കൊച്ചി: ന്യൂനപക്ഷാവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്നതിന്റെ പേരില്‍ കേരളത്തില്‍ ക്രിസ്തീയ സമൂഹം ആകെ അസ്വസ്ഥര്‍. ബാലറ്റിലൂടെ ഇതിന് മറുപടി നല്‍കണമെന്ന അഭിപ്രായം അല്മായര്ക്കിടയില് (വിശ്വാസികള്‍) ശക്തമാവുകായാണ്.
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നാല്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യം വിടേണ്ടിവരുമെന്ന് ചിലര്‍ പ്രചരിപ്പിച്ചപ്പോള്‍ ആദ്യം തെരുവിലിറങ്ങിയത് ക്രൈസ്തവരാണ്. എന്നും കോണ്‍ഗ്രസ് പക്ഷത്തോട് രാഷ്ട്രീയ ചായ്വ് കാണിച്ച് ആനുകൂല്യങ്ങള്‍ നേടിയിരുന്ന അവര്‍, മദ്യ നയത്തിന്റെ പേരിലും വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുമാണ് ഇടതുപക്ഷത്തോട്ട് ചരിഞ്ഞത്. എന്നാല്‍, എല്‍ഡിഎഫും യുഡിഎഫും കബളിപ്പിക്കുകയാണെന്ന് ആ വിശ്വാസികള്‍ തിരിച്ചറിഞ്ഞു തുടങ്ങി.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറു വര്‍ഷമായിട്ടും അംഗീകൃത സഭകള്‍ക്ക് അനുവദനീയമായ അധികാരങ്ങളും അവകാശവും വിനിയോഗിക്കുന്നതിന് തടസമൊന്നുമുണ്ടായിട്ടില്ല. മാത്രമല്ല, ആത്മീയതയുടെ പേരില്‍ പരസ്യക്കച്ചവടം നടത്തുന്ന ബിലീവേഴ്സ് ചര്‍ച്ച് പോലുള്ളവരുടെ കള്ളത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. എന്നാല്‍, വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഇടത്, വലത് മുന്നണികള്‍ ജനസംഖ്യത്തോതും സംഘടനാ ശക്തിയും കണക്കിലെടുത്ത് ഇസ്ലാമിക സമൂഹത്തിനു വേണ്ടി ക്രിസ്ത്യന്‍ താല്പര്യം ബലികഴിക്കുന്നുവെന്നാണ് സഭാ നേതൃത്വത്തിന്റെയും വിശ്വാസികളുടെയും വിലയിരുത്തല്‍.
ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് ഫോറം പോലുള്ള സംഘടനകള്‍ പരസ്യമായി ഈ വിവേചനങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നുണ്ട്. കത്തോലിക്ക സഭ അവരുടെ സിനഡിലും ബിഷപ് കൗണ്‍സില്‍ കോണ്‍ഫ്രന്‍സിലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കുന്നുണ്ട്. പക്ഷേ, ഇതുവരെ രാഷ്ട്രീയമായി സഭാ വിശ്വാസികളെ ഉപയോഗിച്ചവര്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നാണ് സഭയുടെ വിലയിരുത്തല്‍.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ആക്ട് സമൂഹത്തിന് നല്‍കിയിരുന്ന ന്യൂനപക്ഷ സംരക്ഷണവും ഘടനയും വ്യവസ്ഥകളുംതന്നെ ഇടതുപക്ഷ സര്‍ക്കാര്‍ മാറ്റി. സിപിഎം മന്ത്രിയായ കെ.ടി. ജലീല്‍ മന്ത്രിയായശേഷമാണിത്. ഇതിനെ കോണ്‍ഗ്രസ് അടക്കം യുഡിഎഫ്, മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തില്‍ അനുകൂലിച്ചു. 2014 ലെ കമ്മീഷന് ആക്ട് പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ മതന്യൂനപക്ഷത്തിനും ജനസംഖ്യാനുപാതികമായി സര്‍ക്കാരിന്റെ തൊഴില്‍, സാമൂഹ്യ ക്ഷേമ വികസന പരിപാടികളിലും വിഹിതം നല്‍കണമെന്നാണ് വ്യവസ്ഥ. പക്ഷേ, കേരളത്തില്‍ 80% ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗത്തിനും ശേഷിക്കുന്ന 20% ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മറ്റുമുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. സംസ്ഥാനത്ത് ജനസംഖ്യയില്‍ 26% മുസ്ലിങ്ങളും 18% ക്രിസ്ത്യാനികളുമാണ്. എട്ടു ശതമാനം വ്യത്യാസം ആള്‍ബലത്തില്‍ ഉള്ളപ്പോള്‍ ആനുകൂല്യങ്ങളിലെ വ്യത്യാസം 60 ശതമാനമാണ്!
ഈ ശതമാന അനുപാതം രാജ്യവ്യാപകമാണെന്ന് കമ്യൂണിസ്റ്റ് സര്‍ക്കാരും വകുപ്പുമന്ത്രി കെ.ടി. ജലീലും പാര്‍ട്ടിയും പ്രചരിപ്പിക്കുന്നു. എന്നാല്‍, കേരളത്തില്‍ മാത്രമാണ് വിചിത്രമായ ഈ അനുപാതം.
മന്ത്രി ജലീലിന്റെ പദ്ധതി പ്രകാരം, പിണറായിയുടെ ഇടതുപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷ കമ്മീഷന് ആക്ട്തന്നെ 2017 ല്‍ ഭേദഗതി ചെയ്തു. 2014 ലെ ചട്ടപ്രകാരം മൂന്നംഗ കമ്മീഷന്റെ തലപ്പത്ത് ന്യൂനപക്ഷ വിഭാഗത്തില്‍ ഒരാളായിരിക്കണം. ഇനിയൊരംഗം വ്യത്യസ്തമായ മതത്തില്‍നിന്നാവണം. മൂന്നാമതൊരാള്‍ ന്യൂനപക്ഷത്തില്‍ പെട്ട വനിതാംഗവും. ‘മറ്റൊരംഗം’ എന്നതിന് ചട്ടത്തിലുണ്ടായിരുന്ന ‘അനദര്‍’ എന്ന ഇംഗ്ലീഷ് വാക്ക് ‘എ’ (ഒരു) എന്നാക്കി 2017 ഫെബ്രുവരി മൂന്നിന് ചട്ടം ഭേദഗതി ചെയ്തു. അതോടെ ചെയര്‍പേഴസണിന്റെ മതത്തിലുള്ള രണ്ടംഗം ആവാം. ഇപ്പോള്‍ ചെയര്‍പേഴ്സണ്‍ പി.കെ. ഹനീഫും അംഗം അഡ്വ. മുഹമ്മദ് ഫൈസലുമാണ്. വനിതാംഗം അഡ്വ. ബിനു തോമസും. ന്യായമായും ഇത് ഇനി തുടരും.
ഈ നിര്‍ണായക ഭേദഗതിയെ യുഡിഎഫും എതിര്‍ത്തില്ല. ഇനി യുഡിഎഫ് ഭരണം വരുന്നകാലത്ത് മുസ്ലിം ലീഗിനെ പിണക്കി ചട്ടം പഴയപടി ആക്കുകയുമില്ല. ആരു ഭരിച്ചാലും സര്‍ക്കാരിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ഉണ്ടാകും, പക്ഷേ അവരും ക്രിസ്ത്യന്‍ താല്പര്യത്തിന് നിന്നില്ല. ഇനി നിന്നിട്ട് കാര്യവുമില്ല.
അടുത്തിടെ ക്രിസ്തീയ സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സങ്കടം പറഞ്ഞെങ്കിലും എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് പ്രശ്നത്തില്‍ നടപടിയൊന്നുമെടുക്കാന്‍ തയാറായിട്ടില്ല. ഇത്തരം സാഹചര്യത്തിലാണ് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും ഇപ്പോള്‍ മിസോറാം ഗവര്‍ണറുമായ അഡ്വ. പി.എസ്. ശ്രീധരന് പിള്ള, കേരളത്തിലെ കത്തോലിക്കാ സഭാ വിശ്വാസികള്‍ ഏറ്റവും വിഷമം അനുഭവിക്കുന്നുവെന്ന് പ്രസ്താവന നടത്തിയത്. ലഭിച്ച വിവരങ്ങള്‍ പങ്കുവെക്കുക മാത്രമാണ് ഗവര്‍ണര്‍ ചെയ്തത്. പക്ഷേ, അത് വലിയ ചിന്തയ്ക്കും ചര്‍ച്ചയ്ക്കും സഭാ വിശ്വാസികള്‍ക്കും നേതൃത്വത്തിനും അവസരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: