ന്യൂദല്‍ഹി: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് പുറത്തുവിട്ട ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടി അനൗചിത്യം നിറഞ്ഞതാണെന്ന് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി. നിയമസഭയില്‍ വയ്ക്കും മുമ്പ് റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടി പാടില്ലാത്തതാണ്. ധനമന്ത്രിയോട് സ്പീക്കര്‍ വിശദീകരണം തേടിയെന്ന് അറിഞ്ഞു. എന്നാല്‍ വിശദീകരണം വാങ്ങി വിഷയം അവസാനിപ്പിക്കാനാണ് സാധ്യതയെന്നും പി.ഡി.ടി. ആചാരി ജന്മഭൂമിയോട് പറഞ്ഞു.
സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്ന സമയത്ത് ഇക്കാര്യത്തിലെ സര്‍ക്കാര്‍ വാദങ്ങള്‍ പറയാന്‍ അവസരമുണ്ട്. എന്നാല്‍ അത്തരത്തിലൊരു ചട്ടമുണ്ടെന്ന ധാരണയില്ലായ്മയാവാം ഈ സാഹചര്യത്തിലേക്ക് ധനമന്ത്രിയെ നയിച്ചിട്ടുണ്ടാവുക. 1960ല്‍ എം. അനന്തശയനം അയ്യങ്കാര്‍ ലോക്സഭാ സ്പീക്കറായിരുന്ന കാലത്ത് തന്നെ അത്തരത്തിലൊരു റൂളിങ് നിലവിലുണ്ട്. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വച്ച ശേഷം പിഎസിക്ക് വിടുന്ന രീതിയാണ് നിലവിലുള്ളത്. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമ്പോള്‍ തന്നെ റിപ്പോര്ട്ടിന്മേല് ചര്‍ച്ചയോ സര്‍ക്കാരിന്റെ വിശദീകരണമോ ഒക്കെ നടത്താന്‍ സാധിക്കും. ഈ ലോക്സഭാ റൂളിങ്ങിനെപ്പറ്റി അറിവില്ലാത്തതാണ് കേരളത്തില്‍ ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്നാണ് കരുതുന്നത്, പി.ഡി.ടി. ആചാരി പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ സാഹചര്യം ഉണ്ടായിട്ടും അതിന് മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ധനമന്ത്രി പുറത്തു പറയുകയായിരുന്നു.
ഐസിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കേണ്ട വ്യക്തിയാണ് ധനമന്ത്രി. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയില്‍ ശരികേട് തോന്നിയതുകൊണ്ടാവും സ്പീക്കര്‍ ധനമന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയത്. ഈ വിശദീകരണം സഭയുടെ പ്രവിലേജ് ആന്‍ഡ് എത്തിക്സ് കമ്മറ്റിക്ക് കൈമാറും. കമ്മറ്റിക്ക് പരാതിക്കാരന്റെയുംധനമന്ത്രിയുടെയും മൊഴികളെടുക്കാം. ധനമന്ത്രാലയ ഉദ്യോഗസ്ഥരില്‍ നിന്നടക്കം തെളിവെടുക്കാം. എന്നിട്ട് കമ്മിറ്റി ഒരു അനുമാനത്തിലെത്തി റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ട് നിയമസഭയ്ക്ക് മുന്നില്‍ വയ്ക്കും. അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് നിയമസഭതന്നെയാണ്. സര്‍ക്കാര്‍ നിയമം ലംഘിച്ചാല്‍ നിയമസഭാ പ്രവിലേജിന് കീഴില്‍ വരില്ലെന്നും പി.ഡി.ടി. ആചാരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: