കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയില്‍ കാസര്‍കോട് ജില്ലയില്‍ 5390 നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 5318 പത്രികകള്‍ സ്വീകരിച്ചു. 71 പത്രികകളാണ് നിരസിച്ചത്. നീലേശ്വരം നഗരസഭയിലെ ഒരു നാമനിര്‍ദ്ദേക പത്രിക തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 100 സ്ഥാനാര്‍ത്ഥികളില്‍ 94 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു സ്വീകരിച്ചു.
ആകെ ലഭിച്ച 137 നാമനിര്‍ദ്ദേശ പത്രികകളില്‍ 128 എണ്ണം സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് അനുസൃതമല്ലാത്ത ആറ് സ്ഥാനാര്‍ത്ഥികളുടെ പത്രികള്‍ തള്ളി. മഞ്ചേശ്വരം ഡിവിഷനില്‍ ദാമോദര എ (സ്വതന്ത്രന്), അഹമ്മദ് ജലാലുദ്ദീന്‍ (എഎപി) ഉദുമ ഡിവിഷനില്‍ കെ.സുകുമാരി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) ചെറുവത്തൂര്‍ ഡിവിഷനില്‍ എ. ഭരതന് (സ്വതന്ത്രന്) ചിറ്റാരിക്കല്‍ ഡി വിഷനില്‍ ജിന്റോ (സ്വതന്ത്രന്) കുമ്പള ഡിവിഷനില്‍ ഖമറുല്‍ ഹസീന (എസ്ഡിപിഐ) എന്നീ സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശോധനയില്‍ സ്ഥാനാര്‍ത്ഥികള്‍, നാമനിര്‍ദ്ദേശകര്‍ എന്നിവരും ഹാജരായിരുന്നു.
ആകെ ലഭിച്ച 137 പത്രികകള്‍ 50 മിനുട്ടില്‍ സൂക്ഷപരിശോധനയില്‍ പരാതി രഹിതമായ തീരുമാനമെടുത്ത് ജില്ലാ ഭരണ സംവിധാനം വീണ്ടും മാതൃകയായി. കളക്ടറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ചിട്ടയായ പരിശീലനവും കൃത്യമായ ആസൂത്രണവും സമയനിഷ്ഠയില്‍ ഊന്നിയ കാര്യക്ഷമമായ പ്രവര്‍ത്തനവും നടത്തിയാണ് 50 മിനുട്ടുകൊണ്ട് സൂക്ഷപരിശോധനയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: