കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുറത്തുവന്ന ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തത് മാസങ്ങള്‍ക്ക് മുമ്പെന്ന് പ്രാഥമിക നിഗമനം. ശബ്ദരേഖ പുറത്തുവന്നത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. കോടതിയില്‍ വെച്ച് അഭിഭാഷകനുമായി സംസാരിക്കാന്‍ അവസരം നല്കിയപ്പോള് റെക്കോര്‍ഡ് ചെയ്തതാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഓഗസ്റ്റില്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ളതാകാം ഇതെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 17നു സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്ന് കോടതിയുടെ കോണ്‍ഫറന്‍സ് മുറിയില്‍ അഭിഭാഷകന് ജോ പോളുമായി സംസാരിക്കാന്‍ സ്വപ്നയെ അനുവദിച്ചിരുന്നു. അപ്പോള്‍ ഈ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തിരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘ഇന്ന് എന്റെ വക്കീല്‍ പറഞ്ഞത്….’എന്ന ശബ്ദരേഖയിലെ പരാമര്‍ശം നിര്‍ണായകമാണ്. ഒരിക്കല്‍ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ സ്വപ്നയെ പോലീസ് കാവലില്‍ വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയിരുന്നു. എറണാകുളം ജില്ലാ ജയിലിലേക്ക് അയയ്ക്കുന്നതിനു മുന്‍പ് സ്വപ്ന ഒരു മണിക്കൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വരാന്തയിലും ചെലവഴിച്ചിരുന്നു.
ജയില്‍വകുപ്പ് നടത്തിയ മൊഴിയെടുപ്പില്‍ ശബ്ദരേഖയെ സ്വപ്ന തള്ളിപ്പറയാത്ത സാഹചര്യത്തില്‍ വെളിപ്പെടുത്തലിലെ വസ്തുതയും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. നേരത്തെ അറസ്റ്റിലാവുന്നതിന് മുമ്പും സര്‍ക്കാരിന് അനുകൂലമായ സന്ദേശം സ്വപ്ന പുറത്തുവിട്ടിരുന്നു. രണ്ടാമത്തെ സന്ദേശത്തിലും അത് തന്നെ ആവര്‍ത്തിച്ച് സര്‍ക്കാരിന്റെ മുഖം സംരക്ഷിക്കാനുള്ള ശ്രമമാണെന്നാണ് വിലയിരുത്തല്‍.
അതേസമയം ശബ്ദരേഖ ചോര്‍ന്നത് സംബന്ധിച്ച് സ്വപ്നയുടെ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. ഇതിനായി പ്രത്യേക സംഘം ജയില്‍വകുപ്പിന് കത്ത് നല്‍കും. സ്വപ്നയുടെ മൊഴിയെടുത്ത ശേഷമാകും കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ തീരുമാനമെടുക്കുക. വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം കടുപ്പിച്ചതോടെയാണ് അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചത്. സൈബര്‍ സെല്‍ സ്പെഷ്യല്‍ അഡീഷനല്‍ എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും ശബ്ദരേഖ ചോര്‍ച്ച അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: