തിരുവനന്തപുരം: കൊറോണ ഡ്യൂട്ടിക്ക് ശേഷമുള്ള അവധി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഗവണ്മെന്റ് നഴ്സുമാര്‍ പണിമുടക്കിലേക്ക്. ചൊവാഴ്ച്ച സംസ്ഥാന വ്യാപകമായി മെഡിക്കല്‍ കോളജുകളില്‍ ഒരു മണിക്കൂര്‍ ജോലി ബഹിഷ്കരിച്ച് സൂചനാ പണിമുടക്ക് നടത്തും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമ്പൂര്‍ണ പണിമുടക്കിലേക്ക് നീങ്ങുമെന്നും കേരള ഗവ. നഴ്സസ് യൂണിയന് മുന്നറിയിപ്പ് നല്കി.
പത്ത് ദിവസത്തെ കൊറോണ ഡ്യൂട്ടിക്ക് ശേഷം നഴ്സുമാര്‍ക്ക് നല്‍കിയിരുന്ന മൂന്ന് ദിവസത്തെ ഓഫ് പിന്‍വലിച്ചതാണ് പ്രതിഷേധത്തിന് കാരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സസിന്റെ അവധി പിന്‍വലിച്ചുകൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് വ്യാപിപ്പിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന്റെ നീക്കമെന്ന് കേരള ഗവ. നഴ്സസ് യൂണിയന് ആരോപിക്കുന്നത്.
ഇതോടൊപ്പം കൊവിഡ്, നോണ്‍ കൊവിഡ് ഡ്യൂട്ടികള്‍ക്കിടയില്‍ വ്യക്തമായ വിശ്രമം കൊടുക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഏഴ് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫ് നല്‍കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. ഒന്നരമാസമായി ഇതേ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സുമാര്‍ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. നഴ്സസിനെ മരണത്തിലേക്ക് തള്ളിവിടുന്ന മനുഷ്യത്വ ഹീനമായ നടപടിയാണ് ഇതെന്ന് സംഘടന വ്യക്തമാക്കി.
ഉത്തരവില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം, നഴ്സസിന് വിശ്രമം അനുവദിക്കണം, ആവശ്യത്തിന് നഴ്സസിനെ നിയമിക്കാന്‍ തയ്യാറാകണം തുടങ്ങിയവയാണ് സംഘടനയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: