വാര്‍ത്താ ചാനലുകളിലെ മാധ്യമ സംവാദങ്ങള്‍ കേരളത്തില്‍ ഇത്രത്തോളം സജീവമായിട്ട് ഏതാണ്ട് രണ്ട് പതിറ്റാണ്ടെയായിട്ടുള്ളൂ. കൃത്യമായി പറഞ്ഞാല്‍, ‘ഇന്ത്യ വിഷന്‍’ ആവിര്‍ഭാവം ചെയ്തത് മുതല്‍. ദേശീയ- അന്താരാഷ്ട്ര തലങ്ങളില്‍ അതിനു മുമ്പേ അത്തരം ചര്‍ച്ചകള്‍ നടന്നിരുന്നു. സിഎന്‍എന്നും ബിബിസിയുമൊക്കെ അന്താരാഷ്ട്ര തലത്തിലും ഇന്ത്യയില്‍ എന്‍ഡിടിവിയും പ്രണോയ് റോയിയും ഒക്കെയും അന്നേയുണ്ടായിരുന്നുവല്ലോ. ‘ഇന്ത്യവിഷന്’ പിന്നാലെ വന്ന മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളും വൈകീട്ടുള്ള ചര്‍ച്ചകള്‍ ഒരു അജണ്ടയാക്കി. അതില്ലാതെ നിലനില്പില്ലെന്ന തോന്നലുണ്ടാക്കുകയും ചെയ്തു. എംവി നികേഷ് കുമാറും എന്‍പി ചന്ദ്രശേഖരനുമാണ് അന്ന് ‘ഇന്ത്യാവിഷനി’ല്‍ ഒന്നിച്ച് രാത്രി ചര്‍ച്ചാ പരിപാടി നയിച്ചിരുന്നത്. എത്രയോ രാത്രികള്‍, എത്രയോ വിഷയങ്ങള്‍ മലയാള വാര്‍ത്താ ചാനലുകളുടെ ഫ്ലോറുകളില്‍ സമഗ്രമായി വിശകലനം ചെയ്യപ്പെട്ടിരിക്കുന്നു. ആരൊക്കെ വിമര്‍ശിക്കപ്പെട്ടിരിക്കുന്നു, ആരെയൊക്കെ കടന്നാക്രമിച്ചിരിക്കുന്നു. ഇന്ന് മലയാളം ചാനല്‍ രംഗത്തെ പ്രഗത്ഭരോക്കെയും എംകെ മുനീര്‍ ഒരുക്കിക്കൊടുത്ത ആ കളരിയില്‍ പഠിച്ചിറങ്ങിയവരാണ് എന്നതാണ്.
‘ഏഷ്യാനെറ്റ് ‘ വാര്‍ത്താ ചാനലിലുണ്ടായ ഒരു സംഭവമാണ് ഈ ചിന്തയ്ക്ക് കാരണം. രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍ അന്ന് ഏഷ്യാനെറ്റ് ന്യൂസ് നൈറ്റില്‍ ഉണ്ടായിരുന്നു. വിനു വി ജോണ്‍ ആണ് അവതാരകന്. സിപിഎമ്മിന്റെ എഎന്‍ ഷംസീര്‍ എംഎല്‍എ, മുസ്ലിം ലീഗിലെ പികെ ഫിറോസ്, ബിജെപിയുടെ സംസ്ഥാന സെക്രട്ടറി കെ പ്രകാശ് ബാബു എന്നിവരും. ചര്‍ച്ചയില്‍ ആദ്യ പ്രതികരണത്തിന് ശേഷം ഷംസീറിലേക്ക് എത്തുമ്പോള്‍ അക്ഷരാര്ധത്തില് ഞെട്ടലുണ്ടാക്കി. കേരളം ഒന്നടങ്കം അതുകണ്ട് തരിച്ചിരുന്നുപോയി എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല. ‘ നിങ്ങളുമായി ഉണ്ടാക്കിയ ധാരണ നിങ്ങള്‍ ലംഘിച്ചിരിക്കുന്നു. അതുകൊണ്ട് എനിക്ക് ഈ ചര്‍ച്ചയില്‍ പങ്കെടുക്കാനാവുകയില്ല…… ‘ എന്ന് ഷംസീര്‍ വിളിച്ചുപറയുന്നു. എന്താണത് എന്നുകൂടി അദ്ദേഹം പറയുന്നുണ്ടായിരുന്നു. ‘എ ജയശങ്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ ഞങ്ങളുടെ പാര്‍ട്ടി പ്രതിനിധി പങ്കെടുക്കില്ല’ എന്ന്. കാര്യങ്ങള്‍ വ്യക്തം. ഷംസീര്‍ അന്ന് ആദ്യമേ ഇറങ്ങിപ്പോവുകയും ചെയ്തു. ഇന്നിപ്പോള്‍ കേള്‍ക്കുന്നു, അത് ജയശങ്കറിന് മാത്രമല്ല വിഎസ് അച്യുതാനന്ദന്റെ സെക്രട്ടറിയായിരുന്ന കെഎം ഷാജഹാനും ആ പട്ടികയിലുണ്ട് എന്ന്. ഒരു ഇടതുപക്ഷ സുഹൃത്ത് സൂചിപ്പിച്ചതാണിത്.
രണ്ട് ആലുവക്കാര്‍, സഖാക്കള്‍
എ ജയശങ്കറെയും കെഎം ഷാജഹാനെയും പരിചയമുണ്ട്. രണ്ടുപേരും ആലുവക്കാരാണ്. രണ്ടുപേരും ആലുവ യു. സി കോളേജില്‍ പഠിച്ചിറങ്ങിയവരാണ്. രണ്ടുപേരും നിയമ ബിരുദധാരികളാണ്. ജയശങ്കര്‍ വളരെക്കാലമായി എറണാകുളത്ത് അഭിഭാഷകനായി പ്രാക്ടീസ് ചെയുന്നു. നിയമത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും അദ്ദേഹത്തിനുണ്ട്. കെഎം ഷാജഹാനെ പലവട്ടം കണ്ടിട്ടുണ്ട്, ചാനലുകളില്‍ ഒന്നിച്ച് ചര്‍ച്ചകളില്‍ പങ്കാളിയായിട്ടുണ്ട്. അദ്ദേഹത്തെ എന്നും ഓര്‍ക്കുക വിഎസിന്റെ സെക്രട്ടറി എന്ന നിലക്കാണ്.
രണ്ടുപേരും കമ്മ്യുണിസ്റ്റുകാരാണ്. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ഷാജഹാന്. എന്നാലും താനാണ് കേരളത്തിലെ യഥാര്‍ഥ കമ്മ്യുണിസ്റ്റ് എന്ന മട്ടിലാണ് അദ്ദേഹം ജീവിക്കുന്നതും സംസാരിക്കുന്നതും. കമ്മ്യുണിസ്റ്റ് സിദ്ധാന്തം ഹൃദയത്തിലേറ്റിയയാള് എന്ന് അദ്ദേഹം പലപ്പോഴും പറയുന്നത് കേട്ടിട്ടുമുണ്ട്. സിപിഎമ്മിനേയും മറ്റും വിമര്‍ശിക്കുമ്പോഴും അത് താന്‍ ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ് എന്നതാണ് അദ്ദേഹമെടുക്കാറുള്ള നിലപാട്. ജയശങ്കര്‍ ഇപ്പോഴും സിപിഐ നേതാവാണ്. ആ പാര്‍ട്ടിയുടെ വക്കീലന്മാരുടെ സംഘടനയുടെ ഭാരവാഹിയായിരുന്നു. ഇപ്പോഴും ആ ചുമതലയുണ്ട് എന്നാണ് കരുതുന്നത്. പാര്‍ട്ടി അംഗമാണ് എന്നര്‍ത്ഥം. രണ്ടുപേരും വിഎസിനെ ആദരിക്കുന്നവരാണ്. ഷാജഹാന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ആ നിലപാടുകളില്‍ കുറെ മാറ്റം വരുത്തിയെങ്കിലും പരസ്യമായി വിഎസിനെ അധിക്ഷേപിക്കുന്നത് കണ്ടതായി ഓര്‍മ്മയില്ല. ജയശങ്കറാവട്ടെ വിഎസ് പക്ഷപാതിത്വം ഒരിക്കലും മറച്ചുവെക്കാറുമില്ല.
സിപിഎമ്മിന്റെ പ്രശ്നം
ഒരു കാര്യം കൂടി പറഞ്ഞുപോയാലേ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടൂ. മലയാള ചാനല്‍ ചര്‍ച്ചകളില്‍ വ്യക്തിപരമായി ഏറ്റവുമധികം പ്രേക്ഷകരുള്ള ഒരു സംവാദകന് ആരാണ് എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ അത് അഡ്വ എ ജയശങ്കറാണ് എന്ന് അനവധി പേര് പറഞ്ഞേക്കാം. അഭിനയവും വാക്കുകള്‍ എണ്ണിയെണ്ണിപ്പറയുന്ന സ്വഭാവവും, അടുക്കോടെയും ചിട്ടയോടെയും നിരത്തുന്നവരും ഒക്കെ നമ്മുടെ ചാനല്‍ ചര്ച്ചക്കാരിലുണ്ട്. പ്രശ്നങ്ങളെ സമഗ്രമായി സമാധാനപരമായി വിലയിരുത്തുന്നവരും വായില്തോന്നിയതൊക്കെ വിളിച്ചു കൂവുന്നവരുമുണ്ട്. വരുമ്പോഴേ ആങ്കറെ കടന്നാക്രമിക്കുന്നവര്‍, എന്തിനാണ് നിങ്ങള്‍ ഈ വിഷയം ചര്‍ച്ചചെയ്യുന്നത് എന്നൊക്കെ ചോദിച്ച് രംഗമൊരുക്കുന്നവര്‍ ഒക്കെയും വേറൊരു ഗണം. വഴക്കും വക്കാണവും ശീലമാക്കിയവരുമുണ്ട്. യാതൊന്നും പഠിക്കാതെ വിഷയത്തോടെ ചേര്‍ന്ന് നില്‍ക്കാതെ എന്തൊക്കെയോ പറഞ്ഞിറങ്ങിപ്പോകുന്നവരുമുണ്ടല്ലോ. ഓരോരുത്തര്‍ക്കും അവരുടെ ശൈലി. കാര്യങ്ങള്‍ കൃത്യമായി കുറിക്കു കൊള്ളുന്ന വണ്ണം സംസാരിക്കുന്നവരുമുണ്ട്. ഏറ്റവുമൊടുവില്‍ പറഞ്ഞ ഗണത്തിലാണ് അഡ്വ. ജയശങ്കര്‍. ചരിത്രം, സംഭവങ്ങള്‍, ഇതുപോലെ ഓര്‍ത്തിരിക്കുന്നവര്‍ കുറവാണ്. അത് കൃത്യമായി വര്‍ഷവും തീയതിയുമൊക്കെ സഹിതം പലപ്പോഴും പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. സ്വതവേ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഓര്‍ത്തിരിക്കാറുള്ള ഒരാളാണ് ഞാന്‍. എന്നാല്‍ തീയതി വര്‍ഷം ഒക്കെ …… അതൊക്കെ പലപ്പോഴും സാധിക്കാറില്ല. അതാണ് ജയശങ്കറിന്റെ ഒരു മഹത്വം.
അടുത്തകാലത്ത് ചാനല്‍ സംവാദവുമായി ബന്ധപ്പെട്ട് അനവധി പരീക്ഷണങ്ങള്‍ക്ക് സിപിഎം തയ്യാറായിരുന്നു. ഓരോ ചര്‍ച്ച നടക്കുമ്പോഴും പ്രതിയോഗിയെ എങ്ങിനെ കൈകാര്യം ചെയ്യണം, പാര്‍ട്ടി നിലപാടെന്ത് എന്നൊക്കെ വിശദീകരിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ പാര്‍ട്ടി പ്രതിനിധിക്ക് സന്ദേശങ്ങള്‍ മുഖേനയും മറ്റും എത്തിക്കുന്നു. ഒരു സിപിഎം നേതാവ് ചാനല്‍ സ്റ്റുഡിയോയിലിരിക്കുന്നുണ്ടെങ്കിലും അവരുടെ നിയന്ത്രണം പാര്‍ട്ടി ആസ്ഥാനത്താണ്. ഇതൊക്കെ എളുപ്പമുള്ള കാര്യമല്ല. ബിജെപി പ്രതിനിധികള്‍ക്ക് അത്യാവശ്യം വേണ്ടുന്ന വിവരങ്ങള്‍ ചര്‍ച്ചക്ക് മുന്‍പേ കൊടുക്കുന്നതിന് പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന അധ്വാനം പലപ്പോഴും കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം ഏറെ മുന്നോട്ട് പോയി എന്നത് അംഗീകരിക്കാതെ തരമില്ല. എന്നാല്‍ ഇതൊക്കെ കഴിഞ്ഞിട്ടും അവര്‍ക്ക് കേരളത്തിലെ മാധ്യമ സംവാദ രംഗത്ത് പിടിച്ചുനില്ക്കാന് കഴിയാതെ വന്നു എന്നതാണ് വസ്തുത.
ചില ആങ്കര്‍മാരുടെ കുറിക്കുകൊള്ളുന്ന ചോദ്യം കേട്ട് അവര്‍ പകച്ചുനിന്നത് എത്രയോ തവണ അടുത്തകാലങ്ങളില്‍ കണ്ടിട്ടുണ്ട്. അങ്ങിനെ തങ്ങള്‍ക്ക് വഴങ്ങാത്ത ചാനലുകളെ ബഹിഷ്കരിക്കാന്‍ ആദ്യം തീരുമാനിച്ചു. മലയാളത്തിലെ രണ്ട് പ്രമുഖ ചാനലുകള്‍ അവര്‍ ബഹിഷ്കരിച്ചത് അടുത്തിടെയാണല്ലോ. ഒന്ന് കുറച്ചു നേരത്തെ; രണ്ടാമത്തേത് സ്വര്‍ണ്ണക്കടത്ത് കേസ് ഉയര്ന്നുവന്നതിനുശേഷമുള്ള കാര്യവും. ഇത്രയൊക്കെ ‘കാപ്
സ്യൂളുകള്‍’ പാര്‍ട്ടി നല്‍കിയിട്ടും സഖാക്കള്‍ക്ക് പിടിച്ചുനില്ക്കാന് കഴിയാതെ വന്നാലോ? അത് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ക്ക് പോകുന്നവരുടെ പ്രശ്നമാണ്, പരാജയമാണ് എന്ന് തിരിച്ചറിയാന്‍ സിപിഎമ്മിനാവുന്നില്ല എന്നതല്ലേ വസ്തുത. അല്ലെങ്കില്‍ അങ്ങിനെയും ആ പാര്‍ട്ടി ആലോചിക്കേണ്ടതല്ലേ? മറിച്ചായിരുന്നുവെങ്കില്‍ എ ജയശങ്കറിനെ കണ്ടു ഭയന്നോടേണ്ടി വരില്ലായിരുന്നല്ലോ. സാമാന്യ ബുദ്ധികൊണ്ട് ഒന്ന് ചിന്തിച്ചുനോക്കൂ; ഇപ്പോള്‍ കാട്ടിക്കൂട്ടിയത് കൊണ്ട് ജയശങ്കറിന്റെയോ ഷാജഹാന്റെയോ പ്രാധാന്യം കുറയുമോ? അവര്‍ ഇവിടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയല്ലേ ചെയ്യുക. സിപിഎം നേതാക്കള്‍ക്ക് തങ്ങളുടെ സംവാദകരില്‍ വിശ്വാസമില്ലെന്ന് സ്വയം വിളിച്ചുകൂവുകയും ചെയ്യുന്നു. വിവരക്കേട് സിപിഎമ്മിന്റെ തീരുമാനങ്ങളെ പലപ്പോഴും വേട്ടയാടാറുണ്ട്. പലവട്ടം അത് കണ്ടിട്ടുണ്ട്. അതിന്റെ മറ്റൊരു ഉദാഹരണമായി ഇത് നിലനില്ക്കുന്നു.
ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചു വരുത്തിയത് കേരളത്തിലെ സര്‍ക്കാരാണ്. അവരുടെ അന്വേഷണത്തില്‍ പാര്‍ട്ടി സഖാക്കള്‍ കുടുങ്ങിത്തുടങ്ങിയപ്പോള് കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ സമരം ചെയ്യുന്നു. സിഎജി ഒരു വസ്തുത ചൂണ്ടിക്കാട്ടിയതിന് എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നത്? പല പ്രശ്നങ്ങളിലും വ്യക്തമായ നിലപാടെടുക്കുന്ന ന്യൂസ് ചാനല്‍ ആങ്കര്മാര്ക്കെതിരെയുമുണ്ട് പ്രതിഷേധം. ഏറ്റവുമൊടുവില്‍ തങ്ങളെ വിമര്‍ശിക്കുന്നവരെ ചാനലുകളില്‍ നിന്ന് അകറ്റിനിര്‍ത്താനായി ഉപരോധവും. ഒപ്പം അഭിപ്രായ- മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി നിലകൊള്ളുന്നുവെന്ന് പ്രസ്താവനകളും. കേരളത്തില്‍ ഇതൊക്കെ വിലപ്പോകുമെന്ന് ഇക്കാലത്തും സിപിഎം കരുതുന്നുണ്ടെങ്കില്‍ സഹതപിക്കാനേ കഴിയു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: