തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം ഭൂഗര്‍ഭനിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു വെല്ലുവിളിയായി തുടര്‍ച്ചയായുണ്ടാകുന്ന തകരാറുകള്‍. കഴിഞ്ഞ ദിവസം തകരാറിലായ ജനറേററ്റിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. വിദഗ്ധരായ തൊഴിലാളികള്‍ എത്തുന്നതിന് തടസമായി കൊറോണ വ്യാപനം. ആകെയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നെണ്ണമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട്, മൂന്ന്, നാല് നമ്പര്‍ ജനറേറ്ററുകളാണ് നിലവില്‍ അറ്റകുറ്റപ്പണിയിലുള്ളത്. മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ റോട്ടറിലാണ് ബുധനാഴ്ച തകരാര്‍ കണ്ടെത്തിയത്. റോട്ടറിന്റെ കണ്ടന്സറിനായിരുന്നു തകരാര്‍. പരിശോധനയില്‍ കൂടുതല്‍ തകാരാറുകള്‍ കണ്ടെത്തിയതോടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും.
ഒരു മാസം നീണ്ട വാര്‍ഷിക അറ്റകുറ്റപ്പണിക്ക് ശേഷമാണ് മൂന്നാം നമ്പര്‍ ജനറേറ്റര്‍ കഴിഞ്ഞമാസം അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങിയത്. അറ്റകുറ്റപ്പണി തീര്‍ത്ത ശേഷം പരീക്ഷണ ഓട്ടം നടത്തിയപ്പോള്‍ തകരാര്‍ കണ്ടെത്തിയിരുന്നു. ഇതും പരിഹരിച്ച ശേഷം ഒരു മാസം തികയും മുമ്പേ മറ്റൊരു ഭാഗത്ത് കൂടി തകരാറുണ്ടായത് കെഎസ്ഇബിക്കും തലവേദനയാകുകയാണ്.
കഴിഞ്ഞമാസം 28നാണ് പദ്ധതിയുടെ ഭാഗമായ നാലാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായത്. ബയറിങ്ങിന്റെ താപനില വര്‍ധിച്ചതാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണം. ഇതോടെ ഈ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയിലേക്ക് മാറ്റുകയായിരുന്നു. 30-ാം തീയതിയോടെ ഈ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
ജനുവരി 20ന് ആണ് പൊട്ടിത്തെറിയെത്തുടര്‍ന്ന് രണ്ടാം നമ്പര്‍ ജനറേറ്റര്‍ നിലച്ചത്. അറ്റകുറ്റപ്പണി നടത്തി പരീക്ഷ ഓട്ടം നടത്തിയപ്പോള്‍ വീണ്ടും തകരാര്‍ കണ്ടെത്തുകയായിരുന്നു. അറ്റകുറ്റപ്പണിക്കാവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നത് കൊറോണയെത്തുടര്‍ന്ന് ആദ്യം ഏറെ വൈകിയിരുന്നു. പിന്നീട് ഇവയെത്തിച്ച് പണി പൂര്‍ത്തിയാക്കി പരീക്ഷ ഓട്ടം നടത്തിയപ്പോഴാണ് ഒക്ടോബര്‍ അവസാന വാരം വീണ്ടും തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ജനറേറ്ററിന്റെ ഇന്‍സുലേഷനാണ് തകരാര്‍. ഈ ജനറേറ്റര്‍ ഡിസംബര്‍ ആദ്യത്തോടെ പ്രവര്‍ത്തിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.
ഇന്നലെ രാവിലെ വിവരം ലഭിക്കുമ്പോള്‍ 2393.38 അടിയാണ് ഇടുക്കി സംഭരണിയിലെ ജലനിരപ്പ്, 89%. 3.372 ദശലക്ഷം യൂണിറ്റായിരുന്നു 24 മണിക്കൂറിനിടെയുള്ള വൈദ്യുതി ഉത്പാദനം. 3.12 മില്യണ്‍ യൂണിറ്റിന്റെ 6 ജനറേറ്ററുകളാണ് ഇടുക്കിയിലുള്ളത്.
വൈദ്യുതി നിലയത്തിലെ അറ്റകുറ്റപ്പണിക്ക് നീളാന്‍ പ്രധാന കാരണം കൊറോണ. ഇതുവരെ ഇരുപതിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. പലതവണയായി ഇത്തരത്തില്‍ രോഗം വന്നവരും അല്ലാതെയും നിരവധി പേര് ക്വാറന്റൈനിലുമായി.
ഇതോടെ അറ്റകുറ്റപ്പണിയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ കിട്ടാതെയായി. ഇത് അറ്റകുറ്റപ്പണികള്‍ക്ക് വലിയ തടസമുണ്ടാക്കി. ഭൂഗര്‍ഭ നിലയമായതിനാല്‍ കൊറോണ പടരാന്‍ സാധ്യത എപ്പോഴുമുണ്ട്. പുറത്ത് നിന്നെത്തുന്നവര്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ് പരിശോധനക്ക് ശേഷം വേണം ഉള്ളില്‍ പ്രവേശിക്കാന്‍. ഇത്തരം പ്രശ്നങ്ങളുള്ളതിനാല്‍ ഇവിടേക്കു വരാന്‍ ജീവനക്കാരും തയാറാകുന്നില്ല. ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ നിരവധിപ്പേര്‍ ക്വാറന്റൈനിലുമാകും. അതേ സമയം നിലവില്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനായിട്ടുള്ളതായും അറ്റകുറ്റപ്പണി പുരോഗമിക്കുകയാണെന്നുമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: