ലണ്ടന്‍: ഇറ്റലി, യുവേഫ നേഷന്‍സ് ലീഗിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. ബോസ്നിയയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇറ്റലി സെമിഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയത്. മറ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ഹോളണ്ട്, ബെല്‍ജിയം ടീമുകളും വിജയം നേടി.
ബോസ്നിയക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഇറ്റലി കാഴ്ചവച്ചത്. 22-ാം മിനിറ്റില്‍ ആന്‍ഡ്രെ ബെലോറ്റിയും 68-ാം മിനിറ്റില്‍ ബെറാഡിയുമാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എ യില്‍ പന്ത്രണ്ട് പോയിന്റുമായി ഇറ്റലി ഒന്നാം സ്ഥാനത്തെത്തി. ഇറ്റലി തോല്‍വിയറിയാതെ മുന്നേറുന്ന തുടര്‍ച്ചയായ ഇരുപത്തിരണ്ടാം മത്സരമാണിത്.
ഡെന്മാര്ക്കിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക തോല്‍പ്പിച്ച് ലോക ഒന്നാം നമ്പര്‍ ബെല്‍ജിയവും സെമിഫൈനല്‍ ഉറപ്പാക്കി. ബെല്‍ജിയത്തിനായി ലുകാകു രണ്ട് ഗോള്‍ നേടി. ടെലമെന്സ്, ഡിബ്രുയിനെ എന്നിവര്‍ ഓരോ ഗോള്‍ നേടി. ഡെന്മാര്ക്കിനായി വിന്‍ഡ് ഒരു ഗോള്‍ അടിച്ചു. മറ്റൊരു ഗോള്‍ ബെല്‍ജിയത്തിന്റെ ദാനമായിരുന്നു. ചാഡിയാണ് സെല്‍ഫ് ഗോള്‍ അടിച്ചത്.
ഇംഗ്ലണ്ട് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് ഐസ്ലന്ഡിനെ പരാജയപ്പെടുത്തി. ഫില്‍ ഫോഡന്റെ ഇരട്ട ഗോളാണ് ഇംഗ്ലണ്ടിന് അനായാസ വിജയം നേടിക്കൊടുത്തത്. 80,84 മിനിറ്റുകളിലാണ് ഫോഡന് ഗോള്‍ അടിച്ചത്. റൈസ്, മേസണ്‍ മൗണ്ട് എന്നിവര്‍ ഓരോ ഗോള്‍ നേടി. ഇംഗ്ലണ്ടിന്റെ സെമി മോഹങ്ങള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്നു.
ഹോളണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പോളണ്ടിനെ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഹോളണ്ട് വിജയം നേടിയത്. അഞ്ചാം മിനിറ്റില്‍ ജോസ്വിയാക്ക് പോളണ്ടിനെ മുന്നിലെത്തിച്ചു. എന്നാല്‍ മെംഫിസ് ഡിപെ, വിനാല്‍ഡം എന്നിവര്‍ ഗോള്‍ അടിച്ചതോടെ ഹോളണ്ട് വിജയം നേടി.
യുവേഫ നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഫ്രാന്‍സ്, ബെല്‍ജിയം, സ്പെയിന്, ഇറ്റലി എന്നീ ടീമുകള്‍ സെമിഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: