മൂന്നാര്‍: 14 കുരുന്നുകളുടെ ജീവന് കവര്‍ന്ന മൂന്നാര്‍ തൂക്കുപാലം ദുരന്തത്തിന്റെ ഓര്‍മ്മദിനം ഇന്ന്. പൂമ്പാറ്റകളെ പോലെ പാറി നടന്ന ആ കുഞ്ഞുങ്ങളെ മുതിരപ്പുഴയാര്‍ ആവാഹിച്ചിട്ട് 36 വര്‍ഷം.
എല്ലാവരും തോട്ടം തൊഴിലാളികളുടെ മക്കള്‍. മൂന്നാര്‍ ഹൈറേഞ്ച് ക്ലബ് മൈതാനിയിലിറങ്ങിയ നേവിയുടെ ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ ക്ലാസ് മുറികളില്‍ നിന്നും ഓടിയെത്തിയ 14 കുഞ്ഞുങ്ങളാണ് തൂക്കുപാലം തകര്‍ന്ന് 1984 നവംബര്‍ ഏഴിന് മുതിരപ്പുഴയാറില്‍ മുങ്ങി മരിച്ചത്. രാവിലെ 10.15 ഓടെയായിരുന്നു ആ ദുരന്ത
അന്ന് തകര്‍ന്ന തുക്കുപാലം പുതുക്കി പണിതുവെങ്കിലും 2018ലെ പ്രളയം ആ പാലത്തെ അപ്പാടെ തൂത്തെടുത്തു. തകര്‍ന്ന തൂക്കുപാലത്തിന് സമീപം നിര്‍മ്മിച്ച സ്മാരകത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുന്നവര്‍ നിക്ഷേപിക്കുന്ന വളപ്പൊട്ടുകളും റിബണുകളും മുകമായി ആ ദുരന്തം കണ്ടിരിക്കണം.
മൂന്നാര്‍ സര്‍ക്കാര്‍ ഹൈസ്കുള് വിദ്യാര്‍ത്ഥികളായിരുന്ന എ. രാജലഷ്മി, എസ്. ജയലഷ്മി, എം. വിജയ, എന്‍. മാരിയമ്മാള്‍, ആര്. തങ്കമല, പി. സരസ്വതി, കല്യാണകുമാര്‍, സുന്ദരി, പി. റാബിയ, ടി. ജെന്‍സി, ടി. ശിബു, പി. മുത്തുമാരി, എസ്. കലയമ്മാള്‍,സി. രാജേന്ദ്രന് എന്നിവരെയാണ് മരിച്ചത്്.
1984 നവംബര്‍ ഏഴിന് ഈ കുട്ടികളും പതിവ് പോലെ അവരവരുടെ വീടുകളില്‍ നിന്നും സ്കൂളിലേക്ക് പുറപ്പെട്ടതാണ്. എന്നാല്‍ അധ്യാപകരുടെ കുറവും ചില അധ്യാപകര്‍ അവധിയില്‍ പോയതും മൂലം മൂന്നാര്‍ ഹൈസ്കൂളിലെ ആറ് ക്ലാസുകളില്‍ ആദ്യ പിരിയഡിന് ആരുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഹെലികോപ്ടര്‍ വട്ടമിട്ട് പറന്നത്.
ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ കുട്ടികള്‍ ക്ലാസ് മുറികള്‍ വിട്ട് അടുത്തുള്ള ഹൈറേഞ്ച് ക്ലബ്ലിലേക്ക് ഓടി. കുട്ടികള്‍ ഒന്നിച്ച് വരുന്നത് കണ്ട് ക്ലബ്ബിലേക്കുള്ള ചെറിയ വഴി അടച്ചു. ഇതറിയാതെ പിന്നില്‍ നിന്നും കുട്ടികള്‍ വന്നുകൊണ്ടിരുന്നു. ഭാരം താങ്ങാനാകാതെ പാലം പൊട്ടി വീണു. 24 കുട്ടികളെ കരക്കെത്തിച്ചുവെങ്കിലും 12 പേര് ആശുപത്രിയില്‍ മരിച്ചു. രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ കണ്ടു കിട്ടി.
1942ല്‍ ബ്രിട്ടിഷുകാര്‍ നിര്‍മ്മിച്ചതും ടാറ്റാ ടി കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ളതുമായിരുന്നു പാലം. പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഹെഡ്വര്ക്സ് ഡാമിന്റെ ഭാഗമായതിനാല്‍ ഈ ഭാഗത്ത് ആഴവും തണുപ്പും കൂടുതലായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയവരും ബുദ്ധിമുട്ടി.
ഹൈറേഞ്ച് ക്ലബ്ബിലേക്കുള്ള ചെറിയ ഗേറ്റ് അടച്ചത് മൂലമാണ് കുട്ടികള്‍ പാലത്തില്‍ കുടുങ്ങാനും തൂക്ക്പാലം തകരാനും കാരണമെന്നത് ദുരന്തം സംബന്ധിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച എം.പ്രഹ്ലാദന് കമ്മീഷനും ശരിവെച്ചിരുന്നു. ഭാരം താങ്ങാനാകാതെയാണ് പാലം തകര്‍ന്നതെന്ന് ടാറ്റാ ടീ കമ്പനി നല്കിയ സത്യവാങ്മൂലത്തിലും പറഞ്ഞിരുന്നു. ഒരേ സമയം കൂടുതല്‍ പേര് പാലത്തില്‍ കയറുന്നത് തടയാന്‍ കഴിയാത്തത് വീഴ്ചയാണെന്നും കമ്പനി അവിടെ കാവല്ക്കാരെ നിയോഗിക്കേണ്ടതായിരുന്നുവെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം തേടി രക്ഷിതാക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ശുപാര്‍ശ ചെയ്തു. ജീവിച്ച് തുടങ്ങും മുമ്പേ മരണത്തെ വരിച്ച ആ കുഞ്ഞുങ്ങള്‍ ഇന്നും മൂന്നാറിന്റെ നൊമ്പരമാണ്. 1917ലും ഹൈറേഞ്ച് ക്ലബ്ബിന് സമീപം തൂക്ക്പാലം തകര്‍ന്നിരുന്നു. അന്ന് ഒരു സ്ത്രീ മരിക്കുകയും നിരവധി തോട്ടം തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: