ബോവിക്കാനം: നഷ്ടപ്പെട്ടെന്ന് കരുതിയ ജീവിതം വിത്തുപേനകളിലൂടെ മുളപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ബോവിക്കാനത്തെ രമേശന്. കൊവിഡ് കാരണം പേനകളുടെ വില്‍പ്പന നിലച്ചതോടെ പ്രതീക്ഷകള്‍ക്ക് മുകളില്‍ നിരാശയുടെ കരിനിഴല്‍ വീണിരിക്കുകയാണ്. നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്ക് കാരണം പത്ത് വര്‍ഷത്തിലേറെയായി കിടപ്പില്‍ കഴിയുകയാണ് രമേശന്. പരസഹായമില്ലാതെ എഴുന്നേല്ക്കാന് പോലും കഴിയാത്ത അവസ്ഥ. ജീവിതം അവസാനിച്ചുവെന്ന തോന്നലില്‍ കഴിയുമ്പോഴാണ് പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ അധികൃതരുടെ സഹായത്തോടെ വിത്തുപേന നിര്‍മ്മിക്കാന്‍ പരിശീലനം ലഭിച്ചത്.
ഏറെ കഷ്ടപ്പെട്ട് രമേശന് പേന നിര്‍മ്മാണം പഠിച്ചെടുത്തു. ഒരു ദിവസം 50 പേനകളെങ്കിലും നിര്‍മ്മിച്ചിരുന്നു. കടലാസ്, വിത്ത്, റിഫില്ലര് തുടങ്ങി ഒരു പേനയ്ക്ക് നാല് രൂപയോളം ചെലവുണ്ട്. എട്ട് രൂപയ്ക്കാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. രമേശന്റെ ദുരിതം അറിഞ്ഞ് ജില്ലയിലെ പല സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഓര്‍ഡര്‍ തേടിയെത്തി. കോളേജ്, സ്കൂളുകള്‍ തുടങ്ങി പല സ്ഥാപനങ്ങളില്‍ നിന്നും ആവശ്യക്കാര്‍ എത്തിയതോടെ നല്ല വരുമാനവും ലഭിച്ചുതുടങ്ങി. ഒരു ദിവസം 150 മുതല്‍ 200 രൂപ വരെ ലഭിച്ചുതുടങ്ങിയപ്പോഴാണ് കൊവിഡ് എത്തിയത്.
നിര്‍മ്മിച്ച നാലായിരത്തോളം പേനകള്‍ ഇപ്പോള്‍ വീട്ടില്‍ കെട്ടിക്കിടക്കുകയാണ്. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയാല്‍ രമേശന് പഴയ ജീവിതം തിരികെ കിട്ടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. രണ്ട് ലക്ഷം രൂപയാണ് ഇതിന് ചെലവ്. പേനകള്‍ വിറ്റുകിട്ടുന്ന പണം സ്വരൂപിച്ച് ശസ്ത്രക്രിയ നടത്താനായിരുന്നു രമേശന്റെ ആഗ്രഹം. എന്നാല്‍ കൊവിഡ് വില്ലനായപ്പോള്‍ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. രമേശനെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ 8943190593 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: