കൊല്ലം: മുസ്ലിംലീഗില്‍ പേയ്മെന്റ് സീറ്റ് വിവാദം. ലീഗിന് ലഭിച്ച സീറ്റ് കൊല്ലം ജില്ലാപ്രസിഡന്റ് കച്ചവടം ചെയ്തെന്നാണ് ചില ജില്ലാ ഭാരവാഹികളുടെ ആക്ഷേപം. ഇതിനെതെിരെ ജില്ലാസെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ലീഗ് ഓഫീസ് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. പ്രസിഡന്റ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ മറ്റൊരു വിമതസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു.
ലീഗിന് അനുവദിച്ച കല്ലുംതാഴം ഡിവിഷന് സീറ്റ് ജില്ലാപ്രസിഡന്റ് അന്‍സറുദീന്‍ വിറ്റെന്നാരോപിച്ചാണ് ജില്ലാസെക്രട്ടറിമാരായ ചാത്തിനാംകുളം സലീം, മുള്ളുകാട്ടില്‍ സാദിഖ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കുകയും പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തത്. പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാകമ്മിറ്റി ഓഫീസില്‍ വൈകിട്ട് വിളിച്ച ഭാരവാഹിയോഗത്തില്‍ പങ്കെടുക്കാതെ പ്രസിഡന്റ് മുങ്ങിയെന്നും ഇവര്‍ ആക്ഷേപിക്കുന്നു. പ്രസിഡന്റിന്റെ പിടിപ്പുകേട് മൂലം ജില്ലയിലെ പത്ത് പഞ്ചായത്തുകളില്‍ ലീഗിന് ലഭിച്ചിരുന്ന സീറ്റുകള്‍ നഷ്ടമായെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
കല്ലുംതാഴം ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് സതീഷ് കുമാറിനെയാണ് ലീഗിന്റെ സ്ഥാനാര്‍ഥിയായി ലീഗ് ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലര്‍ക്ക് ലീഗിന്റെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അവസരംനല്കിയതിനു പിന്നില്‍ അഴിമതിയാണെന്നാണ് വിമതരുടെ ആരോപണം.
കല്ലുംതാഴത്ത് ലീഗില്‍നിന്നുള്ള ഷിഹാബുദീനെ(സിയാപ്പ)യാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തിലും വെളിനല്ലുര്‍, ശൂരനാട് തെക്ക്, അഞ്ചല്‍, ഏരൂര്‍, ഇളമാട് പഞ്ചായത്തുകളിലും സീറ്റ് വിഭജനത്തില്‍ ലീഗ് ജില്ലാ പ്രസിഡന്റ് പൂര്‍ണമായും ഡിസിസി നേതതൃത്തിന്റെ താളത്തിന് തുള്ളിയെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു. ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാമിനും ഇതില്‍ പങ്കുണ്ടെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.
പ്രസിഡന്റ് എത്താത്തതിനെത്തുടര്‍ന്ന് വൈസ് പ്രസിഡന്റ് കബീറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ജില്ലാ ഭാരവാഹികള്‍ക്കൊപ്പം അമ്പതോളം ഭാരവാഹികളും പ്രതിഷേധവുമായി ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തിയിരുന്നു.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് പ്രാദേശികപിന്തുണ മുന്‍നിര്‍ത്തി: ലീഗ് ജില്ലാ പ്രസിഡന്റ്
കൊല്ലം: കല്ലുംതാഴത്ത് സതീഷ് കുമാറിനെ സ്വതന്ത്രസ്ഥാനാര്ഥിയാക്കിയത് പ്രാദേശികപിന്തുണ മാത്രം മുന്‍നിര്‍ത്തിയാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം. അന്‍സറുദ്ദീന്‍ ജന്മഭൂമിയോട് പറഞ്ഞു.
ഇദ്ദേഹം 2010 ല്‍ ഇടതുവലതു മുന്നണികളെ ഒറ്റയ്ക്ക് വെല്ലുവിളിച്ച് കോണ്‍ഗ്രസിന്റെ വിമതസ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചിട്ടുണ്ട്. മുമ്പ് മൂന്നു പ്രാവശ്യം മുസ്ലിംലീഗ് ഈ സീറ്റില്‍ മത്സരിച്ചപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. ഇക്കുറി ജയിക്കാന്‍ അടവുനയം പ്രയോഗിച്ചു. അതിന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗം ചേര്‍ന്ന് അനുമതി നല്‍കുകയായിരുന്നു.
ഇപ്പോള്‍ വിമതശബ്ദം ഉയര്‍ത്തുന്നവര്‍ മുമ്പ് അവിടെ മത്സരിച്ചപ്പോഴെല്ലാം പരാജയപ്പെട്ടതാണ്. ഇക്കുറി വിജയം മാത്രം ലക്ഷ്യമിട്ട് ലീഗ് ഇത്തരത്തിലൊരു അടവുനയം പ്രയോഗിക്കുകയാണെന്നും അന്‍സറുദ്ദീന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: