ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണ പുരോഗതി വിലയിരുത്തിയ കോടതി ഈ ഘട്ടത്തില്‍ കേസ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി.
അറസ്റ്റു ചെയ്തത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന ഹര്‍ജിയിലെ വാദവും കോടതി തള്ളി. ബിനീഷിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചു. ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, ബിനാമികള്‍ക്കൊപ്പമിരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ബോധിപ്പിച്ചു.
കേസില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ്. ബിനീഷിന്റെ തിരുവനന്തപുരത്തെ കോടിയേരി വീടടക്കമുള്ള സ്വത്തും ഭാര്യയുടെ സ്വത്തും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് രജിസ്ട്രേഷന് ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിനീഷിന്റെ ബിനാമി ലത്തീഫിനെ എന്‍ഫോഴ്സ്മെന്റ് ഇന്നു വീണ്ടും ചോദ്യം ചെയ്തേക്കും. അതിനിടെ ബിനീഷിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: