വാസ്കോ: ഐഎസ്എല്ലിലെ ആദ്യ മത്സരത്തില്‍ ജംഷദ്പൂര്‍ എഫ്സിക്കെതിരെ ചെന്നൈയിന് എഫ്സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈ ഐഎസ്എല്ലില്‍ ജയത്തോടെ തുടങ്ങിയത്. അനിരുദ്ധ് ഥാപ്പയും ഇസ്മയില്‍ ഗോന്സാല്വസും ചെന്നൈക്കായി വലകുലുക്കി.
മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ അനിരുദ്ധ് ഥാപ്പ ചെന്നൈക്ക് ലീഡ് സമ്മാനിച്ചു. ചെന്നൈ ഫുട്ബോള്‍ ടീമിന്റെ ചരിത്രത്തിലാദ്യമായാണ് മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ ലീഡ് നേടുന്നത്.
ഐഎസ്എല്ലിന്റെ ഈ സീസണില്‍ ഗോളടിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഥാപ്പ. 26-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു രണ്ടാം ഗോള്‍. ഇസ്മയില്‍ ഗോന്‍സാല്‍വസ് അനായാസം പെനാല്‍റ്റി വലയിലെത്തിച്ചു. ഇതോടെ ചെന്നൈ 2-0ന് മുന്നിലെത്തി. പിന്നീട് ആക്രമണം മുറുക്കിയ ജംഷദ്പൂര്‍ പതിനൊന്ന് മിനിറ്റിന് ശേഷം തിരിച്ചടിച്ചു. നെറിജുസ് വാല്‍സ്കിസ് 37-ാം മിനിറ്റില്‍ ജംഷദ്പൂരിന്റെ ആദ്യ ഗോള്‍ നേടി.
ഇതിനിടെ 58-ാം മിനിറ്റില്‍ ചെന്നൈ ലീഡ് വര്‍ധിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു. മത്സരത്തിനിടെ ഇത് വലിയ തര്‍ക്കത്തിലേക്കും കടന്നു. പലപ്പോഴും പരിശീലകരും ഗ്രൗണ്ടിലേക്കിറങ്ങിയത് മത്സരത്തിന്റെ ആവേശം വര്‍ധിപ്പിച്ചു.
ജംഷദ്പൂരിനായി വലകാക്കാന്‍ മലയാളി താരം ടി.പി. രഹനേഷ് കളത്തിലിറങ്ങി. രണ്ടാം പകുതിയില്‍ ഇരു ടീമും പല മുന്നേറ്റങ്ങളും നടത്തി. ചെന്നൈ 13 ഷോട്ടുകളാണ് പോസ്റ്റിന് നേരെ തടുത്തത്. എന്നാല്‍ പാസ്സിങ്ങിലും പോസഷനിലും മുന്നിട്ടുനിന്ന ജംഷദ്പൂരിന് ഗോള്‍ മാത്രം നേടാനായില്ല. കളി തീരാന്‍ നിമിഷങ്ങല്‍ ബാക്കി നില്‍ക്കെ ചെന്നൈക്ക് അനായാസ അവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: