ന്യൂദല്‍ഹി: വീണ്ടും ലഡാക്കിനെ ലക്ഷ്യമിട്ട് ചൈന. സിക്കിമിലും കിഴക്കന്‍ മേഖലകളിലും സൈനിക സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഭൂതലവായു മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ വിപുലീകരിക്കുക, മനുഷ്യരഹിത യുദ്ധ വിമാനങ്ങളുടെ എണ്ണം കൂട്ടുക, തിബറ്റിലെ വ്യോമതാവളങ്ങള്‍ വികസിപ്പിക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചൈന.
സെന്‍ട്രല്‍ സെക്ടറിലെ കൗരിക് ചുരത്തിനടുത്തുള്ള ചുരുപ് ഗ്രാമത്തില്‍ ചൈനീസ് പട്ടാളം രഹസ്യമായി റോഡ് നിര്മാണത്തിലേര്പ്പെട്ടിരിക്കുന്നതായി ഇന്ത്യന്‍ കമാന്‍ഡര്‍മാര്‍ക്ക് സൂചന ലഭിച്ചു.
ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമായി 565 കിലോമീറ്ററോളം നീളുന്ന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള ബരഹോട്ടിയിലെ തുഞ്ചും ലായില്‍ ചൈന കണ്ടെയ്നര്‍ വീടുകള്‍ നിര്‍മിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ചൈനയുടെ ആയുധങ്ങളും സൈനികരും പ്രധാനമായും വന്നുപോകുന്ന ഹബ്ബായി ഡെംചോക്കില്‍ നിന്ന് 82 കിലോമീറ്റര്‍ മാത്രമുള്ള ഷിക്വാന്ഹെയെ മാറ്റിയിരിക്കുകയാണ്. ഡെംചോക്കില്‍ നിന്ന് ഷിക്വാന്ഹെയിലേക്ക് സൈന്യത്തിന് സഹായമെത്തിക്കാനുള്ള പ്രധാന കേന്ദ്രമായി ഇതിനു പ്രവര്‍ത്തിക്കാനാകും.
കിഴക്കന്‍ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. അരുണാചലില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെ ന്യാങ്ഗ്ലുവില് ഇലക്ട്രോണിക് യുദ്ധ യൂണിറ്റും ചൈന തയാറാക്കിയിട്ടുണ്ട്. ബുംലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരെ വീണ്ടും വിന്യസിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: