കൊച്ചി: ബംഗളൂരു ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കള്ളപ്പണ കേസില്‍ പ്രതിയായ ബിനീഷ് കോടിയേരിയെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്നിന്ന് പുറത്താക്കണമെന്ന് ആവശ്യം. പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത കൊച്ചിയില്‍ ചേര്‍ന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യമുയര്‍ന്നത്.
ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടുവെന്നാണ് വിവരം. സംഘടനയിലെ രണ്ട് അംഗങ്ങള്‍ക്ക് രണ്ടുനീതിയെന്ന രീതിയില്‍ മുന്നോട്ടുപോകാനാവില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പുറത്താക്കിയത് ചൂണ്ടിക്കാട്ടി അംഗങ്ങള്‍ പറഞ്ഞു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നടപടിയെടുക്കണമെന്നും പലരും ആവശ്യപ്പെട്ടു. 2009 മുതല്‍ ബിനീഷ് കോടിയേരിക്ക് ‘അമ്മ’യില്‍ ആജീവനാന്ത അംഗത്വമുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാനുള്ള അധികാരം.
ബിനീഷിന്റെ വിഷയം കൂടാതെ നടി പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎയുമായി ബന്ധപ്പെട്ട കേസ്, ആക്രമിക്കപ്പെട്ട നടിക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശം എന്നിവയും ചര്‍ച്ചയാകുമെന്ന് യോഗത്തിന് മുമ്പു നടന് ബാബുരാജ് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: