കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കാനുളള സമയം ഇന്ന് (19.11.20) 3മണിക്ക് അവസാനിക്കാനിരിക്കെ ജില്ലയിലെ യുഡിഎഫിനകത്ത് ഭിന്നതയ്ക്ക് ശമനമില്ല. നിരവധിയിടങ്ങളില്‍ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സാധ്യത. അതേസമയം ഐക്യകണ്ഠേന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പലയിടങ്ങളിലും ഒന്നാംവട്ട പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. എല്‍ഡിഎഫ് ആകട്ടെ ഘടകകക്ഷികളുടെ സീറ്റ് സംബന്ധിച്ചും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും സിപിഎമ്മിന്റെ അപ്രമാദിത്വത്തെ കുറിച്ചും പരാതികളുയര്‍ന്നെങ്കിലും ഒട്ടുമിക്കയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന ഭരണകൂടത്തിനെതിരായ അഴിമതിയാരോപണങ്ങളും മറ്റും കാരണം പ്രവത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങാന്‍ അമാന്തിച്ച് നില്ക്കുന്നതിനാല് പ്രചാരണ രംഗത്ത് എല്‍ഡിഎഫ് ഇനിയും സജീവമായിട്ടില്ല.
കോര്പ്പറേഷന്, നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്തലങ്ങളില്‍ ജില്ലയുടെ പലഭാഗങ്ങളിലും ഇതുവരെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനോ ഘടക കക്ഷികളുമായുളള സീറ്റ് ധാരണയോ യുഡിഎഫില്‍ പൂര്‍ത്തിയായില്ല. പ്രഖ്യാപിക്കപ്പെട്ട പലയിടങ്ങളിലുമാകട്ടെ വിമത നേതാക്കള്‍ പത്രിക നല്കി പ്രചരണ രംഗത്തേക്കിറങ്ങി കഴിഞ്ഞു. സീറ്റു മോഹികളെ കൊണ്ട് പൊറുതിമുട്ടിയ നേതൃത്വം പലയിടങ്ങളിലും നിങ്ങള്ക്കിഷ്ടമുളളതു പോലെ ചെയ്യുവെന്ന് പറഞ്ഞ് പരാതിക്കാരെ പറഞ്ഞു വിടുകയാണ്.
പലയിടങ്ങളിലും നേതാക്കള്‍ ഇന്ന് ഉച്ചവരെ കാത്തു നിന്ന് സ്വന്തംനിലയില്‍ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.മൂന്നും നാലും തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടും പലരും പിന്മാറാന് തയ്യാറാവാത്ത സ്ഥിതിയാണ്. മാത്രമല്ല ബൂത്ത്, ബ്ലോക്ക്,ഡിവിഷന്‍തലങ്ങളില്‍ കോണ്‍ഗ്രസ്, ലീഗ് പ്രാദേശിക ഘടകങ്ങള്‍ നിര്‍ദ്ദേശിച്ച പലരും സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ പുറത്തായിരിക്കുകയാണ്. ഘടകങ്ങളുടെ അഭിപ്രായത്തെ മാനിക്കാത്ത നേതൃത്വത്തിനെതിരെ പ്രാദേശികമായി പലയിടങ്ങളിലും വിമത സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിയിട്ടുണ്ട്.
ഉന്നത നേതാക്കളുടെ ശുപാര്‍ശകളോടെ ബന്ധുക്കള്‍ക്കും മറ്റും സീറ്റ് സംഘടിപ്പിച്ചവരും നിരവധിയാണ്. സീറ്റ് വിഭജനത്തിലും സ്ഥാനാത്ഥി നിര്‍ണ്ണയത്തിലും പലയിടങ്ങളിലും മുസ്സീംലീഗിന്റെ അപ്രമാദിത്വമാണ് നടന്നത്. പല തദ്ദേശ സ്ഥാപനങ്ങളിലും കോണ്‍ഗ്രസ് സ്വന്തം അസ്ഥിത്വം ലീഗിന് അടിയറവുവെച്ചതായി കോണ്‍ഗ്രസിനകത്തു നിന്നുംതന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. മുന്നണിയിലെ പ്രബല കക്ഷികളായ കോണ്‍ഗ്രസും ലീഗും നേര്‍ക്ക്നേര്‍ ഏറ്റുമുട്ടുന്ന തദ്ദേശസ്ഥാപനങ്ങളും ഇത്തവണ ജില്ലയിലെ പലയിടങ്ങളിലും ഉണ്ട്. യുഡിഎഫിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ ദുരവസ്ഥ കാരണം പലയിടത്തും ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയും എല്‍ഡിഎഫും നേര്‍ക്ക് നേര് ഏറ്റുമുട്ടുന്ന സ്ഥിതിയാണ്.
കഴിഞ്ഞ തവണ ഗ്രൂപ്പ് പോരിന്റെ പേരില്‍ നഷ്ടപ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പോലും നേതാക്കളുടെ സീറ്റിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ രാത്രി വൈകിയും സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് അഞ്ച് ഡിവിഷനുകളില്‍ തീരുമാനമായില്ല. കോര്‍പ്പറേഷനകത്ത് പല വാര്‍ഡുകളിലും യുഡിഎഫിന് റബല്‍ സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ യുഡിഎഫ് വിമതനായ പി.കെ. രാഗേഷിനെ ചൊല്ലിയുളള വിഭാഗീയതയും കോണ്‍ഗ്രസിലും യുഡിഎഫിലും ഇതുവരെ അവസാനിച്ചിട്ടില്ല.
രാഗേഷിനെ പരാജയപ്പെടുത്താന്‍ ലീഗ് നേതൃത്വവും കോണ്‍ഗ്രസിലെ രാഗേഷ് വിരുദ്ധരും രഹസ്യ നീക്കങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ തവണ ആദ്യ നാലുവര്‍ഷം ഭരണം നഷ്ടപ്പെടാന്‍ കാരണക്കാരനായ രാഗേഷിനെ ഏത് വിധേനയും ഇക്കുറി പരാജയപ്പെടുത്താനാണ് ഒരു വിഭാഗത്തിന്റെ നീക്കമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ അതേ നാണയത്തിലെ കോണ്‍ഗ്രസിലേയും ലീഗിലേയും പ്രമുഖരെ പാലംവെലിച്ച് തോല്‍പ്പിക്കാന്‍ രാഗേഷ് പക്ഷത്തും നീക്കങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്.
കോണ്‍ഗ്രസ് പളളിക്കുന്ന് മണ്ഡലം കമ്മിറ്റി രാഗേഷിനെ അംഗീകരിക്കാത്തത് സീറ്റ് നിര്‍ണ്ണയം നീളാന്‍ ഇടയാക്കിയ കാരണങ്ങളിലൊന്നാണ്. ഇതിന്റെ തുടര്‍ച്ചയാണ് സീറ്റുകള്‍ സംബന്ധിച്ച് കോര്‍പ്പറേഷനില്‍ ഇപ്പോഴും തര്‍ക്കം നിലനില്ക്കാന് കാരണം. എന്തായാലും ഇന്ന് വൈകുന്നേരം 3മണിയോടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും സീറ്റുകള്‍ സംബന്ധിച്ചുമുളള ഏകദേശ ചിത്രം വ്യക്തമാകും പൂര്‍ണ്ണമായ ചിത്രം വ്യക്തമാകണമെങ്കില്‍ പത്രിക പിന്‍വലിക്കാനുളള സമയം അവസാനിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: