കൊല്ലം: വൈദ്യുതി ബില്ലില്‍ അധിക തുക ഈടാക്കി കെഎസ്ഇബി കൊയ്യുന്നത് കോടിക്കണക്കിന് രൂപ. ഒരു ഉപഭോക്താവില്‍ നിന്ന് പ്രതിമാസം ആറ് രൂപ നിരക്കിലാണ് മീറ്റര്‍ വാടകയിനത്തില്‍ വൈദ്യുതി വകുപ്പ് തുക ഈടാക്കുന്നത്. രണ്ട് മാസം കൂടുമ്പോള്‍ ലഭ്യമാകുന്ന ബില്ലില്‍ 12 രൂപയ്ക്ക് പകരം 14.28 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്.
ഇത് ഏത് ഇനത്തിലെന്ന് ബില്ലില്‍ വ്യക്തമല്ല. 90 ലക്ഷത്തിന് മുകളില്‍ ഉപഭോക്താക്കളുള്ള ബോര്‍ഡില്‍ പ്രതിമാസം ഈ ഇനത്തില്‍ മാത്രം രണ്ട് കോടിയിലധികം രൂപയാണ് പിരിച്ചെടുക്കുന്നത്. എന്നാല്‍, ഇവ ജിഎസ്ടിയുടെ പേരില്‍ പിരിക്കുകയാണെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും പണമടച്ച ബില്ലില്‍ ജിഎസ്ടിയെന്ന് രേഖപ്പെടുത്തിയിട്ടില്ല. ജിഎസ്ടി മാതൃകയിലുള്ള ബില്‍ നല്‍കാതെയാണ് കെഎസ്ഇബി ഇത്തരത്തില്‍ പണം സ്വരൂപിക്കുന്നത്. ഉപഭോക്താവില്‍ നിന്ന് ജിഎസ്ടി വാങ്ങുമ്പോള്‍ ബില്ലിന് കൃത്യമായ നിര്‍ദിഷ്ട മാതൃക സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍, വൈദ്യുതി ബോര്‍ഡ് നല്കുന്ന ബില്ലില്‍ ഇവ പ്രത്യേകമായി തരംതിരിച്ച് നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയം.
എനര്‍ജി മീറ്റര്‍ വാടകയായി സിംഗിള്‍ ഫേസ് മീറ്ററിന് ആറ് രൂപയും ത്രീ ഫേസ് മീറ്ററിന് 15 രൂപയുമാണ് വാടക. കെഎസ്ഇബി നല്കുന്ന മീറ്ററിന് 1200 മുതല്‍ 1800 രൂപ വരെയാണ് പൊതുവിപണിയില്‍ വില. വൈദ്യുതി സുരക്ഷാ ഉറപ്പാക്കുന്നതിലേക്ക് ബോര്‍ഡ് തന്നെയാണ് ഉപഭോക്താവിന് മീറ്റര്‍ നല്‍കുന്നത്. മീറ്റര്‍ വാടക ഇനത്തില്‍ 20 വര്‍ഷം വാടക അടയ്ക്കുമ്പോള്‍ മീറ്റര്‍ തുക തീരുമെങ്കിലും ഉപഭോക്താവ് ആജീവനാന്തം പണമൊടുക്കേണ്ട സ്ഥിതിയാണ് നിലവില്‍.
മീറ്റര്‍ വാടക അധികം ഈടാക്കുന്നതില്‍ പല ഓഫീസുകളിലും വ്യത്യസ്തമായ മറുപടിയാണ് ലഭിക്കുന്നത്. ഓണ്‍ലൈനില്‍ പണം അടയ്ക്കുമ്പോള്‍ ജിഎസ്ടി തരംതിരിച്ച് നല്‍കുന്നുണ്ടെങ്കിലും നേരിട്ട് പണം അടയ്ക്കുന്നവര്‍ക്ക് ഇത്തരത്തില്‍ ബില്ല് നല്‍കുന്നില്ല. ഓണ്‍ലൈന്‍ ബില്ലിങ് സംവിധാനത്തില്‍ നികുതി ഒഴിവാക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്. എന്നാല്‍ ബില്ലില്‍ ഇത്തരത്തില്‍ കൃത്രിമം നടത്താന്‍ സാധിക്കും. മീറ്റര്‍ റീഡര്‍ നല്കുന്ന ബില്ലില്‍ ജിഎസ്ടി നമ്പര്‍ ചേര്‍ത്തിട്ടുണ്ട്. യഥാര്‍ത്ഥ ബില്ലില്‍ അവ നല്‍കിയിട്ടില്ല. അധികം പണം ഈടാക്കുന്നത് സംബന്ധിച്ച് നിരവധി ആളുകള്‍ ഇത്തരത്തില്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: