ഇടുക്കി: അറബിക്കടലില്‍ 19ന് രൂപമെടുത്ത ന്യൂനമര്‍ദം ഇന്നലെ ഉച്ചയോടെ ഗതി ചുഴലിക്കാറ്റായി മാറി. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച രാത്രി രൂപമെടുത്ത ന്യൂനമര്‍ദം നിവര് ചുഴലിക്കാറ്റായി 25ന് തമിഴ്നാട് തീരം തൊട്ടേക്കും. സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് ഇത് കാരണമായേക്കും.
യമനില്‍ നിന്ന് 210 കിലോ മീറ്റര്‍ അകലെ തെക്ക് കിഴക്കന്‍ അറബി കടലിലാണ് ഗതി രൂപമെടുത്തത്. ഇന്ത്യ നിര്‍ദേശിച്ച ഗതിയെന്ന പേരിലാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുന്നത്. ഇന്ന് രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി മാറി സൊമാലിയയിലെ റാസ് ബിന്നയില് കരതൊടും. പിന്നീട് ശക്തി കുറഞ്ഞ് 24ന് രാവിലെയോടെ ഡിപ്രഷനായി മാറും. ഗള്‍ഫ് മേഖലയേയും ഇന്ത്യയേയും ഇത് ബാധിക്കില്ല. ന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്ന് 19ന് തന്നെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേ സമയം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപം ശനിയാഴ്ച രാത്രി രൂപമെടുത്ത ന്യൂനമര്‍ദം കൂടുതല്‍ ശക്തമാകുകയാണ്. ഇന്ന് തീവ്ര ന്യൂനമര്‍ദമായി മാറി നാളെ വൈകിട്ടോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് നിഗമനം. ചുഴലിക്കാറ്റായാല്‍ ഇറാന് നിര്‍ദേശിച്ച നിവര് എന്ന പേരാകും നല്‍കുക. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്കി. 25ന് ഉച്ചയോടെ കരൈക്കാലിനും മഹാബലി പുരത്തിനുമിടയില് ആകും ചുഴലിക്കാറ്റ് കരതൊടുക. 25ന് വൈകിട്ട് മുതല്‍ മദ്ധ്യ കേരളത്തിലും വടക്കന്‍ കേരളത്തില്‍ ചില ജില്ലകളിലും മഴ ലഭിക്കും. 26, 27 തിയതികളില്‍ മഴ ശക്തിപ്പെട്ടേക്കും. വടക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി(നോര്‍ത്ത് ഇന്ത്യന്‍ സമുദ്രം) രൂപമെടുക്കുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഗതി. മെയ് മാസത്തില്‍ അംഫാന്‍ ചുഴലിക്കാറ്റും നിസര്‍ഗ ചുഴലിക്കാറ്റും ഇന്ത്യന്‍ തീരങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: