്ത് വാര്‍ഡായ തേക്കടിയിലെ വോട്ടര്‍മാര്‍ക്ക് വേണ്ടിയാണ് പച്ചക്കാനത്തെ അങ്കണവാടിയില്‍ ബൂത്ത് സ്ഥാപിക്കുന്നത്. കുമളി പഞ്ചായത്തിന്റെ ഭാഗമായ ഇവിടെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സാധാരണ വോട്ട് രേഖപ്പെടുത്തുക.
തേക്കടി വാര്‍ഡില്‍ 830 വോട്ടര്‍മാരാണുള്ളത് ഇതില്‍ 590 പേര് തേക്കടിക്കടുത്തുള്ള മന്നാക്കുടി വനവാസി കോളനിയില്‍ നിന്നുള്ള വോട്ടര്‍മാരാണ്. മുല്ലപ്പെരിയാര്‍ ഡാമും തേക്കടി ബോട്ട് ലാന്‍ഡിങ്ങും മംഗളാദേവി ക്ഷേത്രവും തമിഴ്നാട് അതിര്‍ത്തി മേഖലകളും ഉള്‍പ്പെടുന്നതാണ് തേക്കടി വാര്‍ഡ്.
കുമളി പഞ്ചായത്ത് സെക്രട്ടറി സെന്‍കുമാര്‍ ഉള്‍പ്പെട്ട സംഘം കഴിഞ്ഞ ദിവസം പച്ചക്കാനം ബൂത്ത് സന്ദര്‍ശിച്ചു ക്രമീകരണങ്ങള്‍ വിലയിരുത്തി. 37 വോട്ടര്‍മാര്‍ക്കാണ് ഇത്തവണ ഈ ബൂത്തിലെ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ളതെന്നും വൈദ്യുതിയും വെള്ളവും ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ ബൂത്തില്‍ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 28 വോട്ടര്‍മാര്‍ക്കായിരുന്നു ഇവിടെ സമ്മതിദാനാവകാശമുള്ളത്. ഇതില്‍ നാലുപേര്‍ മാത്രമാണ് കഴിഞ്ഞ തവണ വോട്ട് ചെയ്തത്. സാധാരണ തെരഞ്ഞെടുപ്പുകളില്‍ അഞ്ചോ ആറോ പേര് മാത്രമാണ് സ്ഥിരമായി ഇവിടെ വോട്ടുചെയ്യാനെത്താറുള്ളത്. അതേസമയം മൊബൈല്‍ റേഞ്ച് പോലുള്ള സൗകര്യങ്ങളൊന്നും പ്രദേശത്ത് ലഭ്യമാകാത്തതിനാല്‍ ഹാം റേഡിയോ ഉള്‍പ്പടെയുള്ള സൗകര്യങ്ങളെ ആശ്രയിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: