ഉദ്യാന കൃഷിയില്‍ ഒരു ജാപ്പനീസ് മോഡലുണ്ട്. ബോണ്‍സായ്. വലുതിനെ ചെറുതാക്കി മാറ്റുന്ന ഈ ഉദ്യാന തന്ത്രം ആറടി പൊക്കമുള്ള ഒരു ചെടിയെ ആറിഞ്ചു വലിപ്പമുള്ളതാക്കി കുറയ്ക്കും. അതൊരു പ്രത്യേക കാര്‍ഷിക രീതിയാണ്. ജപ്പാന്‍കാര്‍ വികസിപ്പിച്ചെടുത്ത തനത് ശൈലി. കുഞ്ഞുണ്ണി മാഷ് പറയുംപോലെ പൊക്കമില്ലാത്തതാണെന്റെ പൊക്കം എന്നതിന്റെ ഒരു ജാപ്പനീസ് ഭാഷ്യം.
കേരളം ഈ മാതൃക സ്വീകരിച്ചോ, ഒരു വികസന മോഡലായി? വികസനം ചുരുങ്ങിച്ചുരുങ്ങി ബോണ്‍സായ് മട്ടിലായി വികസനം മുരടിച്ചുവെന്നാണോ. മുരടിപ്പു കാണുന്നവരെ മൂരാച്ചികളെന്നു മുദ്രകുത്തി തല്ക്കാലം തടിയൂരാം. അമര്‍ത്യാസെന്‍ പറഞ്ഞെന്നു പറയുന്ന കേരള മോഡല്‍ സിന്ദാബാദ്. അതിനും കുഞ്ഞുണ്ണി മാഷിന്റെ ഒരടിക്കുറിപ്പുണ്ട്. ”അരി തഞ്ചാവൂരില്‍നിന്നും പച്ചക്കറി പൊള്ളാച്ചിയില്‍ നിന്നും പാല് പോത്തന്നൂരില്‍ നിന്നും പൈസ ‘ഫോറിനില്’നിന്നും വാങ്ങി കന്നും കൃഷിയും ഇല്ലാതാക്കിയെന്നതാണത്.
നമുക്ക് പിഴച്ചോ? എങ്കില്‍ എവിടെയാണ് പിഴവ്. ജനങ്ങളാണോ പ്രശ്നക്കാര്‍. രാഷ്ട്രീയമാണോ പ്രശ്നം. മുത്തച്ഛന് തന്നെ പറയാറില്ലേ, ആശാരിയുടെ ചെത്തിലും തടിയുടെ വളവിലും പ്രശ്നമുണ്ട്. കാരണം പരശുരാമക്ഷേത്രമാണ്. അജയ്യന്‍, അനന്തന്, അദ്വിതീയനായ പരശുരാമന്. മഴുവെറിഞ്ഞ് കടലിനെ വരുതിക്കാക്കാന്‍ പോന്ന കേമന്‍. പക്ഷേ ഒരു പ്രശ്നം. മലയാളിയുടെ സ്വത്വം അറിയാതെ ഉള്ളിലാക്കി. അതൊരു കഥയാണ്. ശ്രീരാമചന്ദ്രന്, സീതാസ്വയംവരത്തിനുശേഷം പത്നീ സമേതനായി വരുമ്പോള്‍ പരശുരാമന് തടഞ്ഞു. വെല്ലുവിളിച്ചു. യുദ്ധമായി. ”കാലനും കാലകാലനും താനുമുള്ള പോര്.”- ഘോരയുദ്ധത്തിനുശേഷം പരശുരാമന് പരാജയപ്പെടുന്നു. സര്വ്വശക്തന് മഹാധനുര്‍ദ്ധരനുമായ താനെന്തുകൊണ്ടു പരാജയപ്പെട്ടു എന്ന് പരശുരാമന് ശങ്ക.
ശ്രീരാമന് കാരണം വെളിവാക്കി. അഹങ്കാരം. ഇനി ഒരു നിമിഷം കണ്ണടച്ച് ഉള്ളിലേക്കു നോക്കി ഓരോ മലയാളിയും സ്വയം ചോദിക്കുക. എന്റെ പ്രശ്നം എന്താണ്. കൊച്ചുകേരളത്തിലെ കൊച്ചുമനുഷ്യര്‍ക്ക് വലിയ അഹങ്കാരം. അഹങ്കാരത്തെ ചാണയിലുരച്ച് ചാണക്യന് പറയുന്നു. മലയാളിയായ വിഷ്ണുഗുപ്തന് എന്ന ചാണക്യന്. ”വിദ്യകൊണ്ട് വിനയം നേടുക. വിനയമുണ്ടായാല്‍ ഈ ലോകം മുഴുവന്‍ നമ്മുടെ കീഴിലാണ്.”- ഈ വിനയം രാഷ്ട്രീയത്തിലേക്കു പകര്‍ത്തിയാല്‍ നമുക്കു മനസ്സിലാകും. നമുക്കു വേണ്ടത് വിദ്വേഷ രാഷ്ട്രീയമല്ല, വികസന രാഷ്ട്രീയമാണ്. എങ്കില്‍ പ്രകടന പത്രികയ്ക്കൊപ്പം ഒരു പ്രവര്ത്തനപത്രികയും വേണ്ടേ. ഒന്നാമത്തെതില് രാഷ്ട്രീയം നിറച്ചോളൂ. രണ്ടാമത്തേതില്‍ വികസനം നിറയ്ക്കണം. ആരു ഭരിച്ചാലും വികസന പദ്ധതികള്‍ നടപ്പാക്കണം. അടിപിടി അഭ്യാസമെല്ലാം ഇതിന്റെ പേരിലായിരിക്കണം. ഇത് നടപ്പിലാക്കിയോ എന്നതിന്റെ പേരിലായിരിക്കണം.
ആരു വന്നാലും പോയാലും കേരളം മുന്നോട്ടുതന്നെ പോകണം. ഇത് വലിയ ആന-കുതിര കാര്യമൊന്നുമല്ല. തൊട്ടടുത്ത തമിഴ്നാട്ടിലേക്ക് നോക്കൂ. ആരു ഭരിച്ചാലും തമിഴ്നാടിന്റെ വികസനമാണ് ലക്ഷ്യം. കേന്ദ്രത്തോട് വിലപേശി വാങ്ങും. കിട്ടാവുന്നതൊക്കെ നിന്ന് വാങ്ങും. നാട്ടില്‍ കൃഷി സമൃദ്ധി, റോഡു വികസനം, എല്ലാവര്ക്കും ഭക്ഷണം അതിലാണ് മത്സരം. ഇതിനിടയില്‍ കീശ വികസിപ്പിക്കുന്നു. അത് രാഷ്ട്രീയക്കാരന്റെ മൗലികാവകാശം.
അതവിടെ നില്ക്കട്ടെ. കേരളം കൃഷിയുടെ നാടാണ്. മലനാട്, ഇടനാട്, തീരപ്രദേശം. തനതു കൃഷിയുടെ വിളഭൂമി തന്നെ. പരശുരാമന് ലക്ഷ്യമിട്ടതും അതുതന്നെയാണ്. കൃഷികൊണ്ട് വളരുക. എങ്ങനെ കൃഷി ചെയ്യണം, എന്തു കൃഷി ചെയ്യണം, എപ്പോള്‍ കൃഷി ചെയ്യണം എന്നൊക്കെ പഠിപ്പിക്കുന്ന കൃഷിഗീതയും പരശുരാമന് നമുക്കു സമ്മാനിച്ചു. ചിലയിടങ്ങളില്‍ ഫലപുഷ്ടി കുറഞ്ഞപ്പോള്‍ ഭാര്‍ഗവ രാമന് തന്നെ, രാശി എന്ന സ്വര്‍ണനാണയം പുഷ്പക വിമാനത്തില്‍ എത്തിച്ചു. മലയാള മണ്ണില്‍ വിതറി. രാശി എന്നാല്‍ ഇപ്പോഴും ഐശ്വര്യത്തിന്റെ പ്രതീകമാണ്. രാശിയുള്ള മണ്ണ്. രാശിയുള്ള പെണ്ണ് എന്ന് കേട്ടിട്ടില്ലേ. എന്നിട്ടും നാം കൊടിയുയര്‍ത്തി, കൃഷി തളര്‍ത്തി. കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ തരിശഭൂമിയായി. വേമ്പനാട്ടു കായലിന് തീപിടിച്ചു. വിപ്ലവജ്വാല. പക്ഷേ ആ ജ്വാലയില്‍ എരിഞ്ഞൊടുങ്ങിയത് കൃഷിയും കര്‍ഷകനുമാണ്.
കുട്ടനാടിന്റെ കഥാകാരന് വിലപിച്ചു. ഇത് ശരിയല്ല. ഇതിനൊരു മാറ്റം വേണം. എങ്ങനെ മാറണം, എനിക്കറിയില്ല. തകഴി ശിവശങ്കര പിള്ളയുടെ നൈരാശ്യം കര്‍ഷകന്റെ നൈരാശ്യമാണ്. എന്താണൊരു വഴി. കൃഷിയിലേക്കു തിരിച്ചുപോകുക. പ്രകൃതി അതിനുള്ള കളം ഒരുക്കിയതാണ്. കഴിഞ്ഞ മഹാപ്രളയത്തില്‍ നമ്മുടെ മലിനജല സ്രോതസ്സുകളൊക്കെ പ്രകൃതി തന്നെ കഴുകി വൃത്തിയാക്കി. ഒരു മഹാനിധി നമ്മുടെ മണ്ണില്‍ നിേക്ഷപിച്ചു. രാശിക്കു മേല്‍ രാശിയായ എക്കല്‍. മക്കളേ കൃഷിയിലേക്കു മടങ്ങൂ.
ജൈവകൃഷിയിലേക്ക്. ലോകത്തിന്റെ അന്നദാതാക്കളായി മാറൂ എന്നതായിരുന്നു പ്രകൃതി മാതാവിന്റെ സന്ദേശം. മറക്കേണ്ട. ഈജിപ്റ്റിലെ ജനങ്ങള്‍ രണ്ടു കൈയും നീട്ടിയാണ് നൈല്‍ നദിയിലെ വെള്ളപ്പൊക്കത്തിനായ് കാത്തിരിക്കുന്നത്. മഴകാക്കുന്ന വേഴാമ്പലിനെപ്പോലെ. എന്തിനെന്നോ! വെള്ളപ്പൊക്കത്തിനുശേഷം നൈല്‍ പിന്മാറുമ്പോള് കൃഷിയിടങ്ങള്‍ നിറയെ എക്കല്‍. കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്. ഈജിപ്റ്റുകാര്‍ ഇത് എന്നേ മനസ്സിലാക്കി.
പാഠങ്ങള്‍ വല്ലതും പഠിക്കാനുണ്ടോ? അതോ സര്‍വ്വജ്ഞപീഠം കയറിയ മലയാളി ഒന്നും പഠിക്കേണ്ടെന്നാണോ. കൃഷിയിലേക്കു മടങ്ങുക. ലോകത്തിന്റെ കാര്‍ഷിക ഹബ്ബായി മാറുക. ജൈവകൃഷിയില്‍ ഒരു കേരള ബ്രാന്റ് ഉണ്ടാക്കുക. മറുനാട്ടില്‍ പണിയെടുത്ത് അവരുടെ പണം കൊണ്ട് ഇത്രയും നാള് തിന്നതല്ലേ. ഇനി അവരെ തീറ്റി, പണം ഇവിടെയുണ്ടാക്കുക. ഇതില്‍ അതിശയോക്തിയില്ല. കേരളത്തെപ്പോലെയുള്ള ഒരു നാടാണ് ഹോളണ്ട് അഥവാ നെതര്‍ലാന്റ്സ്. നമ്മുടെ കുട്ടനാടിനെപ്പോലെ സമുദ്രനിരപ്പിനടിയിലാണ് കൃഷിഭൂമി. കൃഷിക്ക് അനുയോജ്യമായ സ്ഥലമാണെന്ന് പറയാന്‍ വയ്യ. എന്നാലവര്‍ ആ നാടിന്റെ അഭിമാനമാണ്. അവര്‍ അംഗീകരിക്കപ്പെടുന്നു, ആദരിക്കപ്പെടുന്നു, ്രേപാത്സാഹിപ്പിക്കപ്പെടുന്നു. നാട്ടുകാര്‍ കൊടി വീശുന്നത് അവര്‍ക്കുവേണ്ടിയാണ്. അവര്‍ക്കെതിരെയല്ല. കേരളം ഒരു കാര്യം മറക്കരുത്.
രണ്ടായിരത്തി അമ്പതാമാണ്ടോടെ ലോകത്ത് ആവശ്യമായിവരുന്ന ഭക്ഷണത്തിന്റെ തോത് എത്രയാണെന്നോ? കഴിഞ്ഞ എണ്ണായിരം വര്‍ഷങ്ങളായി ഭൂമിയിലെ സകലമാന കര്‍ഷകരും ചേര്‍ന്ന് ഉല്‍പ്പാദിപ്പിച്ച ഭക്ഷ്യവസ്തുക്കളുടെ ഇരട്ടി. അപ്പോള്‍ കേരളത്തിന് ഒരു സുവര്‍ണാവസരമല്ലേ മുന്നില്‍ കിടക്കുന്നത്. ബൈബിളില്‍ പറയും പോലെ മുട്ടുവിന്‍ തുറക്കപ്പെടും. ഇത്തിരിമണ്ണില്‍ ഒത്തിരി വിളവ് എന്നതാണല്ലോ നമ്മുടെ മുദ്രാവാക്യം. എന്തിനുമേതിനും നമുക്കൊരു മുദ്രാവാക്യം വേണമല്ലോ. കൃഷിയുടെ മുദ്രപതിഞ്ഞ വാക്യങ്ങളാകട്ടെ ഇനിമേല്‍ നമ്മുടെ മുദ്രാവാക്യം.
കര്ഷകന് അവരുടെ ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം നല്ല വിലയ്ക്ക് എവിടേയും വില്ക്കാന് കഴിയണം. ഈയിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ ഇതിനു വഴിതെളിക്കുന്നു. കേരളം ഈ അവസരം ഉപയോഗപ്പെടുത്തണം. നാട്ടിലുടനീളം കര്‍ഷക സംഭരണ കേ്രന്ദങ്ങളും കോള്‍ഡ് സ്റ്റോറേജുകളും ഉണ്ടാകണം. കാര്‍ഷിക വിളകള്‍ കേടുകൂടാതെ ഇന്ത്യ മുഴുവന്‍ വിപണനം ചെയ്യാനായി ശീതീകരിച്ച തീവണ്ടികള്‍ ഏര്‍പ്പാടാക്കണം. നാട്ടില്‍ റഫ്രിജറേറ്റഡ് ട്രക്കുകളും ബോട്ടുകളും ഉണ്ടാവണം. വിമാനത്താവളങ്ങളില്‍ ശീതീകരണ സംവിധാനം ഒരുക്കണം, നമ്മുടെ കാര്‍ഷിക വിളകള്‍ വിദേശത്തേക്ക് കയറ്റിയയക്കാന്‍.
നവതലമുറയെ കൃഷിയിലേക്ക് കൊണ്ടുവരണം. കിളയ്ക്കാനും ഉഴുതുവാനുമല്ല. അഗ്രിപ്രണേഴ്സ് ആയിട്ട്. കാര്‍ഷിക മേഖലയിലെ സംരംഭകര്‍. കൃഷി എന്നുവച്ചാല്‍ വിതയ്ക്കലും കൊയ്യലും മാത്രമല്ല. കൊയ്ത്തിനുശേഷം പല കാര്യങ്ങളും ചെയ്യാനുണ്ട്. പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ്. ശേഖരണം, സംഭരണം, തരംതിരിക്കല്‍, ഗതാഗതം, വിപണനം, വിതരണം, കയറ്റുമതി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍. ഇതിനേക്കാളൊക്കെ സാധ്യതകളുള്ള ഒരു മേഖലയുണ്ട്. ഭക്ഷ്യസംസ്ക്കരണം. സാന്ദര്‍ഭികമായി ഓര്‍മ്മിക്കുന്നു. ലേഖകന്‍ കേന്ദ്ര കൃഷിവകുപ്പില്‍ പുഷ്പ-ഫല-പച്ചക്കറി മിഷന്റെ തലപ്പത്തുണ്ടായിരുന്നു. അന്നു മനസ്സിലാക്കിയതാണ്. കര്‍ഷകര്‍ ഉല്‍പ്പാദനം കൂട്ടി. എം.എസ്. സ്വാമിനാഥന് നിര്‍ദ്ദേശിച്ച ലക്ഷ്യം കവിഞ്ഞു. പക്ഷേ ഭക്ഷ്യസംസ്കരണ സംവിധാനം തികച്ചും അപര്യാപ്തം.
ഒരുവര്‍ഷം അമ്പതിനായിരം കോടി രൂപയുടെ പഴവും പച്ചക്കറിയുമാണ് പാഴായിപ്പോയത്. ഭക്ഷ്യസംസ്കരണത്തിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. നമ്മുടെ യുവാക്കള്‍ക്ക് അഗ്രി്രപണേഴ്സ് ആയി വളരാനുള്ള സാധ്യത ഏറെ. ഭക്ഷ്യസംസ്കരണ പാര്‍ക്കുകള്‍ നാട്ടിലങ്ങോളമിങ്ങോളം സ്ഥാപിക്കാന്‍ നമുക്കു കഴിയണം. കയറ്റുമതിയില്‍ ഏറ്റവും പ്രധാനം ഗുണനിലവാരം, സമയകൃത്യം, വിതരണ തുടര്‍ച്ച എന്നിവയാണല്ലോ. അതില്‍ ശ്രദ്ധിക്കാന്‍ നമുക്ക് കഴിയണം. അരപ്പണി ആപത്താണെന്നു തിരിച്ചറിയണം.
കൃഷി എന്തുകൊണ്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൂടാ. ഇന്റര്‍നെറ്റില്‍നിന്ന് കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്ത് പ്രോജക്ട് തയ്യാറാക്കുന്നതിനു പകരം കൃഷിതന്നെ ഒരു പ്രോജക്ട് ആക്കിക്കൂടെ? കുട്ടികള്‍ കൃഷി ചെയ്തു പഠിക്കട്ടേ. കൃഷിയില്‍ അഭിമാനം കൊള്ളട്ടെ. വീട്ടിലോ സ്കൂളിലോ നാട്ടില്‍ എവിടെങ്കിലുമോ ഒരു തുണ്ടു ഭൂമിയില്‍ കുട്ടികള്‍ കൃഷിയിറക്കട്ടെ. അതിനവര്‍ക്ക് മാര്‍ക്ക് നല്‍കണം. കുട്ടികൃഷി പിള്ളേര് കളിയല്ലെന്ന് തിരിച്ചറിയാം. വിത്തുഗുണം പത്തുഗുണം എന്നാണല്ലോ.
സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുമ്പോള്‍ കൃഷിക്കൊപ്പം വ്യവസായ മേഖലയും സേവന മേഖലയും പുഷ്ടിപ്പെടുത്തേണ്ടതുണ്ട്. നോക്കുകൂലിയും മിന്നല്‍ പണിമുടക്കും ഭീഷണിയും തടഞ്ഞുവയ്പ്പും ഒഴിവാക്കിയുള്ള ഒരു തൊഴില്‍ സംസ്കാരം കേരളത്തില്‍ ഉണ്ടാകണം. ഇതിന്റെ പേരില്‍ തൊഴിലാളികളുടെ അവകാശം നിഷേധിക്കപ്പെടുകയും അരുത്. പ്രവാസികള്‍ മടങ്ങി വരുമ്പോള്‍ അന്തര്‍ദ്ദേശിയ തലത്തില്‍ പ്രവര്‍ത്തിച്ച വലിയ അനുഭവസമ്പത്തുമായാണ് എത്തുക. കോവിഡാനന്തര ചൈനയില്‍ നിന്ന് പറിച്ചു നടപ്പെടുന്ന അന്തര്‍ദ്ദേശീയ വ്യവസായ സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാന്‍ സഹായിക്കുന്ന ഒരു വലിയ ഘടകമാണിത്.
ആവശ്യമായ തോതില്‍ മേക്കിംഗ് കേരള പാര്‍ക്കുകളും വ്യാവസായിക ഇടനാഴികളും തീരത്ത് മുന്നേറാന്‍ നമുക്ക് കഴിയണം. സാമൂഹിക പ്രതിബന്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടായിരിക്കണം. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും അന്തര്‍ദ്ദേശീയ ഹബ്ബായി വളരാനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ട്. കണ്ണുണ്ടായാല്‍ പോര കാണണമെന്നു മാത്രം. ലെനിന് പറഞ്ഞു, ”രാജ്യത്തിന്റെ വികസനത്തിന് ആവശ്യം വിദ്യാഭ്യാസവും വിദ്യുത്ച്ഛക്തിയു”മാണെന്ന്. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ കൃഷിയും വിദ്യാഭ്യാസവും എന്ന് മാറ്റി പറഞ്ഞാല്‍ തെറ്റില്ല. നെല്‍സണ്‍ മണ്ടേല പറഞ്ഞു, ലോകത്ത് മാറ്റം വരുത്താനുള്ള ഏറ്റവും ശക്തമായ ഉപകരണം വിദ്യാഭ്യാസമാണെന്ന്. അതുകൊണ്ടാണല്ലോ, ഭാരതം കാര്‍ഷിക നയങ്ങള്‍ക്കൊപ്പം സമഗ്രമായ വിദ്യാഭ്യാസ നയവും പ്രഖ്യാപിച്ചത്.
സീതാദേവി മണ്ണില്‍ നിന്ന് വന്നു മണ്ണിലേക്ക് തിരികെ പോയി. മണ്ണിനെ വിണ്ണാക്കാന്‍ കൃഷി ഗീതയും രാശിയും തന്ന പരശുരാമന് നമ്മോട് പറയുന്നതും ഇതു തന്നെയാണ്. മണ്ണിലേക്ക് മടങ്ങൂ. എങ്കില്‍ നിങ്ങള്‍ പറയാതെ ലോകം നിങ്ങളെ നോക്കി പറയും ഇതാ ദൈവത്തിന്റെ സ്വന്തം നാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: